Connect with us

Kerala

സിറ്റിംഗ് എം എല്‍ എമാരുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എം എല്‍ എമാരുടെ സ്ഥാനാര്‍ഥിത്വമാണ് പ്രഖ്യാപിക്കുക. കെ സി ജോസഫിനെ ചെങ്ങനാശ്ശേരിയില്‍ മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും എം പിമാര്‍ അടക്കമുള്ളവര്‍ എതിര്‍പ്പ് തുടരുകയാണ്. യൂത്ത്‌കോണ്‍ഗ്രസും കെ സി ജോസഫിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡിനും സമാന അഭിപ്രയമാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കെ സി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം ഇന്ന് പ്രഖ്യാപിച്ചേക്കില്ല. മറ്റ് 21 കോണ്‍ഗ്രസ് എം എല്‍ എമാരുടെ സ്ഥാനാര്‍ഥിത്വമാണ് ആദ്യഘട്ടത്തിലുണ്ടാകുക.

എംപിമാരുമായി മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല തുടങ്ങിയവര്‍ രാവിലെ ചര്‍ച്ച നടത്തും. കേരള ഹൗസില്‍ ചേരുന്ന യോഗത്തില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ എം പിയടക്കം സ്‌ക്രീനിംഗ് കമ്മിറ്റി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു അനുനയ നീക്കം.
പല മണ്ഡലങ്ങളിലും വലിയ തര്‍ക്കം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ടി സിദ്ദീഖിന് സുരക്ഷിത മണ്ഡലം നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റ സീറ്റാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ജില്ലാ നേതൃത്വം ഇടഞ്ഞ് നില്‍ക്കുകയാണ്.

ചില സീറ്റുകള്‍ക്കായി ലീഗും കേരള കോണ്‍ഗ്രസും സമ്മര്‍ദം തുടരുന്നതും ചില സീറ്റ് വെച്ചുമാറണമെന്ന് ആര്‍ എസ് പി ആവശ്യപ്പെടുന്നതും സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി നില്‍ക്കുകയാണ്. ഇന്നത്തോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ വേണമെന്ന ആര്‍ എസ് പി ആവശ്യം അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പട്ടാമ്പി സീറ്റിനായി ലീഗ് നടത്തുന്ന സമ്മര്‍ദവും അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

 

 

Latest