Covid19
കൊവിഡ് പ്രതിരോധത്തിലെ പാളിച്ച; മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച നിരവധി പേരെ പിടികൂടി പോലീസ്

ന്യൂഡല്‍ഹി | കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ച വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററൊട്ടിച്ചതിന് പത്തിലേറെ പേരെ ഈയടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കുക അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തി 13 എഫ് ഐ ആറുകള്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡല്‍ഹി പോലീസിലെ ഈസ്‌റ്റേണ്‍ റേഞ്ച്, ഈസ്റ്റ്, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ് വിഭാഗങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംയുക്ത നടപടിയാണിതെന്നാണ് ഇവ സൂചിപ്പിക്കുന്നത്. “ഞങ്ങളുടെ കുട്ടികള്‍ക്ക് കിട്ടേണ്ട വാക്‌സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു, മോദിജീ?” എന്നാണ് പോസ്റ്ററിലുള്ളത്.
ഇത്തരത്തില്‍ 800ലേറെ ബാനറുകളും പോസ്റ്ററുകളും കണ്ടെത്തിയിട്ടുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ ആറ് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. രണ്ടാം തരംഗത്തില്‍ ഓക്‌സിജനും ആശുപത്രി ചികിത്സയും കിട്ടാത്തത് അടക്കമുള്ള നിരവധി ദുരിതങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യംവഹിച്ചിരുന്നത്.