Connect with us

National

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കേണ്ടതില്ല; സെപ്തംബറിലോ അതിനു ശേഷമോ നടത്തണമെന്ന് സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന നിലപാടുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്ന് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര ഒഴികെയുള്ള പല സംസ്ഥാനങ്ങളും നിലപാടെടുത്തു. പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡല്‍ഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. അതേസമയം, ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം, ഒന്നിലധികം അവസരം നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം വാക്‌സീന്‍ നല്‍കിയ ശേഷം പരീക്ഷയാകാം എന്നീ നിര്‍ദേശങ്ങളും ചര്‍ച്ചയായി. സംസ്ഥാനങ്ങളുടെ നിലപാടുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പരീക്ഷ മാറ്റിവെക്കാനാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നും ധാരണയിലെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. പരീക്ഷ നടത്തണമെന്നും എന്നാല്‍, ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നുമാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്.

Latest