Connect with us

Ongoing News

'അവര്‍ക്ക് കളിക്കളത്തില്‍ ഒരു ഭാഷയുണ്ട്; നൃത്തത്തിന്റെ ഭാഷ: ടിറ്റെ

'അവര്‍ വളരെ ചെറുപ്പമാണ്. അവരുടെ ഭാഷയിലേക്ക് അനുയോജ്യമായ ചിലത് കൂടി ചേര്‍ത്തു കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.'

Published

|

Last Updated

ദോഹ | ഫാന്‍സിനെ ആവേശത്തിലാറാടിച്ച് വീണ്ടും കാനറികളുടെ സാംബാ നൃത്തച്ചുവടുകള്‍. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരായ ഗോള്‍ നേട്ടം സാംബ നൃത്തം ചവുട്ടിയാണ് മഞ്ഞപ്പട ആഘോഷിച്ചത്. ലാറ്റിനമേരിക്കന്‍ ശൈലിയുടെ മിന്നലാട്ടങ്ങളുമായി ബ്രസീല്‍ കളംനിറഞ്ഞത് ആരാധകരെ തെല്ലൊന്നുമല്ല ആഹ്ലാദഭരിതരാക്കിയത്. സാംബാ വിരുന്നുകൂടി താരങ്ങള്‍ സമ്മാനിച്ചപ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകവൃന്ദം അതിനെ സ്വീകരിച്ചത്.

ടീം മൂന്നാം ഗോള്‍ നേടിയപ്പോള്‍ റിച്ചാലിസണ്‍, ടിറ്റെയെ അഭിവാദ്യം ചെയ്തുകൊണ്ട് നേരെ സൈഡ്‌ലൈനിലേക്ക് കുതിച്ചു. പിന്നാലെയെത്തിയ സഹതാരങ്ങളും ടിറ്റെയും ചേര്‍ന്ന് ഒരു വൃത്തം സൃഷ്ടിക്കുകയും റിച്ചാലിസണ്‍ പരിശീലകനെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് താരങ്ങളെല്ലാം ചേര്‍ന്ന് നൃത്തം ചെയ്തു.

ബ്രസീലിയന്‍ ഫുട്‌ബോളിലെ യുവരക്തത്തിന് കളിക്കളത്തില്‍ നൃത്തത്തിന്റെതായ ഒരു ഭാഷയുണ്ടെന്ന് പരിശീലകന്‍ ടിറ്റെ പറഞ്ഞു. ‘അവര്‍ വളരെ ചെറുപ്പമാണ്. അവരുടെ ഭാഷയിലേക്ക് അനുയോജ്യമായ ചിലത് കൂടി ചേര്‍ത്തു കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.’- ടിറ്റെ വിശദീകരിച്ചു.

നിങ്ങളുടെ ഡാന്‍സ് തനിക്ക് പരിചയമുള്ള ഒന്നിനോട് സാമ്യമുള്ളതാണെന്നും പഠിപ്പിച്ചു തന്നാല്‍ നിങ്ങള്‍ക്കൊപ്പം ഞാനും അത് ചെയ്യാമെന്നും മത്സരത്തിന് മുമ്പ് ടീമംഗങ്ങളോട് പറഞ്ഞിരുന്നതായി ടിറ്റെ വെളിപ്പെടുത്തി. ‘ആ ചുവടുകള്‍ അല്‍പ്പം പ്രയാസകരമാണ്. പഠിച്ചെടുക്കുക തന്നെ വേണം. എന്നാല്‍, ധിക്കാരമാണ് കാണിക്കുന്നതെന്ന്, ശത്രുതാ മനോഭാവത്തോടെ കാണുന്ന ചിലര്‍ പറയുമെന്ന് ധാരണയുണ്ടായിരുന്നതിനാല്‍ വളരെ ജാഗ്രതയോടെയാണ് അത് ചെയ്തത്. ഒരു സന്തോഷ പ്രകടനം മാത്രമായിരുന്നു അത്.ഗോള്‍ സ്‌കോര്‍ ചെയ്തതിലുള്ള സന്തോഷം, ടീമിനു വേണ്ടിയുള്ള, ടീമിന്റെ പ്രകടനത്തിലുള്ള, ഫലമുണ്ടായതിലുള്ള സന്തോഷമാണ് പ്രകടിപ്പിക്കപ്പെട്ടത്.’- ടിറ്റെ വിശദമാക്കി. ദക്ഷിണ കൊറിയന്‍ കോച്ച് പൗലോ ബെന്റോയെ ബഹുമാനിക്കുന്നതായും 2016ല്‍ ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബായ ക്രുസിയേറോയെ പരിശീലിപ്പിച്ചിരുന്ന കാലം മുതല്‍ അദ്ദേഹത്തെ തനിക്ക് അറിയാമെന്നും ടിറ്റെ പറഞ്ഞു.

പരുക്കേറ്റിരുന്ന നെയ്മര്‍ മടങ്ങിയെത്തിയതും ടീമിനെ ആഹ്ലാദഭരിതരാക്കിയിരുന്നു. നെയ്മര്‍ പെനാള്‍ട്ടിയില്‍ നിന്ന് കണ്ടെത്തിയതുള്‍പ്പെടെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ദക്ഷിണ കൊറിയയെ തകര്‍ത്തുവിട്ടത്. കാനറികളുടെ നാല് ഗോളും പിറന്നത് ആദ്യ പകുതിയിലാണ്. കൊറിയയുടെത് രണ്ടാം പകുതിയിലും.