Connect with us

Kerala

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്.

Published

|

Last Updated

കോഴിക്കോട്| മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി വിട്ടയക്കും. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് മാറ്റി. 12 മണിയോടെയാണ് സുരേഷ്ഗോപി നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഒക്ടോബര്‍ 27-ാം തിയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ വീണ്ടും തോളില്‍ കൈവച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

ഇതിനു പിന്നാലെ അദ്ദേഹം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. 354എ വകുപ്പ് പ്രകാരം നടക്കാവ് പോലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോടുകൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

 

 

 

Latest