Kerala
ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; തലമുണ്ഡനം ചെയ്ത് പ്രതിഷേധം

ഏറ്റ്മാനൂര്‍ | ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. നിയമസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രതിഷേധ സൂചകമായി തലമുണ്ഡനം ചെയ്യുകയും ചെയ്തു.കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വെച്ചാണ് തലമുണ്ഡനം ചെയ്തത്.ഏറ്റ്മാനൂനരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനം കേട്ടുകഴിഞ്ഞപ്പോള്‍ ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്ന് ലതിക പ്രതികരിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകള്‍ എങ്കിലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുക്കുന്ന വനിതകളുണ്ട്. പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ടി വന്നു കൊല്ലത്ത് സീറ്റുറപ്പിക്കാന്‍. ഷാനിമോള്‍ ഉസ്മാനും അവസരം കിട്ടി. തനിക്ക് ഏറ്റുമാനൂര്‍ സീറ്റ് പ്രതീക്ഷിച്ചു. പതിനാറാമത്തെ വയസ് മുതല്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചു. എന്നാല്‍ എപ്പോഴും സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ താന്‍ തഴയപ്പെടുമെന്നും അവര്‍ പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്കുപോയപ്പോള്‍ ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മത്സരിക്കാന്‍ ഏറെ താല്‍പര്യവും ഉണ്ടായിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നതായും ലതികാ സുഭാഷ് പറഞ്ഞു.