Connect with us

Editorial

കൊവിഡ് തട്ടിപ്പുകള്‍ പലവിധം

Published

|

Last Updated

കൊവിഡിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് വാക്‌സീനേഷന്‍ രജിസ്‌ട്രേഷന്‍, ശവസംസ്കാരം, കൊവിഡ് രോഗികള്‍ക്കായുള്ള ചാരിറ്റി പ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളിലെല്ലാം തട്ടിപ്പും ചൂഷണവും വ്യാപകമാണ്. വാക്‌സീന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു വരുന്ന ഫോണ്‍കോളാണ് ഈ രംഗത്തെ തട്ടിപ്പിന്റെ തുടക്കം. ആരോഗ്യവകുപ്പില്‍ നിന്നെന്ന വ്യാജേനയാണ് വിളി വരുന്നത്. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന വ്യക്തി അതിനു താത്പര്യം പ്രകടിപ്പിച്ചാല്‍ അയാളുടെ ആധാര്‍ നമ്പര്‍, ഇ മെയില്‍ വിലാസം അടക്കമുള്ള വിവരങ്ങള്‍ ചോദിക്കും. ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ ടി പി അയക്കുകയും ഈ നമ്പര്‍ ചോദിച്ചറിയുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്. ഒ ടി പി നല്‍കിക്കഴിഞ്ഞാല്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബേങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടും.
ഇ മെയിലിലും മൊബൈലിലും വ്യാജ വാക്‌സീന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് അയച്ചും തട്ടിപ്പ് നടക്കുന്നു. ഇപ്പോള്‍ വാക്‌സീനേഷന് രജിസ്റ്റര്‍ ചെയ്യാം എന്ന അറിയിപ്പോടെയാണ് ലിങ്കുകള്‍ എത്തുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വ്യാജ വെബ്‌സൈറ്റിലാണ് എത്തിച്ചേരുക. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കൊവിഡ് വാക്‌സീന്‍ സംബന്ധിച്ച് ഇ മെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കുകയോ സന്ദേശങ്ങള്‍ക്കും ഫോണ്‍വിളികള്‍ക്കും മറുപടി നല്‍കുകയോ അരുതെന്നും സംസ്ഥാന പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിന്‍ പ്ലാറ്റ് ഫോം, ആരോഗ്യ സേതു ആപ്പ് എന്നിവ മാത്രമാണ് നിലവില്‍ വാക്‌സീനേഷന്‍ രജിസ്‌ട്രേഷന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആപ്പുകള്‍. മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെയും വാക്‌സീനേഷന്‍ രജിസ്‌ട്രേഷന്‍ സാധ്യമല്ല.
തുടക്കത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും, പിന്നീട് 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് എന്നിങ്ങനെ ഘട്ടംഘട്ടമായാണ് സര്‍ക്കാര്‍ വാക്‌സീനേഷന്‍ വിതരണം ക്രമപ്പെടുത്തിയിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീനേഷന്‍ നല്‍കാന്‍ തീരുമാനമുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എങ്കിലും എല്ലാ പ്രായക്കാര്‍ക്കും വരുന്നുണ്ട് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് സംഘങ്ങളുടെ കോളുകള്‍. ഇവരുടെ വലയില്‍ അകപ്പെട്ട് മുംബൈ, ഗോരഖ്പൂര്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രമുഖ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളുണ്ടാക്കിയാണ് ചാരിറ്റി മേഖലയിലെ തട്ടിപ്പ്. ചിലര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും കാണിച്ച് സുഹൃത്തുക്കളെ കണ്ടെത്തി സന്ദേശമയക്കുന്നു. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി ഡയറക്ടറുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അര ലക്ഷത്തിലധികം രൂപയാണ് ഗൂഗിള്‍ പേ അക്കൗണ്ട് വഴി ഒരു അജ്ഞാത സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. നേരത്തേ കേരളത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെയടക്കം പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

ഉത്തരേന്ത്യയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരെ ദഹിപ്പിക്കുന്നതിനുള്ള ചിതയൊരുക്കാനാവശ്യമായ വിറക് വിതരണ ചുമതല മാഫിയാ സംഘങ്ങള്‍ കൈയടക്കിയതായും ഒരു മൃതദേഹം കത്തിക്കാനുള്ള വിറകിന് 25,000 രൂപ വരെ ഈടാക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച വൈക്കം സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് നാട്ടകത്തെ സ്വകാര്യ സ്ഥാപനം ഈടാക്കിയത് 18,000 രൂപയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള മുട്ടമ്പലത്തെ ശ്മശാനത്തില്‍ മൃതദേഹം എത്തിക്കുന്നതിന് 13,500 രൂപ, ശ്മശാനം ബുക്ക് ചെയ്യുന്നതിനെന്ന പേരില്‍ 4,000 രൂപ, മൃതദേഹം ആംബുലന്‍സില്‍ നിന്ന് ചിതയിലേക്ക് എടുക്കുന്നതിന് ഒപ്പമുണ്ടായിരുന്ന ഓരോരുത്തര്‍ക്കും 500 രൂപ, ചിതാഭസ്മം മണ്‍കുടത്തിലാക്കി നല്‍കുന്നതിന് 500 രൂപ എന്നിങ്ങനെയാണത്രെ കണക്ക്.
ഒട്ടും പ്രതിഫലം വാങ്ങാതെ കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന “എസ് വൈ എസ് സാന്ത്വനം” പോലുള്ള സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് സംസ്ഥാനത്തുടനീളം. കോട്ടയത്തുമുണ്ട് അത്തരം സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും. വൈക്കം സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്തിരുന്നു ചില സന്നദ്ധ പ്രവര്‍ത്തകര്‍. എന്നാല്‍ മേല്‍പറഞ്ഞ നാട്ടകത്തെ സ്വകാര്യ സ്ഥാപനം ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ശ്മശാനം ബുക്ക് ചെയ്യാനും മറ്റും അവര്‍ക്ക് സാധിക്കില്ലെന്നുമായിരുന്നു ബന്ധുക്കളെ അവര്‍ പറഞ്ഞു ധരിപ്പിച്ചത്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ് രാജ്യം. ദിനംപ്രതി മൂന്ന് ലക്ഷത്തിനു മുകളിലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളുടെ എണ്ണം രണ്ടര കോടിയും മരണസംഖ്യ 2.74 ലക്ഷവുമെത്തി. ആശുപത്രികള്‍ ഒന്നടങ്കം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് ചില ദുഷ്ടമാനസര്‍ ഇത്തരം തട്ടിപ്പുകളുമായി രംഗത്തു വരുന്നത്. ഇതിനെതിരെ കര്‍ക്കശമായ നിയമ നടപടികളും ഒപ്പം ശക്തമായ ബോധവത്കരണവും ആവശ്യമാണ്. അജ്ഞതയും രോഗവ്യാപനം സൃഷ്ടിച്ച ഭീതിയുമാണ് സാധാരണക്കാര്‍ തട്ടിപ്പുകാരുടെയും വെട്ടിപ്പുകാരുടെയും വലയില്‍ അകപ്പെടാന്‍ ഇടയാക്കുന്നത്.

---- facebook comment plugin here -----

Latest