pravasi
ഒൻപത് മാസത്തിനിടെ 1.68 ലക്ഷം തൊഴിലാളികൾ കുവൈത്ത് വിട്ടു
കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായി.

കുവൈത്ത് സിറ്റി | കുവൈത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെ ജോലി ഉപേക്ഷിച്ചു രാജ്യം വിട്ടു പോയത് 1,68,000 പ്രവാസികൾ. 60,400 ഗാർഹിക തൊഴിലാളികളും സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന് 1,07,900 പ്രവാസികളും ആണ് ജോലി ഉപേക്ഷിച്ചുതിരിച്ചു പോയത്. രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.
ഇതോടെ കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായി. ആകെ തൊഴിൽ വിപണിയിലെ ഇന്ത്യക്കാരുടെ എണ്ണം 4,99,400 ആയിരുന്നതിൽ 48,000 പേരും തൊഴിൽ ഉപേക്ഷിച്ചു രാജ്യം വിട്ടു. ഇതോടെ കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം 4,51,380 ആയി കുറഞ്ഞു.
രണ്ടാമത് ഈജിപ്ഷ്യൻ സമൂഹമാണ്. ഇവരുടെ എണ്ണത്തിൽ അഞ്ചു ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഈജിപ്തുകാരായ 25,500 പേർ ഈ കാലയളവിൽ രാജ്യം വിട്ടു പോയി. ആറ് ശതമാനം ബംഗ്ലാദേശ്, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യക്കാരായ തൊഴിലാളികളും രാജ്യം വിട്ടവരിൽ പെടും.