articles
5ജി ഓണ്‍ ആക‌്ഷന്‍
ഇപ്പോള്‍ എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോള്‍ 5ജിയുടെ വരവ് നമ്മുടെ ജീവിതത്തെയാകെ സ്വാധീനിക്കാന്‍ പോകുകയാണ്.

ഇന്ത്യയില്‍ അഞ്ചാം തലമുറ ടെലികോം കൊമേഴ്സ്യല്‍ സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ ഒന്നാം തീയതി നിര്‍വഹിക്കുകയുണ്ടായി. ദീപാവലിയോടെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ 5ജി സേവനം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വരവോടെ മനുഷ്യജീവിതത്തിന്റെ ഗതിതന്നെ മാറുമെന്നാണ് ഇന്ത്യയിലെ 5ജി ദാതാക്കള്‍ അവകാശപ്പെടുന്നത്.
എന്താണ് 5ജി?
ആദ്യമായി അറിയേണ്ടത് എങ്ങനെയാണ് നാം മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നത് എന്നതാണ്. കേബിളുകളിലൂടെ എത്തുന്ന ഡാറ്റ മൊബൈല്‍ ടവറുകളില്‍ എത്തുകയും, ടവറുകളില്‍ നിന്ന് റേഡിയോ തരംഗങ്ങളായി നമ്മുടെ ഫോണുകളില്‍ എത്തുകയുമാണ് ചെയ്യുന്നത്.
അത് അറിയാനായി നാം വൈദ്യുത കാന്തിക സ്‌പെക്ട്രം (Electro-magnetic Spectrum) എന്താണെന്നു കൂടി അറിയേണ്ടതുണ്ട്. ഈ വൈദ്യുത കാന്തിക സ്‌പെക്ട്രം പലവിധ തരംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഉദാഹരണത്തിന് റേഡിയോ തരംഗങ്ങള്‍, മൈക്രോ തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍, അള്‍ട്രാവയലറ്റ്, വിസിബിള്‍, ഗാമ എന്നിങ്ങനെ പോകുന്നു അത്. ഇത്തരത്തില്‍ ഇവയെല്ലാം കൃത്യമായി അടുക്കിവെച്ചിരിക്കുന്നത് അവയുടെ ആവൃത്തി (Frequency), തരംഗദൈര്‍ഘ്യം (Wave length) എന്നിവയെ ആശ്രയിച്ചാണ്. തരംഗദൈര്‍ഘ്യം കൂടുതലുള്ളവക്ക് ആവൃത്തി കുറവായിരിക്കും. അതുപോലെ തന്നെ തിരിച്ചും. അതായത് തരംഗദൈര്‍ഘ്യം കൂടുതലുള്ള തരംഗങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. മാത്രമല്ല, അവക്ക് ശക്തി (Strength) കുറവാണെങ്കിലും കൂടുതല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ദൂരം താണ്ടാനും സാധിക്കും. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനായി നാം ഉപയോഗിക്കുന്നത് തരംഗ ദൈര്‍ഘ്യം കൂടിയ റേഡിയോ തരംഗങ്ങളോ, അതിനോട് അടുത്തു കിടക്കുന്നവയോ ഒക്കെയാണ്.
ഇനി 2ജി, 3ജി, 4ജി എന്നിവയൊക്കെ എന്താണെന്നുനോക്കാം. ഇവയൊക്കെത്തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതിന്റെ വേഗം തന്നെയാണ്. ഓരോ ജനറേഷന്‍ കഴിയുന്തോറും അതിന്റെ വേഗത വലിയ അളവില്‍ കൂടുന്നതായി നാം നിരീക്ഷിച്ചിട്ടുണ്ട്. അതായത് ഓരോ സെക്കന്‍ഡിലും എത്രമാത്രം ഡാറ്റയെ വഹിച്ചുകൊണ്ടുപോകാന്‍ ആ തരംഗത്തിന് കഴിയുന്നു എന്നതാണ് ഇവിടെ വേഗം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. നമ്മള്‍ അങ്ങനെയാണ് വേഗത്തെ രേഖപ്പെടുത്തുന്നതും. 100 എം ബി പി എസ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഒരു സെക്കന്‍ഡില്‍ 100 എം ബി ഡാറ്റ ആ തരംഗത്തിന് പ്രേക്ഷണം ചെയ്യാന്‍ കഴിയും എന്നാണ്. ഇത്തരത്തില്‍ ശക്തികൂടിയ തരംഗങ്ങളെ സ്വീകരിക്കാനുള്ള സംവിധാനം നമ്മുടെ ഫോണുകളിലും അത് പ്രേക്ഷണം ചെയ്യാനുള്ള സംവിധാനം ടവറുകളിലും ഉണ്ടായിരിക്കണം. അതിനാലാണ് 2ജിയില്‍ നിന്ന് 3ജിയിലേക്ക് മാറുമ്പോള്‍ പുതിയ ഫോണുകള്‍ നമുക്ക് ആവശ്യമായി വരുന്നതും.
