Connect with us

Editorial

അര്‍മേനിയന്‍ ആക്രമണം വംശഹത്യയായിരുന്നോ?

Published

|

Last Updated

ചരിത്രത്തെ കലര്‍പ്പില്ലാതെ പുനരാനയിച്ചാല്‍ മനുഷ്യരെ പ്രചോദിപ്പിക്കാനും പ്രതികരണക്ഷമതയുള്ളവരാക്കാനും വിപ്ലവകാരികളാക്കാനും സാധിക്കും. ഇതേ ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കി പ്രചരിപ്പിച്ചാല്‍ കലാപങ്ങളുണ്ടാക്കാം. സംശയങ്ങളും അപഹാസങ്ങളും അവഹേളനങ്ങളും സൃഷ്ടിക്കാം. നിരവധി മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ തകര്‍ന്നടിഞ്ഞു നില്‍ക്കുമ്പോള്‍ സുസ്ഥിരമായി നിലകൊള്ളുകയും മേഖലയിലെ പ്രശ്‌നങ്ങളില്‍ കൃത്യമായി അഭിപ്രായം പറയുകയും ചെയ്യുന്ന തുര്‍ക്കിക്കെതിരെ ചരിത്രത്തെ ആയുധമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമാണ് ഓട്ടോമന്‍ കാലത്തെ അര്‍മേനിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍.

1915 മുതല്‍ 1917 വരെ, ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന അര്‍മേനിയന്‍ ആക്രമണത്തെ “വംശഹത്യ”യെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതാദ്യമായാണ് ഒരു യു എസ് പ്രസിഡന്റ് ഈ പദപ്രയോഗം നടത്തുന്നത്. ലോകത്താകെയുള്ള അര്‍മേനിയന്‍ വംശജരും തുര്‍ക്കിവിരുദ്ധ യൂറോപ്യന്‍ ഗ്രൂപ്പും കടുത്ത സമ്മര്‍ദം ചെലുത്തിയിട്ടും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിന് തയ്യാറായിരുന്നില്ല. തുര്‍ക്കിയുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങളില്‍ അലോസരമുണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല എന്നതാണ് വസ്തുത. ബൈഡന്‍ ഇക്കാര്യത്തില്‍ ട്രംപിനെ മറികടന്നിരിക്കുന്നു. ഓട്ടോമന്‍ ഭരണാധികാരികള്‍ 15 ലക്ഷം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൊന്നുതള്ളിയെന്നും വംശീയ ഉന്മൂലനമാണ് ഈ കൂട്ടക്കുരുതിയുടെ ലക്ഷ്യമെന്നുമുള്ള ചരിത്ര വ്യാഖ്യാനത്തിന് താഴെ ഒപ്പുവെക്കുകയാണ് ബൈഡന്‍. “ഓട്ടോമന്‍ കാലത്ത് നടന്ന അര്‍മേനിയന്‍ “വംശഹത്യ”യില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഞങ്ങള്‍ സ്മരിക്കുന്നു. അത്തരം ക്രൂരതകള്‍ ഇനി ഒരിക്കലും നടക്കാന്‍ പാടില്ലെന്ന് പ്രതിജ്ഞ ഞങ്ങള്‍ പുനര്‍ സമര്‍പ്പിക്കുന്നു” എന്നാണ് ബൈഡന്‍ പറഞ്ഞത്. “ഇത് പറയുന്നത് ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല. ഇങ്ങനെയൊന്ന് ആവര്‍ത്തിക്കാതിരിക്കാനാണെ”ന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ബൈഡന്റെ പ്രസ്താവന അര്‍മേനിയന്‍ വംശജരുടെ വന്‍ നയതന്ത്ര വിജയമാണെന്നതില്‍ തര്‍ക്കമില്ല. ഫ്രാന്‍സ്, ജര്‍മനി, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് അമേരിക്ക കൂടി വരുന്നതോടെ നഷ്ടപരിഹാരം ചോദിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ അര്‍മേനിയക്ക് സാധിക്കും. തുര്‍ക്കിയുടെ പിന്തുണയുള്ള അസര്‍ബൈജാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കാനും അര്‍മേനിയ മുതിര്‍ന്നേക്കും.

