Connect with us

Articles

അധികാരം മറച്ചുപിടിക്കുന്ന ക്രൂരതയുടെ ഓര്‍മ

എന്തിനായിരുന്നു നെല്ലി കൂട്ടക്കൊല? കുടിയേറ്റ വിരുദ്ധതയായിരുന്നു അതിന്റെ ഉള്ളടക്കമെന്ന് ഒറ്റശ്വാസത്തില്‍ പറയാവുന്നതാണ്. പക്ഷേ അത് മാത്രമായിരുന്നോ? നിശ്ചയമായും അല്ല. കൂട്ടക്കൊലയില്‍ ആയുധമേന്തിയവരുടെ കൂട്ടത്തില്‍ നമ്മള്‍ പ്രത്യക്ഷത്തില്‍ ആര്‍ എസ് എസിനെ കാണുന്നില്ല. പക്ഷേ ഈ കളിയില്‍ അവരുണ്ട്. കൂട്ടക്കൊലയുടെ സീനില്‍ നമ്മള്‍ കോണ്‍ഗ്രസ്സിനെയും കാണുന്നില്ല. പക്ഷേ ഈ കളിയില്‍ അവരുമുണ്ട്, അവരുടെ കേന്ദ്രാധികാരമുണ്ട്, ഇന്ദിരാ ഗാന്ധിയുണ്ട്.

Published

|

Last Updated

‘ഒരു തുണിച്ചീള് കൊണ്ട് മാറിടം മറച്ച ഒരു സ്ത്രീ നിര്‍ത്താതെ അലമുറയിടുന്നു. അവളുടെ സ്തനങ്ങളില്‍ ആഴത്തില്‍ മുറിവുകളുണ്ട്. ആറ് മാസം ഗര്‍ഭിണിയായിരുന്ന അവളുടെ ഗുഹ്യസ്ഥാനത്തേക്ക് അക്രമികള്‍ കുന്തം കുത്തിക്കയറ്റുകയായിരുന്നു. അവള്‍ക്ക് കൂടുതല്‍ പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ സ്ഥലം വിട്ടു. രണ്ട് വര്‍ഷം പ്രായമായ തന്റെ ആദ്യത്തെ കുഞ്ഞിനെ അക്രമികള്‍ പല കഷണങ്ങളായി മുറിച്ചതിലായിരുന്നു അവരുടെ ദുഃഖം.’

മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത രേഖപ്പെടുത്തിയ ദൃശ്യമാണ്. നാല് പതിറ്റാണ്ട് മുമ്പത്തെ കഥയാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അതിഭീകരമായ കൂട്ടക്കൊലയുടെ കഥയാണ്. ആ കഥയിപ്പോള്‍ രാജ്യം മറന്നിരിക്കുന്നു. ആ കൂട്ടക്കൊലയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷത്തെ ആയുസ്സ് പോലുമുണ്ടായിരുന്നില്ല. അപ്പോഴേക്കും ഭരണകൂട ദൃഷ്ടിയില്‍ അത് അടഞ്ഞ അധ്യായമായി കഴിഞ്ഞിരുന്നു. അടച്ചുവെച്ച അധ്യായങ്ങള്‍ തുറന്നുനോക്കേണ്ട കാലമാണിത്. ഒരു ഓര്‍മയും അങ്ങനെ അടച്ചുവെക്കപ്പെടേണ്ടതല്ല. മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമാണല്ലോ രാഷ്ട്രീയം. അതുകൊണ്ട് നമുക്ക് നെല്ലി കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കാം. ആ കൂട്ടക്കൊലയെ നിസ്സംഗമായി കൈകാര്യം ചെയ്ത ഭരണകൂടങ്ങളെ കുറിച്ച് സംസാരിക്കാം.