ഓരോ ജനറേഷന്‍ ബാന്‍ഡുകളിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴും അതനുസരിച്ചുള്ള തരംഗങ്ങള്‍ സര്‍ക്കാര്‍ ലേലത്തിന് വെക്കുന്നു. മൊബൈല്‍ കമ്പനികള്‍ ആകട്ടെ അവര്‍ക്കാവശ്യമുള്ള തരംഗങ്ങള്‍ അതിന്റെ ശക്തി അനുസരിച്ച് ലേലത്തില്‍ പിടിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ 2ജി സ്‌പെക്ട്രം ലേലം ചെയ്യുന്ന അവസരത്തില്‍ ലേലത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിക്കാതെ കൈക്കൂലി വാങ്ങി സ്‌പെക്ട്രത്തിനുള്ള അനുമതി നല്‍കിയ കേസിനെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. യു പി എ സര്‍ക്കാറിനെ അത്രമേല്‍ പിടിച്ചുകുലുക്കിയ ഒന്നായിരുന്നല്ലോ 2ജി അഴിമതിക്കേസ്.
വേഗം മാറുമ്പോള്‍
ഓരോ ജനറേഷനില്‍ നിന്നും അടുത്തതിലേക്ക് വേഗം മാറുമ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്? ഉദാഹരണത്തിന് 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറുമ്പോള്‍ ഉണ്ടാകേണ്ട വേഗം അന്താരാഷ്ട്രതലത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഇന്റര്‍നാഷനല്‍ ടെലികമ്മ്യൂനിക്കേഷന്‍ യൂനിയന്‍ (ITU) എന്ന ഓര്‍ഗനൈസേഷനാണ് ഇതിനു നേതൃത്വം നല്‍കുന്നത്. മാത്രമല്ല, 4ജി എന്ന് പറയുമ്പോഴും അതില്‍ കമ്പനികള്‍ അവകാശപ്പെടുന്ന വേഗം പ്രയോഗത്തില്‍ ഉണ്ടാകുകയില്ല. ആ അവസരത്തിലാണ് 4ജി LTE എന്ന് നമ്മുടെ ഫോണുകളില്‍ ഒരു പേര് ചേര്‍ക്കപ്പെടുന്നത്. അതിനര്‍ഥം ലോംഗ് ടേം എവലൂഷന്‍ (Long Term Evolution) എന്നാണ്. 3ജിയില്‍ നിന്ന് 4ജിയിലേക്കുള്ള ഒരു പരിണാമത്തിലാണ് നാം എന്നര്‍ഥം.
ഇനി 5ജിയിലേക്ക് വരാം. ഒരു ജി ബി പി എസ് മുതല്‍ 10 ജി ബി പി എസ് വരെയാണ് ഇതിന് കമ്പനികള്‍ അവകാശപ്പെടുന്ന വേഗം. ഇന്ന് ലഭ്യമായ 4ജിയേക്കാള്‍ നൂറുമടങ്ങുവേഗം ഉണ്ടാകുമത്രേ. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ 3ജിയില്‍ ഇരുപത് മണിക്കൂര്‍ വരെ വേണ്ടി വന്നിരുന്നു. 4ജി ആയപ്പോള്‍ അത് ആറ് മണിക്കൂര്‍ വരെയായി. 5ജി വരുന്നതോടെ ഏതാണ്ട് മൂന്നര സെക്കന്‍ഡ് സമയം മാത്രമാണ് അതിന് വേണ്ടിവരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ 5ജി ഉണ്ടാക്കാന്‍ പോകുന്ന വിപ്ലവം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.
നമ്മള്‍ മാറുമോ?
