Connect with us

Editorial

അയോധ്യയിൽ നിന്ന് കാശിയിലേക്ക്

Published

|

Last Updated

ജുഡീഷ്യറിയുടെ സഹായത്തോടെ ബാബരി മസ്ജിദിന്റെ സ്ഥലം കൈവശപ്പെടുത്തി മസ്ജിദ് ഭൂമിയിൽ ക്ഷേത്രം പണി തുടങ്ങിയതോടെ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള നീക്കം ഊർജിതമാക്കിയിരിക്കുകയാണ് ഹിന്ദുത്വർ. മുഗൾ ചക്രവർത്തി ഔറംഗസീബ് ശിവക്ഷേത്രം തകർത്താണ് ജ്ഞാൻവാപി മസ്ജിദ് പണിതതെന്ന കള്ളക്കഥയുമായി ചില സംഘ്പരിവാർ പ്രവർത്തകർ ഫയൽ ചെയ്ത ഹരജിയിൽ, ക്ഷേത്രത്തിന് മാറ്റം വരുത്തിയാണോ പള്ളി സ്ഥാപിച്ചതെന്ന് പഠനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ)യോട് ആവശ്യപ്പെട്ടിരിക്കയാണ് വാരാണസി സീനിയർ ഡിവിഷൻ സിവിൽ കോടതി. ജസ്റ്റിസ് അശുതോഷ് തിവാരിയുടേതാണ് ഉത്തരവ്. ഈ സ്ഥലം മസ്ജിദിന്റേതാണെന്ന് റവന്യൂ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനാൽ ഇനിയൊരു പരിശോധനയോ, പഠനമോ ആവശ്യമില്ലെന്ന് മസ്ജിദ് ഭരണസമിതി ബോധിപ്പിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല.

സർവേ നടത്തുന്നതിന് ശാസ്ത്ര വിദഗ്ധരായ അഞ്ച് പേരടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും ഇതിൽ രണ്ട് പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നാകണമെന്നും എ എസ് ഐ ജനറൽ ഡയറക്ടറോട് കോടതി നിർദേശിക്കുന്നു. സമിതിയെ നിരീക്ഷിക്കാൻ കേന്ദ്ര സർവകലാശാലയിൽ നിന്നുള്ള ഒരു വിദഗ്ധനെയും നിയോഗിക്കണം. മസ്ജിദ് എന്തിന്റെയെങ്കിലും മുകളിലാണോ സ്ഥാപിച്ചിട്ടുള്ളത്, മറ്റേതെങ്കിലും കെട്ടിടത്തിന് മാറ്റം വരുത്തിയോ കൂട്ടിച്ചേർത്തോ ആണോ നിർമാണം, അങ്ങനെയെങ്കിൽ ഇപ്പോഴുള്ള മന്ദിരത്തിന്റെ കാലപ്പഴക്കം, വലിപ്പം, രൂപകൽപ്പനയുടെ ശൈലി, ഉപയോഗിച്ചിട്ടുള്ള നിർമാണ വസ്തുക്കൾ എന്നിവയാണ് സർവേയിൽ കണ്ടെത്തേണ്ടത്. മസ്ജിദ് നിർമിക്കുന്നതിന് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നെങ്കിൽ അതിന്റെ കൃത്യമായ കാലപ്പഴക്കം, വലിപ്പം, രൂപകൽപ്പനയുടെ ശൈലി, പ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങളും കണ്ടെത്തണം.
കാവിവത്കരിക്കപ്പെട്ട ഏജൻസിയാണ് നിലവിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇത്തരമൊരു ഏജൻസി ജ്ഞാൻവാപി മസ്ജിദ് ഭൂമിയിൽ പര്യവേക്ഷണം നടത്തിയാൽ ലഭ്യമാകാനിരിക്കുന്ന റിപ്പോർട്ടിന്റെ സ്വഭാവം ഊഹിക്കാകുന്നതേയുള്ളൂ. മസ്ജിദിന് അടിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ “കണ്ടെത്താനാ”ണ് സാധ്യതയെന്ന് 2003ൽ അയോധ്യയിലെ ബാബരി മസ്ജിദ് പ്രദേശത്ത് ഡോ. ബി ആർ മണിയുടെ നേതൃത്വത്തിൽ നടന്ന പുരാവസ്തു ഖനനത്തിന്റെ അനുഭവം ബോധ്യപ്പെടുത്തുന്നു. ബാബരി ഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് സമിതി അന്ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ആർക്കിയോളജി പ്രൊഫസറായിരുന്ന സുപ്രിയ വർമയും, നോയിഡ ശിവ് നാടാർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയായിരുന്ന ജയ മേനോനും ചേർന്ന് ഇതിന് പിന്നാലെ നടത്തിയ പര്യവേക്ഷണത്തിൽ എ എസ് ഐയുടെ സർവേ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും ബാബരി മസ്ജിദ് ഭൂമിയിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ ക്ഷേത്രത്തിന്റേതല്ല, ആദ്യം അവിടെയുണ്ടായിരുന്ന മറ്റൊരു പള്ളിയുടേതാണെന്നും തീർത്തു പറയുന്നുണ്ട്. രാമക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന വാദത്തിന് ബലം നൽകുന്ന നിഗമനങ്ങൾ അവതരിപ്പിക്കാൻ വാജ്പയിയുടെ നേതൃത്വത്തിലുള്ള അന്നത്തെ എൻ ഡി എ സർക്കാറിൽ നിന്ന് എ എസ് ഐക്ക് സമ്മർദമുണ്ടായിരുന്നതായും “ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി”യിൽ ഇരുവരും ചേർന്നെഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുകയും ചെയ്യുന്നു.