1983 ഫെബ്രുവരി 18 വെള്ളിയാഴ്ച. അസമിലെ നെല്ലി ഗ്രാമത്തിലേക്ക് സായുധരായ ആള്‍ക്കൂട്ടം ഇരച്ചെത്തുകയാണ്. അതൊരു ബംഗാളി മുസ്ലിം ഗ്രാമമായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ഗ്രാമവാസികള്‍ക്ക് ഒന്ന് നടുങ്ങാന്‍ പോലും സമയം കിട്ടിയില്ല. അപ്പോഴേക്കും അക്രമികള്‍ ഗ്രാമം വളഞ്ഞിരുന്നു. അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടി നുറുക്കി. ചിലരെ അമ്പെയ്തു കൊന്നു. വേറെ ചിലരുടെ കഴുത്തറുത്തു. ചിലരെ വെടിവെച്ചു കൊന്നു. പുറത്തേക്ക് ഓടാന്‍ പോലും വയ്യാതെ വീടുകളില്‍ ശേഷിച്ച മനുഷ്യരെ ചുട്ടുകൊന്നു. ആയുധം കൈയിലില്ലാത്ത അക്രമികളും വെറുതെയിരുന്നില്ല. അവര്‍ ആളുകളെ പിടികൂടി കാലുകള്‍ ഇരുവശങ്ങളിലേക്ക് വലിച്ചു കുറുകെ കീറി. ശേഖര്‍ ഗുപ്ത അടയാളപ്പെടുത്തിയ ആ സ്ത്രീയുടെ കുഞ്ഞിനെ അങ്ങനെയാണവര്‍ കൊന്നുകളഞ്ഞത്. ആറ് മണിക്കൂര്‍ നീണ്ട വംശഹത്യ. ചാമ്പലാക്കിയത് 14 ഗ്രാമങ്ങള്‍. കൊല്ലപ്പെട്ടത് 2,191 പേരെന്നാണ് ഔദ്യോഗിക ഭാഷ്യം. കലാപകാലങ്ങളിലാണ് സര്‍ക്കാറുകള്‍ കൂടുതല്‍ കള്ളങ്ങള്‍ പറയാറുള്ളത്. അതുകൊണ്ട്, ഒരു കലാപത്തിന്റെയും കൃത്യതയുള്ള നഷ്ടക്കണക്കുകള്‍, ആളപായങ്ങള്‍ പുറത്തുവരില്ല. നെല്ലിയില്‍ ആ പകലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരത്തിനു മുകളിലാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കൊല്ലപ്പെട്ടതത്രയും നിസ്വരായ മനുഷ്യര്‍. പച്ചപ്പാവങ്ങള്‍. സ്ത്രീകളും കുട്ടികളുമായിരുന്നു കൊല്ലപ്പെട്ടവരിലേറെയും.

എന്തിനായിരുന്നു ആ കൂട്ടക്കൊല? കുടിയേറ്റ വിരുദ്ധതയായിരുന്നു അതിന്റെ ഉള്ളടക്കമെന്ന് ഒറ്റശ്വാസത്തില്‍ പറയാവുന്നതാണ്. പക്ഷേ അത് മാത്രമായിരുന്നോ? നിശ്ചയമായും അല്ല. കൂട്ടക്കൊലയില്‍ ആയുധമേന്തിയവരുടെ കൂട്ടത്തില്‍ നമ്മള്‍ പ്രത്യക്ഷത്തില്‍ ആര്‍ എസ് എസിനെ കാണുന്നില്ല. പക്ഷേ ഈ കളിയില്‍ അവരുണ്ട്. കൂട്ടക്കൊലയുടെ സീനില്‍ നമ്മള്‍ കോണ്‍ഗ്രസ്സിനെയും കാണുന്നില്ല. പക്ഷേ ഈ കളിയില്‍ അവരുമുണ്ട്, അവരുടെ കേന്ദ്രാധികാരമുണ്ട്, ഇന്ദിരാ ഗാന്ധിയുണ്ട്, ഇന്ദിരയുടെ രാഷ്ട്രീയദുരയുണ്ട്. ആ രാഷ്ട്രീയദുരക്ക് ബംഗാള്‍ വംശജരായ മുസ്ലിംകള്‍ കൊടുക്കേണ്ടിവന്ന വിലയാണ് നെല്ലിയിലെ വംശഹത്യ. അപ്പോള്‍ ആറ് മണിക്കൂറിലെ ആ സീനില്‍ ഉണ്ടായിരുന്നത് ആരാണ്? ആള്‍ അസം സ്റ്റുഡന്റ്സ് യൂനിയന്‍ എന്ന വിദ്യാര്‍ഥി പ്രസ്ഥാനമാണ്. അവരുടെ മുന്‍കൈയിലാണ് 1985ല്‍ അസം ഗണ പരിഷത്ത് രൂപപ്പെടുന്നത്. കുടിയേറ്റ വിരുദ്ധത ആയിരുന്നു അവരുടെ തുറുപ്പ് ചീട്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കുടിയേറ്റം ഒരു സാങ്കല്‍പ്പിക കഥയല്ല, യാഥാര്‍ഥ്യമാണ്. ആ കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസമിലേക്ക് കിഴക്കന്‍ ബംഗാളില്‍ നിന്നും മറ്റും കൂട്ടത്തോടെ തൊഴിലാളികളെ തേയില തോട്ടങ്ങളില്‍ പണിയെടുക്കാന്‍ എത്തിച്ചത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. ബ്രിട്ടീഷുകാര്‍ പലയിടങ്ങളിലും ഇപ്പണി ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഫിജിയിലേക്ക് ആളുകളെ കടത്തിക്കൊണ്ടു പോയിട്ടുണ്ട് ഇംഗ്ലീഷുകാര്‍. അടിമകളെപ്പോലെ പണിയെടുപ്പിക്കാന്‍ ദരിദ്ര മനുഷ്യരെ എത്തിക്കുന്നതിന് അവര്‍ പ്രത്യേകമായി ഏജന്റുമാരെ തന്നെ നിയോഗിച്ചിരുന്നു. അങ്ങനെ ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും നാടുകടത്തെപ്പട്ട മനുഷ്യര്‍ ചെന്നുപെട്ടയിടങ്ങളുമായി ഇഴുകിച്ചേര്‍ന്ന് പുതിയ ജീവിതം പടുക്കും. ജന്മദേശത്തിന്റെ പേര് പോലും അവര്‍ പുതിയ ദേശത്തേക്ക് കൊണ്ടുവരും. അങ്ങനെയാണ് അന്തമാന്‍ ദ്വീപുകളില്‍ ഏറനാടും പാണ്ടിക്കാടുമൊക്കെ ഉണ്ടായത്. അസമില്‍ തേയിലത്തോട്ടങ്ങളിലേക്ക് എത്തിക്കപ്പെട്ടവര്‍ക്ക് സ്വന്തം നാട്ടിലേക്ക് പിന്നെയൊരു തിരിച്ചുപോക്കുണ്ടായിരുന്നില്ല. അവര്‍ പുതിയ ദേശത്ത് ജീവിച്ചു. അവിടെത്തന്നെ മരണപ്പെട്ടു. പിന്നീടും രാഷ്ട്രീയ കാരണങ്ങളാല്‍ അസമിലേക്ക് (ഒട്ടുമിക്ക വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും) കിഴക്കന്‍ പാകിസ്താനില്‍ നിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) കുടിയേറ്റമുണ്ടാകുന്നുണ്ട്. ആധുനിക മനുഷ്യരുടെ ചരിത്രം കുടിയേറ്റത്തിന്റെ കൂടി ചരിത്രമാണ്. കുടിയേറ്റത്തിന് നിര്‍ബന്ധിതമാക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക ഘടകങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ മനുഷ്യപ്രവാഹവും തുടര്‍ന്നുകൊണ്ടിരിക്കും. അതിനെ സത്യസന്ധമായി സംബോധന ചെയ്തുകൂടിയാണ് ആധുനിക മനുഷ്യന്‍ എന്ന വിശേഷണത്തിന് നമ്മള്‍ അര്‍ഹത നേടിയത്.

