Connect with us

Editors Pick

ക്യാമറ എടുക്കാന്‍ പത്ത് മിനുട്ടിനായി കെഞ്ചിയെങ്കിലും ഇസ്‌റാഈല്‍ സൈന്യം അനുവദിച്ചില്ല; ജീവൻ വരെ നഷ്ടപ്പെടുമായിരുന്ന ക്രൂരത ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകര്‍

Published

|

Last Updated

ഗാസ | ഗാസയില്‍ അല്‍ ജസീറയുടെയും അസോസിയേറ്റഡ് പ്രസ്സി(എ പി)ന്റെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന 11 നില വരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവിടെയുള്ളവര്‍ക്ക് ഇസ്‌റാഈല്‍ സൈന്യം നല്‍കിയത് വെറും ഒരു മണിക്കൂറാണ്. നിരവധി ഓഫീസുകള്‍ക്ക് പുറമെ 60 പാര്‍പ്പിട അപ്പാര്‍ട്ട്‌മെന്റുകളും ഈ കെട്ടിടത്തിലുണ്ട്. അവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വസിക്കുന്നു. ഈ കെട്ടിടത്തില്‍ ആകെയുണ്ടായിരുന്നത് ഒരു ലിഫ്റ്റ് ആണ്. വെറും ഒരു മണിക്കൂര്‍ കൊണ്ടുവേണം പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയുമൊക്കെ ഒഴിപ്പിക്കാന്‍.

ജീവിതത്തില്‍ ഇന്നുവരെ സ്വരുകൂട്ടിയത് എടുക്കണം. അവശ്യവസ്തുക്കള്‍ കരുതണം. ഇസ്‌റാഈലിന്റെ കണ്ണില്ലാത്ത ക്രൂരത അറിയാവുന്നത് കൊണ്ട് തങ്ങളുടെ ജീവിതം ഇനി അഭയാര്‍ഥി ക്യാമ്പിലാണെന്ന് ഇവര്‍ക്ക് ബോധ്യമുണ്ട്. കെട്ടിടം മുച്ചൂടും അവര്‍ നശിപ്പിക്കും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ലിഫ്റ്റ് വിട്ടുകൊടുത്ത് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഗോവണിപ്പടി താഴെയെത്താന്‍ ശ്രമിച്ചു. എല്ലാവരും ജീവനും കൊണ്ട് ഓടുകയായിരുന്നു. കെട്ടിടത്തിന് പുറത്ത് നിലയുറപ്പിക്കാന്‍ പറ്റില്ല. ദൂരെ സ്ഥലത്തേക്ക് പോകണം. അല്ലെങ്കില്‍ ഇസ്‌റാഈല്‍ പോര്‍വിമാനങ്ങളുടെ ലക്ഷ്യം തങ്ങളും ആയേക്കും.

ഓഫീസില്‍ നിന്ന് ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും അടക്കമുള്ള എടുക്കാന്‍ പറ്റുന്നവ എടുത്താണ് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക സഫ്വത് അല്‍ കഹ്ലൂത് അടക്കമുള്ളവര്‍ ഇറങ്ങിയത്. എന്നാല്‍ കൂടുതല്‍ സമയം ഇവര്‍ക്ക് ആവശ്യമായിരുന്നു. 15 മിനുട്ട് അധികം തരണമെന്ന് എ പി മാധ്യമപ്രവര്‍ത്തകന്‍ ഇസ്‌റാഈല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിലൂടെ കെഞ്ചിയെങ്കിലും ലഭിച്ചില്ല. കെട്ടിടം ഉടമയായ ജവാദ് മഹ്ദിയും കൂടുതല്‍ സമയത്തിന് ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരായ നാല് പേരെ കെട്ടിടത്തിലേക്ക് കടത്തിവിടണമന്നതായിരുന്നു ആവശ്യം. ക്യാമറകള്‍ പുറത്തെത്തിക്കണം. പത്ത് മിനുട്ടിനായി വീണ്ടും വീണ്ടും കെഞ്ചിയെങ്കിലും ഇസ്‌റാഈലി ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ല.

“ഒരായുസ്സിലെ അധ്വാനവും ഓര്‍മകളും ജീവിതവുമാണ് നിങ്ങള്‍ തകര്‍ത്തത്. ഞാനിവിടെ തൂങ്ങിമരിക്കും. നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ സാധിക്കും?” ഇതായിരുന്നു കെട്ടിട ഉടമയായ മഹ്ദിയുടെ മറുപടി. ഹമാസ് ചാരന്മാരെ ഇല്ലാതാക്കാനാണ് കെട്ടിടം ലക്ഷ്യമിട്ടതെന്ന പതിവ് ന്യായമാണ് ഇസ്‌റാഈല്‍ സൈന്യം മുന്നോട്ടുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ മനുഷ്യകവചമായി വെച്ചാണ് ഹമാസ് ഈ പ്രദേശം ഭരിക്കുന്നതെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് ഒരു തെളിവും മുന്നോട്ടുവെക്കാന്‍ അവര്‍ക്കായിട്ടില്ല. പത്ത് വര്‍ഷമായി ഈ ഓഫീസില്‍ ജോലി ചെയ്യുന്ന തനിക്ക് ഇതുവരെ സംശയകരമായി ഒന്നും തോന്നിയിട്ടില്ലെന്ന് അല്‍ കഹ്ലൂത് പറയുന്നു.