Kerala
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പതിന്നാല് പേര്‍ക്ക് പരുക്ക്

പത്തനംതിട്ട | നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പതിന്നാല് പേര്‍ക്ക് പരുക്കേറ്റു. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നായക്ക് പേ വിഷബാധ ഉള്ളതായി സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെയ്പ് നല്‍കി. രാവിലെ 10.30ന് ആണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ നായയുടെ ആക്രമണം ഉണ്ടാകുന്നത്. ജനങ്ങള്‍ കല്ലെടുത്തെറിഞ്ഞും അടിച്ചും പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ നായ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.
രാവിലെ 5.30ന് മലയാലപ്പുഴയില്‍ ബിനു (40)എന്നയാളെ ആക്രമിച്ചതാണ് തുടക്കം. പിന്നീട് പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ സെക്യുരിറ്റി മോഹനനെ (52) സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറി കടിച്ചു. ബഹളം കേട്ട് ആളുകള്‍ എത്തി നായയെ ഓടിച്ചതോടെ സെന്‍ട്രല്‍ ജംഗ്ഷനില്‍ ബേങ്ക് ജീവനക്കാരനായ കൈപ്പട്ടൂര്‍ സ്വദേശി ലജു തോമസിനെ (23) ദേഹമാസകലം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. രാവിലെ പണിയ്ക്ക്‌പോയ അന്യ സംസ്ഥാന തൊഴിലാളി സലാംഗീര്‍ അലി (30), ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ കൈപ്പട്ടൂര്‍ സ്വദേശി രാജേഷ് കുമാര്‍ (46), ബസ് കയറാന്‍ നിന്ന തിരുവനന്തപുരം സ്വദേശി ബിപിന്‍ കുമാര്‍ (38), ഇതോടൊപ്പം വാഴമുട്ടം ശ്രീകുമാര്‍ (59), ആനപ്പാറയിലുള്ള മല്ലിക (46), ഓമല്ലൂര്‍ സ്വദേശി നിഷാ ഷാജന്‍ (32), പ്രക്കാനം സാബു വര്‍ഗീസ് (61), കോന്നി യാക്കൂബ് (38), വാഴമുട്ടം രാജു (59), നൂറനാട് ഹനീഫ (57), നാരങ്ങാനം സ്വദേശി സിസി ജോര്‍ജ് (75) എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരില്‍ പലരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കും ജോലിയ്ക്കായും നഗരത്തില്‍ എത്തിയവരാണ്. ഗുരുതരമായി പരിക്കേറ്റവരാണ് അധികവും. ഇന്നലെയും നാല് പേരെ നായ ആക്രമിച്ചതായി അധികൃതര്‍ പറയുന്നു.