Connect with us

Kerala

എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

Published

|

Last Updated

കൊച്ചി | വ്യവസായി എം എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ എറണാകുളത്ത് ഇടിച്ചിറക്കി. എറണാകുളം കുമ്പളം ടോൾപ്ലാസക്ക് സമീപം പനങ്ങാട് ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യന്ത്രത്തകരാറാണ് കാരണം.വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്.

രാവിലെ 8.45ഒാടെയാണ് അപകടം സംഭവിച്ചത്. യൂസുഫലിയും ഭാര്യയും അടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. പ്രാഥമിക പരിശോധനകൾക്കായി എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

കടവന്ത്രയിലെ വസതിയില്‍ നിന്ന് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പേകുകയായിരുന്നു യൂസുഫലിയും ഭാര്യയും. വീട്ടില്‍ നിന്ന് പുറപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഹെലികോപ്റ്റര്‍ അപകടത്തിൽ പെടുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. പൈലറ്റിന്റെ മനക്കരുത്താണ് അപകടം ഒഴിവാക്കിയത്.

വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്റ്ററിന്റെ നല്ലൊരു ഭാഗം ചതുപ്പിലേക്ക് ആഴന്നു. ജനൽവഴിയാണ് യൂസുഫലിയെയും കുടുംബത്തേയും പുറത്തിറക്കിയതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സമീപവാസിയായ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചെയ്ത പുണ്യപ്രവർത്തികളുടെ ഫലമായാണ് വൻ ദുരന്തം ഒഴിവായതെന്ന് രാജേഷ് പറയുന്നു.

ജനവാസ മേഖലയിലാണ് അപകടം സംഭവിച്ചത്. ഒരൽപം തെന്നിയിരുന്നുവെങ്കിൽ സമീപത്തെ വീടുകളിലോ കെട്ടിടങ്ങളിലോ ഇടിച്ച് വൻ ദുരന്തം സംഭവിക്കുമായിരുന്നു. മാത്രവുമല്ല ഹെെവേയോട് ചേർന്ന് കിടക്കുന്ന പ്രദേശവുമാണിത്.

 

---- facebook comment plugin here -----

Latest