കുടിയേറ്റത്തോട്, അതിനിടയാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് താദാത്മ്യപ്പെടാന്‍ തയ്യാറല്ലാതിരുന്ന ഒരു വിഭാഗം എപ്പോഴും അസമിലുണ്ടായിരുന്നു. ആള്‍ അസം സ്റ്റുഡന്റ്സ് യൂനിയന്‍ ആ വികാരത്തെ ആളിക്കത്തിച്ചു. തലമുറകള്‍ക്ക് മുമ്പേ അവിടെ സ്ഥിര താമസമാക്കിയവരെപ്പോലും വിദേശികള്‍ എന്ന് മുദ്രകുത്തി. അവരെ ആട്ടിപ്പുറത്താക്കണമെന്ന ആക്രോശങ്ങള്‍ മുഴങ്ങി. 1979ല്‍ അവര്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമാരംഭിച്ചു. കോണ്‍ഗ്രസ്സായിരുന്നു കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തില്‍. അസമില്‍ സ്ഥിരസ്വഭാവമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇടറുന്ന കാലമാണ്. ഇപ്പോള്‍ രാജ്യസഭാംഗവും അതിനു മുമ്പ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജന്‍ ഗോഗോയിയുടെ പിതാവ് കേശവ് ചന്ദ്ര ഗോഗോയിക്ക് രണ്ട് മാസം മാത്രമാണ് (1982 ജനുവരി 13 മുതല്‍ മാര്‍ച്ച് 19 വരെ) മുഖ്യമന്ത്രിക്കസേരയില്‍ തുടരാനായത്. കുടിയേറ്റ വിരുദ്ധ സമരത്തിലുലഞ്ഞ് ഗോഗോയ് സര്‍ക്കാര്‍ നിലം പൊത്തി, സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോയി. അസമിലെ ഭരണപ്രതിസന്ധിക്ക് അറുതിവരുത്താന്‍ വ്യക്തമായ മേല്‍ക്കൈ സഭയിലുണ്ടാകണമെന്ന് മനസ്സിലാക്കിയ ഇന്ദിരാ ഗാന്ധി നടത്തിയ അവധാനതയില്ലാത്ത നടപടികള്‍ ഫലത്തില്‍ പ്രശ്‌നം രൂക്ഷമാക്കുകയാണുണ്ടായത്. കുടിയേറ്റക്കാരും തദ്ദേശീയരുമായി ജനത്തെ വിഭജിച്ചുകൊണ്ട് അതിലൊരു പക്ഷത്തെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടാമെന്ന് ഇന്ദിരാ ഗാന്ധി കണക്കുകൂട്ടി. പക്ഷേ അവര്‍ക്ക് കണക്കുകള്‍ പിഴച്ചു, അടവുകള്‍ തെറ്റി. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ കുടിപ്പക രൂപപ്പെട്ടതായിരുന്നു ഇതിന്റെ പരിണതി.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാനുള്ള ഇന്ദിരയുടെ പിടിവാശി രംഗം വഷളാക്കി. കുടിയേറ്റ വിരുദ്ധ സമരം രൂക്ഷമായി. രാവും പകലും അസം സമരമുഖരിതമായി. സര്‍ക്കാര്‍ ജീവനക്കാര്‍ പലരും കേന്ദ്രവുമായി നിസ്സഹകരണം പ്രഖ്യാപിച്ചു. എന്നിട്ടും കുലുങ്ങിയില്ല ഇന്ദിരാ ഗാന്ധി. തിരഞ്ഞെടുപ്പ് മാറ്റിവെച്ച് സന്ധി സംഭാഷണത്തിന് അവര്‍ സന്നദ്ധമായില്ല. കുടിയേറ്റവിരുദ്ധ ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. നെല്ലിയിലെ ജനത കേന്ദ്രത്തെ വിശ്വസിച്ചു, ഇന്ദിരയെ വിശ്വസിച്ചു. ഇന്ദിരയില്‍ രക്ഷകയെ കണ്ടു. ബഹിഷ്‌കരണാഹ്വാനം തള്ളി അവര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തു. വരാനിരിക്കുന്ന വലിയ വിപത്ത് അവര്‍ സ്വപ്നേപി നിനച്ചില്ല. അപ്പോഴേക്കും പ്രക്ഷോഭകരുടെ കുടിയേറ്റ വിരുദ്ധത മുസ്ലിം വിരുദ്ധതയായി രൂപാന്തരപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദുത്വ ശക്തികളുടെ വലിയ സ്വാധീനമുണ്ടായെന്ന് പില്‍ക്കാലത്ത് ചില പഠനങ്ങള്‍ പുറത്തുവരികയുണ്ടായി. ലാലുംഗ്, തിവാ, മികിര്‍ ഗോത്രത്തില്‍ പെട്ടവരും ഒരു വിഭാഗം തദ്ദേശീയ ഹിന്ദുക്കളും അടങ്ങുന്ന സായുധ സംഘമാണ് ഫെബ്രുവരി 18ന് ആറ് മണിക്കൂര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നരനായാട്ട് നടത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ വയലുകളിലും നദികളിലും ഒഴുകിനടന്നു. സംസ്‌കരിക്കാന്‍ പോലും ആരുമുണ്ടായില്ല.

