Connect with us

Articles

നീതിബോധങ്ങള്‍ക്ക് തുടര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്‌

Published

|

Last Updated

ഭരണഘടനാ പ്രതിബദ്ധതയും നീതിബോധവുമുള്ള ന്യായാധിപര്‍ പോലും ഭരണകൂട ഇംഗിതം മാനിച്ചുകൊണ്ട് നിയമ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്ന കാലം. പ്രത്യക്ഷത്തില്‍ ഭരിക്കുന്നവര്‍ക്ക് തിരിച്ചടിയാണെന്ന് തോന്നുമെങ്കിലും അന്തര്‍ധാരയില്‍ ഭരണകൂട താത്പര്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ച് അപ്രീതി കരസ്ഥമാക്കാതെ നോക്കുന്നുണ്ട് ഭരണഘടനാ കോടതികളിലെ ന്യായാധിപ പ്രമുഖരില്‍ പലരും. നേര്‍രേഖയില്‍ മറുത്തൊരു വിധി സാധ്യമല്ലാത്ത വിധം ബാഹ്യ സമ്മര്‍ദങ്ങള്‍ അവരെ ശ്വാസം മുട്ടിക്കുന്നുണ്ടെന്ന് കരുതണം. രാജ്യത്തെ നീതിന്യായ മേഖലയില്‍ നിന്നുള്ള അശുഭ വാര്‍ത്തകള്‍ നിരന്തരം നമ്മെയും കടന്നുപോകുന്ന ദശാസന്ധിയില്‍ അലഹബാദ് ചീഫ് ജസ്റ്റിസായി കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിനെ കാണാതിരിക്കാനാകില്ല.
സവര്‍ണ ജാതിരാഷ്ട്ര നിര്‍മിതിയിലേക്കുള്ള ഗതിവേഗം കൂട്ടുന്ന സംഘ്പരിവാറിന്റെ മുന്‍ഗണനകളില്‍ ഇപ്പോള്‍ ഐക്കണായി നില്‍ക്കുന്നത് മോദിയുടെ ഗുജറാത്തല്ല, മറിച്ച് യോഗിയുടെ യു പിയാണ്. ഉത്തര്‍ പ്രദേശിലെ ശുഷ്‌കിച്ച നിയമ വാഴ്ചയും വര്‍ഗീയ വിഭജനവും ക്രൂരമായ ലൈംഗികാതിക്രമങ്ങളില്‍ പോലും അന്തര്‍ലീനമായ ജാതി മേധാവിത്വത്തിന്റെ സുരക്ഷിത ബോധവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന മാതൃകയാണ് പ്രതിലോമ രാഷ്ട്ര നിര്‍മാണത്തിന്റെ ആധാരശിലയായി വര്‍ത്തിക്കുന്നത്. അതിനാലാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് ആഘോഷിക്കപ്പെടുന്നത്. അത്തരമൊരിടത്ത് മുഖ്യ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറിന്റെ ദര്‍ശനങ്ങളാണെന്റെ വഴികാട്ടി എന്ന് പ്രഖ്യാപിച്ച് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപ പദവിയില്‍ രണ്ട് വര്‍ഷത്തിലേറെക്കാലം ഒരഡ്ജസ്റ്റ്‌മെന്റിനും തയ്യാറാകാതെ കെട്ടകാലത്തെ ജുഡീഷ്യറിക്ക് കരുത്തായി മാറുകയായിരുന്നു ഗോവിന്ദ് മാത്തൂര്‍.
ലവ് ജിഹാദെന്ന വ്യാജ പ്രചാരണത്തിന് സത്യത്തിന്റെ മൂടുപടമണിയിച്ച് പൊതുബോധത്തില്‍ അടിച്ചുകയറ്റാന്‍ കൂടെ ഉദ്ദേശിച്ചാണ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് യോഗി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ അലഹബാദ് ഹൈക്കോടതിയിലെത്തിയ മുറക്ക് സമാന ഹരജികള്‍ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഹരജികള്‍ കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് യു പി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാരണം കൊണ്ട് മാത്രം ഹരജികള്‍ പരിഗണിക്കാതിരിക്കാന്‍ വിസമ്മതിച്ചു ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച്. മറുഭാഗത്ത് വിവാദ ഓര്‍ഡിനന്‍സ് പാസ്സായ ബലത്തില്‍ മുസ്‌ലിം വേട്ടക്ക് യു പി പോലീസ് തുടക്കമിട്ടിരുന്നു. മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം പോലീസ് കസ്റ്റഡിയിലെടുത്ത നദീം എന്ന മുസ്‌ലിം യുവാവിന്റെ സംരക്ഷണം ഉറപ്പുവരുത്തവെ, സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നത് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയെ തടയുന്നില്ലെന്ന് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ വ്യക്തമാക്കുകയുണ്ടായി. പ്രസ്തുത നടപടി ശരിവെക്കുന്ന സമീപനമാണ് തുടര്‍ന്ന് സുപ്രീം കോടതിയും സ്വീകരിച്ചത്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പൂര്‍ണ അധികാരമുള്ള ഭരണഘടനാ കോടതികളാണ് ഹൈക്കോടതികളെന്നാണ് അലഹബാദ് ഹൈക്കോടതി നടപടിയെ അംഗീകരിച്ച് സുപ്രീം കോടതി പരാമര്‍ശിച്ചത്.

