Connect with us

National

ബലാത്സംഗം: ഇരയുമായുള്ള മുന്‍കാല ലൈംഗിക ബന്ധം സമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ബലാത്സംഗ കേസില്‍ ഇരയുമായി പ്രതിക്കുള്ള മുന്‍കാല ലൈംഗികാനുഭവം ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കാണാനാകില്ലെന്ന് ഡല്‍ഹി കോടതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് ഖാനാഗ്വാളിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് ഡല്‍ഹി സ്‌പെഷ്യല്‍ കോടതി ജഡ്ജിയുടെ നിരീക്ഷണം.

തന്നെ പ്രതി ചാണക്യാപുരിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് 22കാരിയുടെ പരാതിയില്‍ പറയുന്നത്. തന്റെ സമ്മതത്തോടെയല്ല ലൈംഗിക ബന്ധം നടന്നതെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇരയുമായി നേരത്തെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇത് സമ്മതായി കണക്കാക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റ് വിവരങ്ങളും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒരു അടയാളവും ഇല്ലെന്നും ഇത് സമ്മതത്തോടെ ലൈംഗിക ബന്ധം നടന്നുവെന്നതിന്റെ തെളിവാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതെല്ലാം നിരാകരിച്ച കോടതി, തന്റെ സമ്മതത്തോടെയല്ല ലൈംഗിക ബന്ധം നടന്നതെന്ന് ഇര മൊഴി നല്‍കിയതായി ചൂണ്ടിക്കാട്ടി. താന്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അപകടം സംഭവിക്കുമെന്ന് ഭയന്നാണ് ലൈംഗിക ബന്ധത്തിന് വഴങ്ങിയതെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയതും കോടതി വ്യക്തമാക്കി. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി കേസില്‍ വിചാരണ ആവശ്യമാണെന്നും വ്യക്തമാക്കി.