സംഭവത്തില്‍ 688 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 310 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഒരാളും ശിക്ഷിക്കപ്പെട്ടില്ല, ഇരകളിലാര്‍ക്കും നീതി കിട്ടിയില്ല. ആശ്രിതര്‍ അതിനുവേണ്ടി പോലീസിനെയും കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മതിയായ നഷ്ടപരിഹാരം പോലും കിട്ടിയില്ല. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5,000 രൂപയും പരുക്കേറ്റവര്‍ക്ക് 3,000 രൂപയും- അതിലൊതുങ്ങി കേന്ദ്ര സഹായം. അസം സര്‍ക്കാറിലെ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ടി പി തിവാരിയെ നെല്ലി കൂട്ടക്കൊലയുടെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. 1984 മെയ് മാസത്തില്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നും വെളിച്ചം കണ്ടിട്ടില്ല ആ റിപോര്‍ട്ട്. കേസുകള്‍ അടച്ചുവെച്ച കൂട്ടത്തില്‍ അതും ഉള്‍പ്പെട്ടു. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു. ശേഷം അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി അസമിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരുമായി ഒത്തുതീര്‍പ്പുണ്ടാക്കി, 1985 ആഗസ്റ്റ് 15ന്. ആ ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ഒലിച്ചുപോയി നെല്ലിയുടെ ചോരയും കണ്ണീരും. കൂട്ടക്കൊലക്ക് പിറകെ സംസ്ഥാനത്ത് അസം ഗണ പരിഷത്ത് അധികാരത്തില്‍ വന്നതോടെ ആ അവഗണനയുടെ വൃത്തം പൂര്‍ത്തിയായി. ഫെബ്രുവരി 18കള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ആരുമാരും നെല്ലിയെ ഓര്‍ക്കുന്നില്ല, മാധ്യമങ്ങളില്‍ ഒരു വരി പോലും എഴുതപ്പെടുന്നില്ല. എങ്കിലും നെല്ലിയെ അടയാളപ്പെടുത്തിയ ചില പുസ്തകങ്ങളും പ്രബന്ധങ്ങളും ശേഷിക്കുന്നു എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.