Connect with us

National

ഡല്‍ഹി വംശഹത്യ: പ്രതിയെ വെറുതെവിട്ട് ആദ്യ വിധി പ്രസ്താവിച്ച് വിചാരണാ കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | 2020 ഫെബ്രുവരിയിലെ ഡല്‍ഹി വംശഹത്യാ കേസിൽ ആദ്യമായി വിചാരണാ കോടതി വിധിപ്രസ്താവം നടത്തി. കേസിലെ പ്രതിയെ വെറുതെ വിട്ടാണ് അഡീഷനൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്തിന്റെ ആദ്യ വിധിപ്രസ്താവം. അന്യായമായി സംഘം ചേര്‍ന്നു, കൊള്ള നടത്തി, കലാപത്തിന് ശ്രമിച്ചു എന്നീ കുറ്റം ചുമത്തപ്പെട്ട സുരേഷ് എന്നയാളെയാണ് വെറുതെ വിട്ടത്.

സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. ഒരു സംഘം ആളുകള്‍ക്കൊപ്പം ഇരുമ്പ് ദണ്ഡുകളുമായെത്തിയ ഇയാള്‍ ഡല്‍ഹിയിലെ ബര്‍ബാപൂരിലെ കട കൊള്ളയടിച്ചു എന്നാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. വംശഹത്യയുമായി ബന്ധപ്പെട്ട്  കൂടുതല്‍ കേസുകള്‍ കോടതി പരിഗണനയിലാണ്.

സംഭവം നടന്ന് ഒന്നര വര്‍ഷമാകുന്ന വേളയിലാണ് വിധി വന്നത്. ആസിഫ് എന്നയാളുടെ പരാതിയിന്മേലാണ് എഫ് ഐ ആർ ഫയല്‍ ചെയ്തത്. 2020 ഫെബ്രുവരി 25 നാണ് കേസിനാധാരമായ സംഭവമുണ്ടായത്. വൈകിട്ട് നാലോടെയാണ് പ്രതിയുള്‍പ്പെട്ട സംഘം ഭഗവത് സിംഗ് എന്നയാളുടെ കടയാക്രമിച്ചത്. മാര്‍ച്ച് 17ന് ആരംഭിച്ച കേസിന്റെ വാദം കേള്‍ക്കല്‍ മാര്‍ച്ച് 23ന് അവസാനിച്ചിരുന്നു.
2020 ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest