Articles
ഗസ്സയെ വിഴുങ്ങുന്നത് ‘മിലിട്ടറി ടെററിസം'

നമ്മുടെ മതനിരപേക്ഷ സംസ്‌കാരത്തെയും ചരിത്രബോധത്തെയും കളിയാക്കുന്ന ഇസ്‌ലാം വിരുദ്ധതയും വര്‍ഗീയതയും ഇളക്കിമറിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സംഘ്പരിവാര്‍. സ്വാതന്ത്ര്യത്തെയും രാഷ്ട്രങ്ങളുടെ വിമോചനത്തെയും സംബന്ധിച്ച എല്ലാ ജനാധിപത്യ വ്യവഹാരങ്ങളെയും അട്ടിമറിച്ച്, അധിനിവേശ യുദ്ധങ്ങളെയും വംശഹത്യകളെയും ഭീകരര്‍ക്കും ചെകുത്താന്‍ രാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കുമെതിരായ യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ വിശുദ്ധ യുദ്ധമായി അപനിര്‍മിച്ചവതരിപ്പിക്കുകയാണ് സയണിസ്റ്റുകളോടൊപ്പം ചേര്‍ന്ന് സംഘ്പരിവാരവും.
സാമൂഹിക മാധ്യമങ്ങളില്‍ അസഹനീയമാം വിധം ഗസ്സയിലെ കൂട്ടക്കുരുതികളെ ഭീകരവിരുദ്ധ വിശുദ്ധ ദൗത്യമായി വ്യാഖ്യാനിക്കുന്ന നവയാഥാസ്ഥിതികരുടെ അശ്ലീലങ്ങള്‍ നുരഞ്ഞു പൊങ്ങുകയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കിയ വര്‍ഗീയവാദികളുടെ രക്തദാഹവും വിദ്വേഷ സംസ്‌കാരവും നിറച്ച് സോഷ്യല്‍ മീഡിയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ആഘോഷങ്ങളിലാണെന്ന് തോന്നുന്നു. ഹണ്ടിംഗ്ടണ്‍ തീസീസിനാവശ്യമായ രീതിയില്‍ എല്ലാ വര്‍ഗീയ തീവ്രവാദി സംഘങ്ങളും ഫലസ്തീന്‍ പ്രശ്‌നത്തെ മുസ്‌ലിം-ജൂത സംഘര്‍ഷമാക്കി പരിമിതപ്പെടുത്താനാണ് നോക്കുന്നത്. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളുടെ കോളനിവത്കരണ ചരിത്രവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ പശ്ചിമേഷ്യന്‍ ആധിപത്യ തന്ത്രങ്ങളിലാണ് ഫലസ്തീനികളുടെ മണ്ണില്‍ ജൂതരാഷ്ട്ര സ്ഥാപനത്തിനുള്ള രാഷ്ട്രീയ സൈനിക പ്രയോഗങ്ങള്‍ രൂപപ്പെട്ടത്.
1838ല്‍ ജറൂസലമില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ജൂതരെ കുടിയേറ്റിയതും ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്‌റാഈല്‍ രാജ്യത്തിനായുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങളാരംഭിച്ചതും. ചരിത്രത്തെയും ഫലസ്തീന്‍ പ്രശ്‌നത്തെയും കപടാഖ്യാനങ്ങളിലൂടെ അട്ടിമറിക്കുകയാണ് ഹിന്ദുത്വ വാദികള്‍. സയണിസ്റ്റ് യുക്തിയില്‍ ഇസ്‌റാഈല്‍ ഭീകരതക്ക് സമ്മതി നിര്‍മിക്കുകയാണിവിടെ സംഘ്പരിവാര്‍. ഫലസ്തീന്‍ പ്രശ്‌നത്തെ സംബന്ധിച്ച ചിരസമ്മത സത്യങ്ങളെയെല്ലാം പുതിയ അപഗ്രഥന മാതൃകകളിലൂടെ അട്ടിമറിക്കുകയുമാണ് അവര്‍.
