International
പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

കാഠ്മണ്ഡു | വിശ്വാസ വോട്ടെടുപ്പിനെ നേരിട്ട നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി പരാജയപ്പെട്ടു. 93നെതിരെ 124 വോട്ടുകള്‍ക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സര്‍ക്കാരിനു വിശ്വാസം തെളിയിക്കാന്‍ വേണ്ടിയിരുന്നത്. സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) കഴിഞ്ഞ ദിവസം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
ഇതോടെയാണു വിശ്വാസ വോട്ടെടുപ്പിലേക്ക് ഓലി നീങ്ങിയത്. 275 അംഗ പാര്‍ലമെന്റില്‍ ഓലിയുടെ സിപിഎന്‍യുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതില്‍ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്. ചെറു കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഓലി സര്‍ക്കാര്‍ വിശ്വാസവോട്ടിന് നേരിട്ടത്.
വിശ്വാസ വോട്ടെടുപ്പില്‍ ഓലി പരാജയപ്പെട്ടതോടെ നേപ്പാള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ്.