Connect with us

From the print

സൗന്ദര്യം പ്രധാനമായിരുന്നു, 2,000 വർഷം മുന്പും

എ ഡി 79ലെ വെസൂവിയസ് അഗ്നിപർവത സ്ഫോടനത്തിൽ നശിച്ച നഗരത്തിലെ ഒരു വീടിന്റെ അലമാരക്കുള്ളിലാണ് ഇവ കണ്ടെത്തിയത്.

Published

|

Last Updated

റോം | ഏകദേശം 2,000 വർഷം പഴക്കമുള്ള സൗന്ദര്യവർധക വസ്തുക്കളുടെ ശേഖരം ഇറ്റലിയിലെ പുരാതന നഗരമായ പോംപെയിൽ കണ്ടെത്തി. എ ഡി 79ലെ വെസൂവിയസ് അഗ്നിപർവത സ്ഫോടനത്തിൽ നശിച്ച നഗരത്തിലെ ഒരു വീടിന്റെ അലമാരക്കുള്ളിലാണ് ഇവ കണ്ടെത്തിയത്. പുരാതന റോമൻ കാലത്ത് ജീവിച്ചിരുന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തിലേക്കും സൗന്ദര്യസംരക്ഷണ രീതികളിലേക്കും വെളിച്ചം വീശുന്നതാണ് കണ്ടെത്തൽ.

അബൊണ്ടാൻസ തെരുവിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ശേഖരത്തിൽ പുരികം ക്രമീകരിക്കാനുള്ള ട്വീസറുകൾ, സൗന്ദര്യവർധക വസ്തുക്കൾ കലർത്താനുള്ള പലക, സുഗന്ധദ്രവ്യം സൂക്ഷിച്ചിരുന്ന ചില്ലുകുപ്പി, ധൂപം കത്തിക്കാനുള്ള പാത്രം, വെങ്കലവിളക്ക് എന്നിവയുണ്ട്. ഇവക്കൊപ്പം ചെറിയ മരപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന തൂക്കുപകരണങ്ങളും കണ്ടെത്തി.

ഫായൻസ്, അസ്ഥി, റോക്ക് ക്രിസ്റ്റൽ എന്നിവകൊണ്ട് നിർമിച്ച 24 ചെറിയ രൂപങ്ങൾ കോർത്ത മാലയും ലഭിച്ചു. കുട്ടികളുടെ സുരക്ഷക്ക് വേണ്ടി അണിയിച്ചിരുന്ന “ക്രെപുണ്ടിയ’ മാലയാണിത്. കുട്ടികൾ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുന്ന ചെറിയ തകിടുകളും രൂപങ്ങളുമായിരുന്നു മാലയിൽ. മുതിർന്നവർ കുട്ടിക്കാലത്തിന്റെ ഓർമക്കായി ഇത്തരം മാലകൾ സൂക്ഷിക്കാറുണ്ടായിരുന്നു.

ചെറിയ സസ്യനാരുകൾ കൊണ്ട് നെയ്ത പാത്രത്തിൽ സൂക്ഷിച്ചിരുന്ന 38 വെങ്കല നാണയങ്ങളും കണ്ടെത്തി. അഗ്നിപർവത സ്ഫോടനത്തിനിടെ വീട്ടുടമക്ക് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിച്ച് രക്ഷപ്പെടാൻ സമയം ലഭിച്ചില്ലെന്ന സൂചനയാണിതെന്ന് ഗവേഷകർ കരുതുന്നു.

1912ലെ ഖനനത്തിനിടെ കണ്ടെത്തിയ ലിഖിതങ്ങളുടെ അടിസ്ഥാനത്തിൽ ഈ വീട് കോർണേലിയസ് മാക്സിമസിന്റേതായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ, ഇവിടെ താമസിച്ചിരുന്ന വ്യക്തിയുടെ കൃത്യമായ വ്യക്തിത്വം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം സാധാരണ വസ്തുക്കളാണ് പുരാതന മനുഷ്യരുടെ വ്യക്തിജീവിതവും ശീലങ്ങളും ഓർമകളും മനസ്സിലാക്കാൻ സഹായിക്കുന്നതെന്ന് പോംപെയിലെ പുരാവസ്തു പാർക്ക് ഡയറക്ടർ ഗബ്രിയേൽ സുക്‌ട്രിഗൽ പറഞ്ഞു. പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കഴിഞ്ഞ ദിവസമാണ് ഇതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.

Content Highlights: Archaeologists in Pompeii discovered roughly 2,000-year-old cosmetics tools, tweezers, a perfume bottle, and a bronze lamp in a cabinet on Via dell’Abbondanza dating to the AD 79 eruption. The finds also include a 24-charm crepundia necklace linked to childhood protection and memory alongside 38 bronze coins left behind during the disaster. Pompeii park director Gabriel Zuchtriegel noted that everyday objects illuminate the private lives and habits of ancient residents.

Latest