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അധിനിവേശത്തെ ചെറുക്കുന്ന ഫലസ്തീന്‍കാരെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്ന നവ യാഥാസ്ഥിതികരുടെ ഈ ഫാസിസ്റ്റ് യുക്തിയെ തിരിച്ചറിയാതെ പോകരുത്. ഹമാസിന്റെ പ്രതിരോധാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ ദാരുണാന്ത്യത്തെ ഉപയോഗിച്ച് ഫലസ്തീന്‍ വിരുദ്ധത പടര്‍ത്തുന്ന സയണിസ്റ്റ് സംഘി തന്ത്രത്തില്‍ വീണുപോയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും. ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ടെന്ന പോലെ ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്ന പോലെ ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണ് ഫലസ്തീനെന്ന് 1938ല്‍ തന്നെ മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു.
സയണിസ്റ്റാചാര്യന്മാരായ തിയോഡര്‍ ഹെര്‍സന്റെയും ഡേവിഡ് ബെന്‍ഗൂരിയാന്റെയും ജൂതരാഷ്ട്രവാദത്തെ ഹിറ്റ്‌ലറുടെ നാസി സിദ്ധാന്തം പോലെ തള്ളിക്കളയേണ്ടതാണെന്ന് ലോകത്തോട് പറഞ്ഞ മഹാത്മാവാണ് നമ്മുടെ ഗാന്ധിജി. ഇന്ത്യയെ കോളനിയാക്കി വെച്ച ബ്രിട്ടനാണ് സയണിസ്റ്റ് രാഷ്ട്രത്തിനു പിറകിലെന്നും അത് ഫലസ്തീനികളുടെ ദേശീയ സ്വത്വത്തെ നിഷേധിക്കുന്ന ചരിത്ര വിരുദ്ധമായൊരു വംശീയാധിപത്യത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും ഗാന്ധിജിയും കോണ്‍ഗ്രസും മുന്നറിയിപ്പു നല്‍കിയിരുന്നു. 1939 സെപ്തംബര്‍ 26ന് എ ഐ സി സി ഫലസ്തീന്‍ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ഫലസ്തീന്‍ പ്രശ്‌നത്തില്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസും ഇന്ത്യയുമെന്നും പലരും മറന്നു പോയിരിക്കുന്നു.
നിയോലിബറലിസവും നവ യാഥാസ്ഥിതികാശയങ്ങളും ചേര്‍ന്ന് നമ്മുടെ ഫലസ്തീന്‍ വ്യവഹാരമുള്‍പ്പെടെ മൂന്നാംലോക ദേശീയതകളുടെ വിമോചനത്തോട് സ്വീകരിച്ചുപോന്ന പരമ്പരാഗത നിലപാടുകളെയെല്ലാം ഇന്ന് അട്ടിമറിക്കുകയാണ്. ഹമാസും ഫത്താഹ് പാര്‍ട്ടിയുമെല്ലാം ഇന്ന് ഫലസ്തീനിലെ പ്രാദേശിക സര്‍ക്കാറുകളെ നയിക്കുന്ന പാര്‍ട്ടികളാണ്. 1993ലെ ഓസ്‌ലോ കരാറിന്റെയും തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും ധാരണകളുടെയും അടിസ്ഥാനത്തിലാണ് ഇസ്‌റാഈല്‍ സൈനികാധികാരശക്തിക്ക് കീഴിലാണെങ്കിലും ഗസ്സക്കും വെസ്റ്റ്ബാങ്കിനും പരിമിതമായ സ്വയംഭരണാധികാരം കിട്ടിയത്. അങ്ങനെയാണ് 2007 മുതല്‍ ഗസ്സയില്‍ ഹമാസ് നേതൃത്വം നല്‍കുന്ന ഭരണം നിലനില്‍ക്കുന്നത്. ഹമാസും ഹിസ്ബുല്ലയുമെല്ലാം പശ്ചിമേഷ്യയിലെ ഇസ്‌റാഈല്‍ കൂട്ടക്കൊലകളോടും അടിച്ചമര്‍ത്തലുകളോടുമുള്ള പ്രതികരണമെന്ന നിലയില്‍ ഉയര്‍ന്നുവന്ന ഗ്രൂപ്പുകളാണ്.
