Connect with us

Kerala

പത്തനംതിട്ടയിലും റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

ഉഗ്ര ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Published

|

Last Updated

തിരുവല്ല | പരുമല പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകള്‍, കുഴിയില്‍ വീഴാതെ തലനാരിഴക്ക് രക്ഷപെട്ടു. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് പമ്പയാറിനു കുറുകെയുളള പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. പരുമല പള്ളിയുടെ ഭാഗത്ത് നിന്നും പാലത്തിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പ് വലത് വശത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം.

ലോറിയും കാറും കടന്നു പോയതിന് പിന്നാലെ ഉഗ്ര ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സമീപന പാതയുടെ ഒരു വശം ഇടിഞ്ഞ് താണതോടെ ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കുഴിയോട് ചേര്‍ന്ന് അപ്രോച്ച് റോഡില്‍ പലഭാഗത്തായി വിള്ളലും വീണിട്ടുണ്ട്.

കനത്തമഴയില്‍ കഴിഞ്ഞ ദിവസങ്ങളിൽ പമ്പ കരതൊട്ട് ഒഴുകിയിരുന്നു. ഇതേ തുടര്‍ന്ന് അപ്രോച്ച് റോഡിനു താഴെ മണ്ണ് അടര്‍ന്ന് പോയതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തോട് ചേര്‍ന്ന് ഉണ്ടായിരുന്ന അപ്രോച്ച് റോഡ് സമീപ ദിവസങ്ങളില്‍ അല്‍പം താഴ്ന്ന നിലയിലായിരുന്നുവെന്നുവെന്ന് നാട്ടുകാർ പറയുന്നു. പാലത്തില്‍ നിന്ന് വാഹനം ഓടിച്ചിറങ്ങുമ്പോള്‍ എടുത്തടിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപ്രോച്ച് റോഡ് ഭാഗങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.

---- facebook comment plugin here -----

Latest