Connect with us

Ramzan

ഖുർആനുമായി സഹവസിക്കുക

Published

|

Last Updated

പാരായണം ചെയ്യൽ ആരാധനയായി കണക്കാക്കപ്പെടുന്ന വിശ്രുത ഗ്രന്ഥമാണ് ഖുർആൻ. ഇത് അല്ലാഹുവിന്റെ വചനങ്ങളാണ്. അവിടുന്ന് ജിബ്‌രീൽ എന്ന ദിവ്യ സന്ദേശ വാഹകനായ മാലാഖ വഴി പ്രവാചകൻ മുഹമ്മദ് നബി(സ്വ) യിലേക്ക് അവതരിപ്പിച്ച മഹദ് വചനങ്ങൾ. അവതരണ കാലം മുതൽക്കിന്നേവരെ വെട്ടിമാറ്റലുകൾക്കും കൂട്ടിച്ചേർക്കകലുകൾക്കും വിധേയമാകാത്ത പരിശുദ്ധ ഗ്രന്ഥമാണത്.

ഖുർആനിന്റെ അവതരണം നടന്ന മാസമാണ് റമസാൻ. ഇക്കാര്യം ഖുർആനിലെ രണ്ടാം അധ്യായത്തിലെ 185ാം സൂക്തത്തിൽ പരാമർശിക്കുന്നുണ്ട്. “ജനങ്ങൾക്ക് മാർഗദർശനം നൽകിക്കൊണ്ടും, സന്മാർഗം വ്യക്തമാക്കുന്നതും സത്യാസത്യങ്ങളെ വകതിരിച്ച് കാണിക്കുന്ന തെളിവുകളായിക്കൊണ്ടും ഖുർആൻ ഇറക്കപ്പെട്ട മാസമാണ് റമസാൻ.”
ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാം ആകാശത്തിലേക്ക് ഖുർആൻ അവതരിച്ചതിനെക്കുറിച്ചാണീ പരാമർശം. എന്നാൽ, പ്രവാചകനിലേക്ക് സാഹചര്യം പരിഗണിച്ചും സന്ദർഭോചിതമായും വ്യത്യസ്ത ഘട്ടങ്ങളായി 23 വർഷങ്ങൾ കൊണ്ടാണ് ഖുർആനിന്റെ അവതരണം പൂർത്തീകരിക്കപ്പെട്ടത്.

വിശ്വാസി നെഞ്ചോട് ചേർക്കേണ്ട ഒന്നാണ് ഖുർആൻ. ഇത് ദൈവിക ഗ്രന്ഥമാണെന്നും തീർത്തും അമാനുഷികമാണെന്നും വിശ്വസിക്കണം. ഖുർആനിന്റെ ഉദ്ബോധനം ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തണം. അത് സ്പർശിക്കുമ്പോഴും എടുക്കുമ്പോഴും ആദരവ് നൽകണം. നിന്ദ്യമാക്കുകയോ നിസ്സാരമായി പെരുമാറുകയോ ചെയ്യരുത്.
അബൂ ഉമാമയെ ഉദ്ധരിച്ച് ദൈലമി റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം “ഖുർആൻ നെഞ്ചേറ്റിയവൻ ഇസ്‌ലാമിന്റെ പതാക വാഹകരാണ്. അതിനെ ആദരിക്കുന്നവരെ അല്ലാഹു ആദരിച്ചിരിക്കുന്നു. അതിനെ നിസ്സാരവത്കരിക്കുന്നവർക്കുമേൽ അല്ലാഹുവിന്റെ ശാപം ഭവിക്കും”.

ഖുർആൻ പാരായണത്തിന് വലിയ പ്രതിഫലമുള്ളതായി നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഒരക്ഷരത്തിന് പത്ത് പ്രതിഫലം ലഭിക്കും. അഥവാ മൂന്നക്ഷരങ്ങളുള്ള കുഞ്ഞു സൂക്തങ്ങൾക്ക് മുപ്പത് വീതം പ്രതിഫലം ലഭിക്കും. ഇത് നോമ്പുകാലത്താകുന്പോൾ പ്രതിഫലം വേറെയും ലഭിക്കും. പാരായണത്തിന് ശ്രേഷ്ടതയേറെയുള്ള സമയങ്ങളുമുണ്ട്. പകലാണെങ്കിൽ സുബ്ഹിക്ക് ശേഷം പാരായണത്തിന് സമയം കണ്ടെത്തുക. രാത്രിയിൽ അത്താഴ സമയത്താണുത്തമം. അല്ലെങ്കിൽ ഇശാ- മഗ്‌രിബിനിടയിലെ സമയം ഉപയോഗപ്പെടുത്തുക. പാരായണം അർഥം ചിന്തിച്ചു കൊണ്ടാവണം. മറ്റൊന്ന്, കൃത്യമായും ഒഴുക്കോടെയും പാരായണം സാധിക്കാത്തവർക്ക് രണ്ട് തരം പ്രതിഫലമുണ്ടെന്നതാണ്. അതിലൊന്ന് അദ്ദേഹം ഓതാനെടുക്കുന്ന പരിശ്രമത്തിനാണ്.

ഓരോ വിശ്വാസിയും ഖുർആനുമായി ബാധ്യതയുള്ളവനാണ്. വർഷത്തിൽ രണ്ട് തവണയെങ്കിലും ഖുർആൻ ഖത്മ് ചെയ്യൽ (ആദ്യന്തം ഓതിത്തീർക്കൽ) അനിവാര്യമാണ്. മഹാനായ ഇമാം അബൂഹനീഫ (റ) പറഞ്ഞത് ഒരാൾ ഖുർആൻ വർഷത്തിൽ രണ്ട് തവണ പാരായണം ചെയ്താൽ മാത്രമേ ഖുർആനിനോടുള്ള ബാധ്യത തീർത്തവനാകൂവെന്നാണ്. കാരണം കൂടാതെ 40 ദിവസത്തിനേക്കാൾ കൂടുതൽ ഖുർആൻ ഖത്മ് ചെയ്യലിനെ പിന്തിക്കൽ കറാഹത്താണ്.
ശ്രദ്ധിക്കുക, ഖുർആനിനോട് അഭേദ്യ ബന്ധം പുലർത്തണം. പാരത്രിക വിജയത്തിന് ഉപകരിക്കും വിധമുള്ള ബന്ധം. ഇത് ജീവിതാന്ത്യം വരെ നിലനിർത്തണം. എങ്കിലേ എന്റെ ഇമാം ഖൂർആനാണെന്ന് മറുപടി പറയാനാകൂ.