യാസര്‍ അറഫാത്തിനും പി എല്‍ ഒക്കുമുള്ള സാര്‍വദേശീയ അംഗീകാരത്തെയും സോവിയറ്റ് പിന്തുണയെയും ഇസ്‌റാഈലും അമേരിക്കയും വലിയ രീതിയില്‍ ഭയപ്പെട്ടിരുന്നു. 1967ലെ യുദ്ധത്തിലൂടെ ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയ ഗസ്സയും വെസ്റ്റ്ബാങ്കും 1970ല്‍ സോവിയറ്റ് യൂനിയന്‍ ഇടപെട്ടാണ് ഫലസ്തീനികള്‍ക്ക് മോചിപ്പിച്ചു കൊടുക്കുന്നത്. അതിനെ തുടര്‍ന്നാണ് അറഫാത്തിനെ യുഎന്‍ വിളിച്ചു വരുത്തുന്നതും സ്വയം ഭരണത്തിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതും. ഇസ്‌റാഈലിനെതിരായി ഉയര്‍ന്നു വരുന്ന ലോകാഭിപ്രായങ്ങളെയും അറഫാത്തും പി എല്‍ ഒയും ഉയര്‍ത്തുന്ന വെല്ലുവിളികളെയും അതിജീവിക്കാനുള്ള പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് തന്ത്രങ്ങളിലാണ് ഹമാസ് പ്രോത്സാഹിപ്പിക്കപ്പെട്ടത്. ഈ ചരിത്ര വസ്തുതകളെയെല്ലാം അജ്ഞതയില്‍ നിര്‍ത്തി ഗസ്സയെയും വെസ്റ്റ്ബാങ്കിനെയും പിടിച്ചെടുക്കാനുള്ള ആസൂത്രിത പദ്ധതികളിലാണ് ജറൂസലമിലെ ജൂതകുടിയേറ്റം മെയ് ആദ്യമാരംഭിച്ചതും ചെറുത്തുനിന്ന ഫലസ്തീനികളെ തുടര്‍ച്ചയായി ബലപ്രയോഗത്തിനിരയാക്കിയതും, മസ്ജിദുല്‍ അഖ്‌സ ആക്രമിച്ചതും. ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും ചേര്‍ന്നു രൂപപ്പെടുത്തിയ അധിനിവേശ പദ്ധതിയാണിത്.
ചരിത്രത്തെയും ലോകയാഥാര്‍ഥ്യങ്ങളെയും നിരാകരിക്കുന്ന നവ യാഥാസ്ഥിതികര്‍ പെരുംനുണകളിലൂടെയാണ് ഗസ്സയിലെ ഇസ്‌റാഈല്‍ കൂട്ടക്കൊലകളെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. ബൈബിളികമായ കഥകളെയും വിശ്വാസങ്ങളെയും ചരിത്രമായും അനിഷേധ്യമായ ജൂതാവകാശമായും അവതരിപ്പിക്കുകയാണവര്‍. പഴയ നിയമത്തില്‍ യഹോവ ഇസ്‌റാഈലികള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമിയാണ് ജറൂസലമുള്‍ക്കൊള്ളുന്ന ഫലസ്തീനെന്നും അവിടെ 18 നൂറ്റാണ്ടുകളോളം ജൂതഭരണം നിലനിന്നിരുന്നുവെന്നെല്ലാമാണ് തട്ടിവിടുന്നത്. ഇതിന് ചരിത്രവുമായി യാതൊരു ബന്ധവുമില്ല. വിശ്വാസത്തെയും മിത്തുകളെയും ചരിത്രമായി വ്യാഖ്യാനിച്ച് മതാവേശമിളക്കിവിടുകയാണ് സയണിസ്റ്റുകള്‍.
ഇവിടെയത് കടുത്ത ഇസ്‌ലാമിക വിരോധികളായ സംഘ്പരിവാറും ചില നവയാഥാസ്ഥിതിക ക്രൈസ്തവ ഗ്രൂപ്പുകളും ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇവരെല്ലാം ചേര്‍ന്ന് തിയോഡര്‍ഹെര്‍സന്റെ ഫലസ്തീനികളുടെ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള സയണിസ്റ്റ് വംശീയ സിദ്ധാന്തം സോഷ്യല്‍മീഡിയകളിലൂടെ ഒഴുക്കുകയാണ്. ഓരോ ജനസമൂഹത്തിന്റെയും സാമൂഹികാശയങ്ങളെയും ചരിത്ര ഭാവനകളെയും ഇത്തരം മിത്തുകളും വിശ്വാസങ്ങളും തെറ്റും ശരിയുമായ രീതിയില്‍ സ്വാധീനിച്ചേക്കാമെന്നത് മറ്റൊരു കാര്യമാണ്. ഫാസിസ്റ്റുകളും വംശീയവാദികളും എല്ലായിടത്തും ഒരുപോലെ മിത്തുകളെയും വിശ്വാസങ്ങളെയും ചരിത്രമാക്കി വ്യാഖ്യാനിച്ചാണ് തങ്ങളുടെ സംസ്‌കാര സംഘര്‍ഷ പദ്ധതികള്‍ക്ക് പ്രയോഗ സാധ്യതകള്‍ കണ്ടെത്തുന്നത്. അതുപോലെ തങ്ങള്‍ക്കനഭിമതരായ ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും നേരേ ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ഉന്മാദം വളര്‍ത്തിയെടുക്കുന്നതും.
1948ല്‍ 14 ലക്ഷത്തോളം ഫലസ്തീനികള്‍ താമസിക്കുമ്പോഴാണ് ഡേവിഡ് ബെന്‍ഗൂരിയാന്‍ ജനതയില്ലാത്ത രാജ്യം രാജ്യമില്ലാത്ത ജനതക്ക് എന്ന പെരുംനുണ പ്രചരിപ്പിച്ച് ഫലസ്തീനില്‍ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കുന്നത്. 90 ശതമാനം ഫലസ്തീനികളെയും തുരത്തിയോടിച്ചാണ് ജൂതമതാധിഷ്ഠിത രാഷ്ട്രം യാഥാര്‍ഥ്യമാക്കിയത്. ഈജിപ്തിലെ നാസറിന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍, ഇസ്‌റാഈല്‍ രാഷ്ട്രത്തെ ഉപയോഗിച്ച് പശ്ചിമേഷ്യയിലെ വാണിജ്യ പാതകളും എണ്ണ സമ്പത്തും വിഭവങ്ങളും കൈയടക്കി വെക്കാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും അധിനിവേശ നീക്കങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചു. ഇന്ത്യയുള്‍പ്പെടെ പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളും സോവിയറ്റ് യൂനിയനും നാസറിന് പിന്തുണ നല്‍കി. ഫലസ്തീനികളുടെ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചു. ഇന്ത്യ ഇസ്‌റാഈലുമായി നയതന്ത്രബന്ധം പോലും സ്ഥാപിക്കാന്‍ വിസമ്മതിച്ചു. 1992ല്‍ റാവു സര്‍ക്കാറാണ് നമ്മുടെ പരമ്പരാഗത നിലപാടുകള്‍ ഉപേക്ഷിച്ച് ഇസ്‌റാഈലുമായി ബന്ധം സ്ഥാപിച്ചത്. സാമ്പ്ര ഷാറ്റില കൂട്ടക്കൊലയുടെ ആസൂത്രകനായ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നതും റാവുവാണ്. ബി ജെ പി. എം പിമാരും കോണ്‍ഗ്രസ് മന്ത്രിമാരും “ഹിന്ദി ഹീബ്രു ഭായ് ഭായ്” വിളിച്ച് ഷാരോണിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചിരുന്നു അന്ന്.
