Connect with us

OBITUARY

കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു

മുമ്പ് കോണ്‍ക്രീറ്റു ചെയ്ത കാര്‍പോര്‍ച്ചിന്റെ ബീമില്‍ കയറി ഇരുന്നു തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് ശരീരത്തോടു ചേര്‍ന്ന് അമരുകയായിരുന്നു

Published

|

Last Updated

മല്ലപ്പള്ളി | വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണു കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു. കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ എം നജീബ്(42) ആണ് മരിച്ചത്. പരിക്കേറ്റ അഥിതി തൊഴിലാളികളായ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാരങ്കുളം പ്ലാമൂട്ടില്‍ ബേബി യേശുദാസിന്റെ വീട്ടില്‍ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. മുമ്പ് കോണ്‍ക്രീറ്റു ചെയ്ത കാര്‍പോര്‍ച്ചിന്റെ ബീമില്‍ കയറി ഇരുന്നു തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് ശരീരത്തോടു ചേര്‍ന്ന് അമരുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരുടേയും പെരുമ്പെട്ടി പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്.

നജീബ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സബീന. മക്കള്‍:മുഹമ്മദ്ഷാ(എ ഐ വൈ എഫ് കോട്ടാങ്ങല്‍ മേഖലാ സെക്രട്ടറി), മുഹമ്മദ് ഷെമീര്‍, മുഹമ്മദ്ഷെഹീന്‍ .പൊതുപ്രവര്‍ത്തകനായ നജീബ് സി പി ഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റിയംഗവും പുളിഞ്ചുവള്ളില്‍ ബ്രാഞ്ചു സെക്രട്ടറിയും എ ഐ വൈ എഫ് റാന്നി മണ്ഡലം മുന്‍ അംഗവുമായിരുന്നു. നജീബിന്റെ ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ചുങ്കപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

---- facebook comment plugin here -----

Latest