Connect with us

Kerala

സ്പീക്കറുടെ രാഷ്ട്രീയം: വിമര്‍ശനവും മറുപടിയുമായി സതീശനും രാജേഷും

Published

|

Last Updated

തിരുവനന്തപുരം |  സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രതികരണം വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചതെന്നും, പൊതുവായ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് പറഞ്ഞതെന്നും എം ബി രാജേഷിന്റെ മറുപടി. സ്പീക്കറായി തിരഞ്ഞെടുത്ത രാജേഷിനെ അഭിന്ദിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായവും തുടര്‍ന്നുള്ള മറുപടിയും.

സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന സ്പീക്കറുടേതായ ഒരു പ്രസ്താവന മാധ്യമങ്ങളില്‍ കണ്ടു. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ തങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു- വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഉണ്ടായ ആശങ്ക മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചതെന്നും, പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ പറഞ്ഞതെന്നും രാജേഷ് മറുപടി നല്‍കി. സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട അന്തസും ഔചിത്യവും പാലിച്ചുകൊണ്ടായിരിക്കും അഭിപ്രായ പ്രകടനങ്ങളെന്നും എം ബി രാജേഷ് പറഞ്ഞു.

 

 

Latest