Connect with us

National

'മഹാ'നാടകം ക്ലൈാമാക്‌സിലേക്ക്; വിമതരുടെ ആവശ്യം അംഗീകരിച്ച് ഉദ്ധവ്; കോടതി വിധി എതിരായാല്‍ രാജി

ഔറാംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുകള്‍ മാറ്റണമന്ന വിമത എംഎല്‍എമാരുടെ ദീര്‍ഘകാലത്തെ ആവശ്യം ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഗീകരിച്ചു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ഉച്ഛസ്ഥായിയില്‍ എത്തിനില്‍ക്കെ വിമത എംഎല്‍എമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഔറാംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുകള്‍ മാറ്റണമന്ന വിമത എംഎല്‍എമാരുടെ ദീര്‍ഘകാലത്തെ ആവശ്യം ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഗീകരിച്ചു. ഉദ്ധവ് താക്കറെ സര്‍ക്കാറിനോട് സഭയില്‍ നാളെ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. ഗവര്‍ണറുടെ ഉത്തരവിന് എതിരെ ഉദ്ധവ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. രാത്രി ഒൻപത് മണിക്ക് ഹർജിയിൽ സുപ്രീം കോടതി വിധി പറയും.

ഔറാംഗബാദിന്റെ പേര് സാംബാജിനഗര്‍ എന്നും, ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി ബി പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

അതിനിടെ, സുപ്രീം കോടതി വിധി എതിരായാല്‍ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവെക്കുമെന്ന സൂചനയും ശക്തമായി. മന്ത്രിസഭാ യോഗത്തില്‍ താക്കറെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കോടതി വിധി മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്സായി മാറുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് കോടതി തടഞ്ഞാല്‍ ഉദ്ധവിന് കസേരയില്‍ തുടരാം. എന്നാല്‍ വിധി മറിച്ചായാല്‍ വിശ്വാസ വോട്ടെുപ്പിന് കാത്ത് നില്‍ക്കാതെ രാജിവെക്കുകയാകും നല്ലത് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന അഭിപ്രായം.

തന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു. സ്വന്തം ആളുകള്‍ തന്നെ ചതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിമത എം.എല്‍.എമാരുടെ ആവശ്യം ഉദ്ധവ് താക്കറെ അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഒരു ആവശ്യം പോലും പാലിക്കപ്പെട്ടിട്ടില്ല. പൂനെയുടെ പേര് ജിജാവു നഗര്‍ എന്നാക്കി മാറ്റണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഉദ്ധവ് അംഗീകരിച്ചില്ല.

Latest