ബൈഡന്റെ പ്രസ്താവനയെ ചരിത്രഹത്യയെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ചരിത്രത്തെ വ്യാഖ്യാനിക്കേണ്ടത് ചരിത്രകാരന്‍മാരാണ്, സ്ഥാപിത ലക്ഷ്യങ്ങളുള്ള രാഷ്ട്രീയക്കാരല്ലെന്നും ഉര്‍ദുഗാന്‍ പറയുന്നു. 1915ല്‍ ഉസ്മാനിയ്യ (ഓട്ടോമന്‍) ഭരണകൂടം നടത്തിയ സൈനിക നീക്കത്തെ ചൊല്ലിയാണ് വാഗ്വാദം നടക്കുന്നത്. ലക്ഷക്കണക്കായ അര്‍മേനിയക്കാരെ സിറിയയിലേക്കും മറ്റും പിടിച്ചു കൊണ്ടുപോയി മണലാരണ്യത്തില്‍ കൊന്നു തള്ളിയെന്നാണ് ഒരു ഭാഷ്യം. എന്നാല്‍ അതിശക്തമായ ഏറ്റുമുട്ടല്‍ നടന്നുവെന്നും അതില്‍ ഇരു പക്ഷത്തുള്ളവരും കൊല്ലപ്പെട്ടുവെന്നും യുദ്ധത്തിന്റെ ഭാഗമായുണ്ടായ പട്ടിണിയും പകര്‍ച്ചവ്യാധികളും നിരവധി മനുഷ്യരുടെ മരണത്തില്‍ കലാശിച്ചുവെന്നുമാണ് മറ്റൊരു ഭാഷ്യം.
വംശഹത്യാ ആരോപണത്തെ തുര്‍ക്കി പാടേ തള്ളിക്കളയുന്നു. 1915ല്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകം ആയിരുന്നില്ല. ഇരു ഭാഗത്തും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അര്‍മേനിയന്‍ ജനതയില്‍ നല്ലൊരു വിഭാഗം രാഷ്ട്രവിരുദ്ധ ദൗത്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അന്നത്തെ ഭരണകൂടത്തിന് ശക്തമായ നടപടി സ്വീകരിക്കേണ്ടി വന്നു. റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ സാമ്രാജ്യത്വ ശക്തികളുമായി കൈകോര്‍ക്കുകയാണ് അര്‍മേനിയന്‍ ജനത ചെയ്തത്. അതുകൊണ്ട്, യുദ്ധമാണ് നടന്നത്. ഇതാണ് തുര്‍ക്കിയുടെ വാദം. അര്‍മേനിയക്കാര്‍ നാടുകടത്തപ്പെട്ടുവെന്നതും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നതും വസ്തുതയാണെന്ന് തുര്‍ക്കി അംഗീകരിക്കുന്നു. (മൂന്ന് ലക്ഷമെന്നാണ് തുര്‍ക്കിയുടെ കണക്ക്). അര്‍മേനിയന്‍ പ്രതിനിധിയെ ക്ഷണിച്ച് വരുത്തി ചര്‍ച്ച നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് ഏതാനും വര്‍ഷം മുമ്പ് ശ്രമിച്ചിരുന്നു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് തുര്‍ക്കിയുടെ വാദത്തിന്റെ ചില ഭാഗങ്ങള്‍ ന്യായമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

2015 ഏപ്രിലില്‍, കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികാചരണത്തിലാണ് ഈ വംശഹത്യാ വാദവും പ്രതിവാദവും കൂടുതല്‍ ഉച്ചത്തിലായത്. അന്ന് അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള അര്‍മേനിയന്‍ വംശജര്‍ ഒത്തു ചേര്‍ന്നു. നിരവധി ലോകനേതാക്കള്‍ പങ്കെടുത്തു. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ തഖ്‌സീം ചത്വരത്തിലും അനുസ്മരണ പരിപാടികള്‍ നടന്നു. കത്തോലിക്കാ സഭാ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് വംശഹത്യാ ആരോപണം ആവര്‍ത്തിച്ചതോടെ ചര്‍ച്ചകള്‍ കത്തിപ്പടര്‍ന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയാണിതെന്നും ഉന്മൂലനം തന്നെയായിരുന്നു ഓട്ടോമന്‍ ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മുഴുവന്‍ പേരെയും പോപ്പ് വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു ഏപ്രില്‍ കടന്നു പോകുമ്പോള്‍ വലിയ രാഷ്ട്രീയ പ്രഹര ശേഷിയോടെ ചരിത്രം ആധുനിക തുര്‍ക്കിയെ ഒറ്റപ്പെടുത്തുകയാണ്. മതപരമായ വിഭജനമടക്കമുള്ള നിരവധി താത്പര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് ബൈഡന്റെ പ്രഖ്യാപനത്തില്‍. കോളനി വാഴ്ചക്കായി നടന്ന ക്രൂരമായ പടയോട്ടങ്ങളെയും കുതന്ത്രങ്ങളെയുമെല്ലാം അത് പരോക്ഷമായി വെള്ളപൂശുന്നുമുണ്ട്. യൂറോപ്പിന് കൊള്ളാത്ത രാജ്യമാണ് തുര്‍ക്കിയെന്ന പതിവ് പല്ലവിക്ക് അത് ശക്തി പകരുന്നു. ഒറ്റപ്പെടുത്തേണ്ട രാജ്യമാണ് തുര്‍ക്കിയെന്ന സന്ദേശവും അതിലുണ്ട്. ചരിത്ര സംഭവങ്ങളെ അതിന്റെ വിശാല പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തി അവതരിപ്പിക്കുന്നതിന് പകരം സമഗ്രമായ പരിശോധനകള്‍ക്ക് വിധേയമാക്കി തീര്‍പ്പിലെത്തുകയാണ് വേണ്ടത്. തങ്ങളുടെ രാജ്യത്ത് അവശേഷിക്കുന്ന അര്‍മേനിയക്കാരെ കൂടുതല്‍ സ്‌നേഹവായ്‌പോടെ ഉള്‍ക്കൊള്ളുകയാണ് തുര്‍ക്കി ചെയ്യേണ്ടത്. ചരിത്രത്തിലെ ചോരപ്പാടുകള്‍ മായ്ക്കാനാകില്ല. പക്ഷേ ആ മുറിവുകളില്‍ മുളക് പുരട്ടാതിരിക്കാം.