മസ്ജിദ് പൊളിച്ച സ്ഥലത്ത് ശരിയായ ഖനനം നടത്തുന്നതിന് മുമ്പേ തന്നെ എ എസ് ഐ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന നിഗമനത്തിലെത്തുകയായിരുന്നു. സ്ഥലത്ത് വീണ്ടും ഖനനം നടത്താൻ കോടതി ആവശ്യപ്പെട്ടപ്പോൾ സമിതി ചെയർമാൻ ബി ആർ മണി സമ്മതിച്ചില്ല. “വീണ്ടും കുഴിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നാ”യിരുന്നു കോടതി നിർദേശത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഇതേത്തുടർന്ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ സർവേ സമിതിയിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. മോദി അധികാരത്തിലേറിയ ഉടനെ ബി ആർ മണിയെ ദേശീയ മ്യൂസിയത്തിന്റെ ഡയറക്ടർ ജനറലായി നിയമിക്കുകയും ചെയ്തു. ബാബരി പ്രശ്‌നത്തിൽ ഹിന്ദുത്വരെ സഹായിക്കുന്ന റിപ്പോർട്ട് നൽകിയതിനുള്ള സമ്മാനമായാണ് ഈ നിയമനത്തെ നിരീക്ഷകർ വിലയിരുത്തിയത്.

ബാബരി മസ്ജിദ് ഭൂമിയിൽ ക്ഷേത്രനിർമാണത്തിനു അനുമതി നൽകിക്കൊണ്ടുള്ള കോടതി വിധിയെ തുടർന്ന്, തങ്ങളുടെ അടുത്ത ലക്ഷ്യം കാശിയിലെയും (വാരാണസി) മഥുരയിലെയും പള്ളികളാണെന്ന് ഹിന്ദുത്വർ വ്യക്തമാക്കിയിരുന്നു. ഔട്ട്‌ലുക്കിന് നൽകിയ അഭിമുഖത്തിൽ ബി ജെ പി നേതാവ് വിനയ് കത്യാർ ഇക്കാര്യം തുറന്നു പറഞ്ഞതാണ്. “യെഹ് സിർഫ് ഝൻകി ഹെ, കാശി, മഥുര ബാക്കി ഹെ” (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്) എന്നായിരുന്നല്ലോ ബാബരി മസ്ജിദ് തകർത്ത ഉടനെ കർസേവകർ മുഴക്കിയ മുദ്രാവാക്യം തന്നെ. വാരാണസി പള്ളിയുടെ കാര്യത്തിൽ കോടതി മുമ്പാകെയുള്ള ഹരജി ഇതിന്റെ ഭാഗമാണ്. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ തനത്‌ സ്വഭാവം സംരക്ഷിക്കാനും അത് സംബന്ധിച്ചുള്ള നിയമത്തർക്കങ്ങൾക്ക് തടയിടാനും 1991ൽ പാർലിമെന്റ് നിയമം പാസ്സാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്നതുപോലെതന്നെ തുടരണമെന്നും ഇതിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജികൾ കോടതികൾ സ്വീകരിക്കേണ്ടതില്ലെന്നുമാണ് ഈ നിയമം നിഷ്‌കർഷിക്കുന്നത്. ബാബരി മസ്ജിദിന് മേൽ ഹിന്ദുത്വർ അവകാശവാദമുന്നയിച്ചതിനെ തുടർന്നുണ്ടായ നീണ്ട തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം കൊണ്ടു വന്നത്. ഇതനുസരിച്ച് വാരാണസി പള്ളിയുടെ മേൽ അവകാശമുന്നയിച്ചു കൊണ്ടുളള ഹരജി കോടതി സ്വീകരിക്കാൻ പാടില്ലാത്തതാണ്. 1991 ലെ ആരാധനാസ്ഥല നിയമപ്രകാരമുള്ള വിലക്ക് കാശിയിലെ തർക്കത്തിനു ബാധകമല്ലെന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വാരാണസി കോടതി ജഡ്ജി അശുതോഷ് തിവാരി പറഞ്ഞത്. 1991ലെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒരു ആരാധനാലയത്തെയും മാറ്റിനിർത്തിയിട്ടില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ന്യായാധിപന്റെ ഈ പരാമർശമെന്നു വ്യകതമല്ല. ഏതായാലും ഈ വിഷയത്തിൽ കോടതിയുടെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ സൂചന ഇതിലുണ്ട്.

Latest