ഇപ്പോള്‍ എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോള്‍ 5ജിയുടെ വരവ് നമ്മുടെ ജീവിതത്തെയാകെ സ്വാധീനിക്കാന്‍ പോകുകയാണ്. ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും ഉണ്ടാകുന്ന ഇന്റര്‍നെറ്റ് വേഗതയിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം സ്ട്രീമിംഗ് തടസ്സപ്പെടുകയും ക്ലാരിറ്റി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ 5ജി വരുന്നതോടെ ഈ ്പ്രതിസന്ധി മാറും.
ആരോഗ്യരംഗത്ത് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം കൂടിക്കൂടി വരികയാണല്ലോ. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വേഗതയുടെ പരിമിതിമൂലം ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകാതെ വരുന്ന അവസ്ഥ സംജാതമാകുന്നുണ്ട്. എന്നാല്‍ 5ജി വരുന്നതോടെ ലോകത്തെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഗ്രാമങ്ങളില്‍ പോലും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആംബുലന്‍സുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടും ആവശ്യമായ ആരോഗ്യ വിവരങ്ങള്‍ തത്സമയം നല്‍കിക്കൊണ്ടും മെച്ചപ്പെട്ട ചികിത്സയും ആരോഗ്യപരിപാലനവും ഉറപ്പാക്കാന്‍ കഴിയും എന്നാണ് കരുതുന്നത്.
ഓണ്‍ലൈനായി നാം ഒരു വസ്ത്രം വാങ്ങുമ്പോള്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മയാണ് അത് നമുക്ക് ചേരുമോയെന്ന് നോക്കിവാങ്ങാന്‍ കഴിയില്ലെന്നത്. എന്നാല്‍ 5ജിയുടെ സഹായത്തോടെ അവ വെര്‍ച്വലായി ധരിച്ചു നോക്കാന്‍ വരെയുള്ള അവസരം ഉണ്ടാകുമെന്നതാണ് ഈ രംഗത്തെ അത്ഭുതം.
ഓഗ്മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയും ഇന്ന് വീഡിയോ ഗെയിമുകളില്‍ മാത്രമല്ല, പഠനമുറികളിലും വിപ്ലവം സൃഷ്ടിക്കുകയാണല്ലോ. ഈ അനുഭവത്തെ കൂടുതല്‍ വിശാലമാക്കാന്‍ 5ജിയുടെ അതുല്യമായ വേഗം നമ്മെ സഹായിക്കും. കൊവിഡ് കാലം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെയും ഇ-ലേണിംഗിന്റെയും വലിയൊരു ലോകമാണ് നമുക്കു മുന്നില്‍ തുറന്നിട്ടത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തന്നെ വേഗതയുടെ അടയാളമാകുമ്പോള്‍ അതിന്റെ വേഗം പത്ത് മടങ്ങോളം വര്‍ധിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം എന്തായിരിക്കും? അങ്ങനെയാണ് വിദ്യാഭ്യാസരംഗത്ത് 5ജി വിപ്ലവമാകാന്‍ പോകുന്നത്.
നഗരങ്ങളും സ്മാര്‍ട്ടാകും
റോഡിലെ ട്രാഫിക് കുരുക്കുകള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് നമ്മുടെ റോഡുകളുടെ വലിപ്പം കൂട്ടാനാകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ 5ജി അതിനും പരിഹാരമാകും എന്നാണ് കരുതപ്പെടുന്നത്. ഇന്റര്‍നെറ്റ് വഴി പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന വാഹനങ്ങളാകുമ്പോള്‍ ട്രാഫിക് പ്രശ്‌നം വലിയൊരളവില്‍ കുറക്കാനാകും. വാഹനങ്ങളില്‍ നിന്ന് പരസ്പരം അതിവേഗം വിവരങ്ങള്‍ കൈമാറാനും, ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നായ നമ്മുടെ രാജ്യത്തിന് 5ജിയുടെ ഗുണം ഉപയോഗിക്കാന്‍ കഴിയും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.
ഇതൊരു തുടക്കം മാത്രമാണ്. ഇനിയും എത്രയോ രംഗങ്ങളില്‍ “5ജി മാജിക്’ ഉണ്ടാകാന്‍ പോകുന്നു എന്നത് ഏറെ താമസിയാതെ നമുക്ക് കണ്ടുമനസ്സിലാക്കാന്‍ കഴിയും. ഈ മാറ്റങ്ങളൊക്കെത്തന്നെ ഒരുപക്ഷേ നാം കരുതുന്നതിനേക്കാള്‍ ഒക്കെ അപ്പുറം മനുഷ്യരാശിയെ എത്തിക്കും എന്നതാണ് പ്രതീക്ഷ.