ഫലസ്തീനില്‍ മുമ്പൊരിക്കലും ജൂത ഭരണം നിലനിന്നിരുന്നില്ല. അത്തരം വാദങ്ങള്‍ ചരിത്രവിരുദ്ധവും സയണിസ്റ്റുകളുടെ നുണപ്രചാരണവും മാത്രമാണ്. എ ഡി 638 മുതല്‍ ജറൂസലം കേന്ദ്രമായി 12 നൂറ്റാണ്ടുകാലത്തോളം മുസ്‌ലിം ഭരണം നിലനിന്നിരുന്ന രാജ്യമാണ് ഫലസ്തീന്‍. ഖാലിദ് ബിന്‍വലീദിന്റെ സൈന്യം ജറൂസലമില്‍ എത്തിയതോടെയാണ് മുസ്‌ലിം ഭരണം ആരംഭിക്കുന്നത്. (ഫലസ്തീന്‍ പ്രശ്‌നം- മുഹ്‌സിന്‍ എം സ്വലാഹ്). 1770ല്‍ ഫലസ്തീന്‍ സന്ദര്‍ശിച്ച ബെഞ്ചമിന്‍ എന്ന ജൂത തീര്‍ഥാടകന്‍ 1,440 ജൂതന്മാര്‍ അവിടെയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1267ല്‍ ഫലസ്തീന്‍ സന്ദര്‍ശിച്ച നെഹ്മാന്‍ ജെര്‍മാന്റി അവിടെ രണ്ട് ജൂത കുടുംബങ്ങളെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്തുവിന്റെ ഘാതകരെന്ന് ആക്ഷേപിക്കപ്പെട്ട് ആട്ടിയകറ്റപ്പെട്ട, ക്രിസ്ത്യാനികളാല്‍ വേട്ടയാടപ്പെട്ട ജൂതര്‍ക്ക് ഫലസ്തീനില്‍ അഭയം നല്‍കി താമസിപ്പിച്ചത് മുസ്‌ലിം ഭരണാധികാരികളായിരുന്നു. 1799ല്‍ ഫലസ്തീനിലെ ജൂത ജനസംഖ്യ 5,000ല്‍ താഴെ മാത്രമായിരുന്നു. 1876ല്‍ 13,920 ആയി ഉയര്‍ന്നു. റഷ്യയില്‍ നിന്ന് നിഷ്‌കാസിതരാക്കപ്പെട്ട ജൂതരില്‍ 55,000 പേരെ ഫലസ്തീനില്‍ കൊണ്ടുവന്ന് താമസിപ്പിച്ചതോടെയാണ് ജൂത ജനസംഖ്യ കൂടിത്തുടങ്ങിയത്. പിന്നീട് ബ്രിട്ടന്റെ നേരിട്ടുള്ള കാര്‍മികത്വത്തിലാണ് ഫലസ്തീനില്‍ ജൂത കുടിയേറ്റം നടക്കുന്നതും അമേരിക്കയുടെ മുന്‍കൈയില്‍ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കുന്നതും. വെണ്ണയില്‍ കത്തി കയറ്റുന്നതു പോലെ ഫലസ്തീനികളെ അരിഞ്ഞു തള്ളിയും കൊന്നുകൂട്ടിയും സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച രാഷ്ട്രമാണ് ഇസ്‌റാഈല്‍. ആയുധ കുത്തകകളും ആഗോള കോര്‍പറേറ്റ് ഭീമന്മാരും നയിക്കുന്ന വംശാധിഷ്ഠിത രാഷ്ട്രം. യഹോവയെ ദേശീയ ദൈവമാക്കി തങ്ങള്‍ക്ക് അനഭിമതരായ ഫലസ്തീന്‍അറബ് ജനതയെ കൊന്നുകൂട്ടുന്നത് ദൈവ ദൗത്യമാണെന്ന് കരുതുന്ന രാഷ്ട്രം. ചോംസ്‌കി നിരീക്ഷിക്കുന്നത് പോലെ ഒരു മിലിട്ടറി ടെററിസ്റ്റ് രാഷ്ട്രം.
കെ ടി കുഞ്ഞിക്കണ്ണന്‍