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ഉത്തര്‍ പ്രദേശ് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി മാറുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിച്ച യു പി പോലീസ് സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ കശാപ്പ് ചെയ്തതിന് രാജ്യം സാക്ഷിയായി. പക്ഷേ ഉന്നത നീതിവിചാരം വെച്ചുപുലര്‍ത്തിയ ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിനെപ്പോലെയുള്ള ന്യായാധിപര്‍ ജുഡീഷ്യറിയുടെ നീതിനിഷ്ഠ കാത്തുസൂക്ഷിച്ചു. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ പോലീസ് അതിക്രമത്തെ മനുഷ്യാവകാശ ലംഘനമെന്ന് പരാമര്‍ശിച്ച അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ഡിവിഷന്‍ ബഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആറംഗ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലീസുകാരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കണമെന്ന് ഉത്തര്‍ പ്രദേശ് ഡി ജി പിയോട് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെടുകയുണ്ടായി. സമാന സന്ദര്‍ഭങ്ങളില്‍ പ്രൊഫഷനലിസം പ്രകടിപ്പിക്കേണ്ടതെങ്ങനെയെന്ന പ്രത്യേക പരിശീലനം പോലീസിന് നല്‍കാനും നിര്‍ദേശിച്ചിരുന്നു.

ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത തരം പ്രതികാര നടപടികളാണ് യോഗിയുടെ യു പി പോലീസ് പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ സ്വീകരിച്ചത്. അതില്‍ ഏറെ വിവാദമായതായിരുന്നു “നെയിം ആന്‍ഡ് ഷെയിം ബാന്നേഴ്‌സ്”. സി എ എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരുടെ പടവും വ്യക്തിവിവരങ്ങളും പൊതു നിരത്തില്‍ വലിയ ബാനറുകളില്‍ പ്രദര്‍ശിപ്പിച്ചു യു പി പോലീസ്. കുറ്റാരോപിതര്‍ക്ക് സ്വാഭാവിക നീതിപോലും നിഷേധിച്ച് അവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി അവധി ദിവസം പ്രത്യേക സിറ്റിംഗ് നടത്തി അടിയന്തരമായി വിഷയം പരിഗണിച്ചു. ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന അമൂല്യമായ അവകാശത്തിന് ഭരണകൂടം മുറിവേല്‍പ്പിച്ചിരിക്കുകയാണെന്നും കണ്‍മുമ്പില്‍ അനീതി നടമാടുമ്പോള്‍ കോടതിക്ക് കണ്ണടക്കാനാകില്ലെന്നും പ്രസ്താവിച്ച ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച് യു പി സര്‍ക്കാര്‍ സ്ഥാപിച്ച ബാനറുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടു. ന്യായാസനത്തിലെ വേദഗ്രന്ഥം ഭരണഘടനയാണെന്ന് അടിയുറച്ച് വിശ്വസിക്കുകയും അത് വെളിച്ചമാക്കി വിധി നടത്തുകയും ചെയ്ത ന്യായാധിപന്റെ ധീരോദാത്തമായ ഇടപെടലിന്റെ സൗന്ദര്യമായിരുന്നു യോഗി ഭരണകൂടം തോറ്റതും ഭരണഘടനാ മൂല്യങ്ങള്‍ എഴുന്നു നിന്നതുമായ ശ്രദ്ധേയ വിധിപ്രസ്താവത്തിലൂടെ പ്രകടമായത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വഴിയടഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ പലായനം വലിയ പ്രതിസന്ധിയുണ്ടാക്കി. അപ്പോള്‍ ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന്റെ നേതൃത്വത്തിലുള്ള അലഹബാദ് ഹൈക്കോടതി ബഞ്ച് സ്വമേധയാ നടപടി സ്വീകരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസമടക്കം ഉള്‍പ്പെടുത്തിയ സമഗ്രമായ നിര്‍ദേശങ്ങള്‍ ബഞ്ച് സര്‍ക്കാറിന് മുമ്പാകെ മുന്നോട്ടു വെക്കുകയും ചെയ്തു.

ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഓക്്‌സിജന്‍ ലഭ്യമാകാതെ കുട്ടികള്‍ മരിച്ച സാഹചര്യത്തോട് മാനുഷികമായി പ്രതികരിച്ചതില്‍ പിന്നെയാണ് ഡോ. കഫീല്‍ ഖാന്‍ യോഗി ഭരണകൂടത്തിന്റെ ശത്രുവായത്. പൗരത്വ നിയമവിരുദ്ധ സമരത്തില്‍ പ്രസംഗിക്കുക കൂടി ചെയ്തതോടെ എന്‍ എസ് എ ചുമത്തിയാണ് കഫീല്‍ ഖാനെ യു പി സര്‍ക്കാര്‍ ജയിലിലടച്ചത്. 2020 ജനുവരിയില്‍ മധുര ജയിലിലേക്കയക്കപ്പെട്ട കഫീല്‍ ഖാന് മോചനം സാധ്യമായത് ഈയിടെയാണ്. ഡോ. കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കി പുറപ്പെടുവിച്ച അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ നേതൃത്വം നല്‍കിയ ബഞ്ചിന്റെ വിധിന്യായം ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ യശസ്സുയര്‍ത്തുന്നതായിരുന്നു. പൗരത്വ സമരത്തില്‍ കഫീല്‍ ഖാന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടിയുള്ളതാണെന്ന നിരീക്ഷണം ബാഹ്യ സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും നീതിവിചാരമുള്ള ന്യായാധിപരുടെ ആത്മധൈര്യത്ത തകര്‍ക്കാന്‍ പോന്നതല്ലെന്ന് തെളിയിച്ചു. ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങളെ നീതിപീഠവും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നു എന്ന് രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ സന്ദേഹിക്കുന്ന കാലത്ത് നീതിന്യായ വ്യവസ്ഥയിലുള്ള പൗരവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ന്യായാധിപര്‍ രാജ്യത്തിന് പകരുന്ന ഊര്‍ജം ചെറുതല്ല. അത്തരം നീതിബോധങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നത് തന്നെയാണ് വര്‍ത്തമാനകാല ഇന്ത്യനവസ്ഥയിലെ ജുഡീഷ്യറിയെക്കുറിച്ചുള്ള ആലോചനകളിലെ ആശ്വാസവും.

അഡ്വ. അഷ്‌റഫ് തെച്യാട്

Latest