Connect with us

Kerala

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം | തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി മുമ്പ് തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ട് തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് എസ്ഡിആര്‍എഫ്-എന്‍ഡിആര്‍എഫ് സഹായം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് നിലവില്‍ ഉള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റര്‍ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

എസ്ഡിആര്‍എഫിനും എന്‍ഡിആര്‍എഫിനും അനുവദിക്കുന്ന വാര്‍ഷിക തുകയില്‍ നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ഉണ്ട്. പത്തു ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്.

14-ാം ധന കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രകൃതി ദുരന്തഘട്ടത്തില്‍ സഹായം നല്‍കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം എസ്ഡിആര്‍എംഎഫിലൂടെയും എന്‍ഡിആര്‍എംഎഫിലൂടെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ സഹായം വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് ഗുണകരമാകും എന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമ്പോള്‍ ലഭ്യമാക്കുന്ന സഹായം ഇരട്ടിപ്പിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Latest