National
ഗാസിപ്പൂരില്‍ ബി ജെ പി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി; കല്ലേറ്

ന്യൂഡല്‍ഹി | ഡല്‍ഹി-യു പി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ കര്‍ഷകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ബി ജെ പിക്കാര്‍ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. പുതിയ യു പി ബി ജെ പി മന്ത്രിക്ക് സ്വീകരണം നല്‍കാന്‍ എത്തിയ പ്രവര്‍ത്തകരും കര്‍ഷകരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും തങ്ങള്‍ക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. ബി ജെ പിയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സംഘര്‍ഷമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കര്‍ഷകരെ അപായപ്പെടുത്താനാണ് ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കര്‍ഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം. ബി ജെ പി സംഘത്തിന് നേരെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു.