Connect with us

Kerala

'ചെലർക്ക് തിരീം ചെലർക്ക് തിരീല'; സാമൂഹിക മാധ്യമങ്ങളിൽ കൊമ്പ് കോർത്ത് ജലീലും അബ്ദുറബ്ബും

പ്രവാസി വ്യവസായി എം എം യൂസഫലിക്കെതിരെ ലീഗ് നേതാവ് കെ എം ഷാജി നടത്തിയ വിമര്‍ശനം ഏറ്റുപിടിച്ചാണ് ജലീലും അബ്ദുറബ്ബും പോരടിക്കുന്നത്.

Published

|

Last Updated

മലപ്പുറം | ഇടത്, വലതുമുന്നണികളിലെ മുന്‍മന്ത്രിമാരായ അബ്ദുറബ്ബും കെ ടി ജലീലും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പോര് തുടരുന്നു. കുറിക്ക് കൊള്ളുന്ന മറുപടിയും വ്യക്തിപരമായ പരിഹാസവുമായി അണികളിള്‍ ആവേശമേറ്റി ഇരുവരും തല്ലുതുടരുകയാണ്. എന്നാല്‍ ഇരുവരും നടത്തുന്ന ഈ ചെളിവാരിയെറിയല്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് ചേര്‍ന്നതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പ്രവാസി വ്യവസായി എം എം യൂസഫലിക്കെതിരെ ലീഗ് നേതാവ് കെ എം ഷാജി നടത്തിയ വിമര്‍ശനം ഏറ്റുപിടിച്ചാണ് ജലീലും അബ്ദുറബ്ബും പോരടിക്കുന്നത്. ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിച്ചാല്‍ മുതലാളി വിവരമറിയുമെന്നും ചില ലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണെന്നുമുള്ള തരത്തില്‍ ഷാജി രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.

എന്നാല്‍ യൂസഫലിക്കെതിരെ കെ എം ഷാജി നത്തിയ പരാമര്‍ശങ്ങള്‍ തള്ളുന്ന തരത്തില്‍ കഴിഞ്ഞ ദിവസം സ്വാദിഖലി ശിഹാബ് തങ്ങളും കെ എം സി സി നേതാക്കളും രംഗത്ത് വന്നു. ഇത് ഏറ്റെടുത്ത് ജലീല്‍ ഷാജിയെ ആക്രമിക്കുകയായിരുന്നു.

ആര്‍ക്കെങ്കിലും വില്‍ക്കാനും ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ഥമെന്നും അത് ചെലര്‍ക്ക് തിരിം. ചെലര്‍ക്ക് തിരീലയെന്നും ഫേസ്ബുക്കിൽ ജലീല്‍ പോസ്റ്റിട്ടു.

ഇതിന് മറുപടി പോസിറ്റിട്ട അബ്ദുറബ്ബ് ‘കയറിക്കിടക്കാന്‍ കൂടു പോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടി
പോലും കടിപിടികൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്. അവയെയോര്‍ത്ത് സഹതാപം മാത്ര’മെന്ന് പരിഹസിക്കുകയായിരുന്നു. ഇതിനൊപ്പം ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീല എന്ന പരിഹാസവും അബ്ദുറബ്ബ് നടത്തിയിരുന്നു.

ഇതില്‍ കൂടുതല്‍ പ്രകോപിതനായ ജലീല്‍ ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി വന്നിരിക്കുകയാണ്.

‘ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്റെ പേര് മാറ്റിയത്.
തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട് എന്താ കാര്യ’മെന്നും ജലീല്‍ ചോദിക്കുന്നു.

ജലീലിന്റെ പുതിയ പോസ്റ്റിന് അബ്ദുറബ്ബ് ഇനി എന്ത് മറുപടി നല്‍കുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. നേതാക്കളുടെ വാക്കുകള്‍ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി അണികളും തമ്മിലടിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും നടത്തുന്ന വാക്പോര് അല്‍പ്പത്തരമാണെന്ന വിമർശവുമുണ്ട്.