Kerala
കല്‍പ്പറ്റ, പാലാ സീറ്റുകളിലെ തോല്‍വി സി പി എം പരിശോധിക്കും

തിരുവനന്തപുരം | 99 സീറ്റ് നേടി ചരിത്ര വിജയം നേടിയെങ്കിലും ചില മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത തോല്‍വിയും ചില മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞതും സി പി എം പരിശോധിക്കും. വീഴ്ചകള്‍ കണ്ടെത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി സംഘടനാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി നീക്കം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സി പി എം നേതൃയോഗങ്ങളിലാണ് ഈ തീരുമാനം. കല്‍പ്പറ്റ, പാല സീറ്റുകളിലെ തോല്‍വിയാണ് ഇതില്‍ പ്രധാനമായും പരിശോധിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടായതായാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇവിടങ്ങളില്‍ മുന്നണിക്കുള്ളിലുണ്ടായ ആസ്വാരസ്യങ്ങള്‍ തീര്‍ക്കുന്നതിനും കൂടിയാണ് അന്വേഷണം.
കല്‍പ്പറ്റയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായതായി നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. വലിയ ജനകീയ പരിവേഷമുള്ള സി കെ ശശീന്ദ്രനെ മാറ്റി ഘടകക്ഷിയായ എല്‍ ജെ ഡിക്ക് സീറ്റ് നല്‍കിയത് ശരിയായില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എല്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ്‌കുമാറിന്‌റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ന്യൂനപക്ഷ വോട്ട് ഏകീകരണമുണ്ടായതായും ആരോപോണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തോതല്‍വി വിശദമായി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.