National
യു പിയില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്ന് ആരോപിച്ച് ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു
ഗാസിയാബാദ് | ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരനായ യുവാവിനെ അടിച്ചു കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്‌നി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൊട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
പ്രവീണും സുഹൃത്തുക്കളായ ദേവേന്ദ്ര, വിനോദ് എന്നിവര്‍ ഗംഗ് നഹര്‍ ഘട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം മൂന്നംഗ സംഘം എത്തി ചോദ്യം ചെയ്യുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ അക്രമം തുടര്‍ന്നു. ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ പ്രവീണിനെയും കൂട്ടുകാരെയും മര്‍ദ്ദിച്ചത്. ആര്‍മി ജീവനക്കാരനായ നിതിന്‍ എന്നയാളാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് പ്രതികള്‍.





