Connect with us

National

പട്ടേലിന്റെ സന്ദര്‍ശനം: ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

Published

|

Last Updated

കവരത്തി | അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്. അഗത്തിയില്‍ മാത്രം 25 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചുമാറ്റിയത്. ശൂചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് പൊളിച്ച് നീക്കുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. മറ്റന്നാളാണ് അദ്ദേഹം ദ്വീപ് സന്ദര്‍ശിക്കുന്നത്. അഗത്തിയിലെത്തുന്ന പട്ടേല്‍ ഏഴ് ദിവസം ദ്വിപില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. വിവിധ പരിഷ്‌കാരങ്ങള്‍ എങ്ങനെ നടപ്പാകുന്നു എന്നതിലുള്ള ചര്‍ച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. 20ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിയമിച്ചു.