National
യുപിയില്‍ കൊവിഡ് വാക്‌സിനേഷനില്‍ ഗുരുതര വീഴ്ച; ആദ്യ ഡോസ് കൊവിഷീല്‍ഡ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് നല്‍കിയത് കൊവാക്‌സിന്‍

ലഖ്നേ | ഉത്തര്‍പ്രദേശില്‍ കൊവിഡ് വാക്‌സിനേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആദ്യ ഡോസ് വാക്സിനില്‍നിന്ന് വ്യത്യസ്തമായ വാക്സിനാണ് രണ്ടാമത് നല്‍കിയത്. ആദ്യ ഡോസ് കൊവിഷീല്‍ഡ് നല്‍കിയവര്‍ക്ക് അതേ വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നതിന് പകരം കൊവാക്‌സിന്‍ നല്‍കുകയായിരുന്നു. 20 ഗ്രാമീണര്‍ക്ക് ഇത്തരത്തില്‍ കുത്തിവെപ്പ് മാറി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കുത്തിവെപ്പിലാണ് അബദ്ധം പിണഞ്ഞത്.
സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
അതേസമയം, വാക്സിന്‍ എടുത്തതിനു ശേഷം തങ്ങളെ ആരോഗ്യവകുപ്പ് അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്. വാക്സിന്‍ സ്വീകരിച്ചതിനു ശേഷമാണ് കോവാക്സിനാണ് എടുത്തതെന്ന് അറിഞ്ഞതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി.