Connect with us

Kerala

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിങ്ങള്‍ക്ക് ആശങ്ക വേണ്ട; കാന്തപുരത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

Published

|

Last Updated

തിരുവനന്തപുരം | സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. മുസ്ലിം സമുദായത്തിന് നിലവില്‍ ലഭിച്ചു വരുന്ന ഒരു ആനുകൂല്യത്തിലും കുറവ് വരാതെ നോക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിങ്ങളുടെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും ഉന്നമനത്തിന് സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സമുദായത്തിന്റെ ആശങ്ക കാന്തപുരം മുഖ്യമന്ത്രിയുമായി പങ്കുവച്ചു.

ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളര്‍ഷിപ്പ് പുനക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ ശേഷിക്കുന്നുവെങ്കില്‍ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗ, തൊഴില്‍, സേവന മേഖലകളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബോര്‍ഡ്, കോര്‍പ്പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും, മലബാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, പി എസ് സി റൊട്ടേഷന്‍ സമ്പ്രദായം മാറ്റി സ്ഥാപിക്കുക, മറ്റു പൊതുതാത്പര്യ വിഷയങ്ങളും കാന്തപുരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി എം അബ്ദുല്‍ ഹകീം അസ്ഹരി, മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest