Connect with us

Articles

ദല്ലാള്‍ വില്‍പ്പനക്ക് വെച്ച രാജ്യം

Published

|

Last Updated

കച്ചവടം മോശമായി, ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുമ്പോഴാണ് സാധാരണ വിറ്റഴിക്കല്‍ വില്‍പ്പന. അല്ലെങ്കില്‍ പിന്നെ പാട്ടില്‍ പറയുംപോലെ “കച്ചോടം പൊട്ടീട്ട് വട്ടായി”പ്പോകാന്‍ നില്‍ക്കുമ്പോള്‍. ഇതിലേതിലാണ് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെ പെടുത്തുക? രണ്ടാമത്തേതിലുള്‍പ്പെടുത്താനേ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് സാധിക്കൂ. “തന്ത്രപ്രധാന”മെന്ന മേമ്പൊടി ചേരാത്ത പൊതുമേഖലാ സ്ഥാപനമൊക്കെ വില്‍ക്കുമെന്ന് 2021 – 22ലേക്കുള്ള ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. വാണിജ്യമോ വ്യവസായമോ സര്‍ക്കാര്‍ നടത്തേണ്ട കാര്യങ്ങളല്ലെന്നും ആയതിനാല്‍ ഇതുവരെ നടത്തിപ്പോന്ന ഇത്യാദി സംരംഭങ്ങളെല്ലാം വിറ്റഴിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അത്തരം വിറ്റഴിക്കല്‍ വില്‍പ്പനയിലൂടെ രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. “തന്ത്രപ്രധാന”മെന്ന മേമ്പൊടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുമുണ്ട്. വേണ്ടത്ര ഉപയോഗിക്കാതിരിക്കുകയോ തീര്‍ത്തും ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന സ്വത്തുവകകള്‍ വില്‍ക്കുക എന്നതാണ് നയമെന്നും അദ്ദേഹം പറയുന്നു. വേണ്ടത്ര ഉപയോഗിക്കാതിരിക്കുകയോ തീര്‍ത്തും ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന സ്വത്തുവകകള്‍ സര്‍ക്കാറെന്ന നിലയില്‍ ഉപയോഗപ്പെടുത്തി സ്ഥാപനങ്ങളെ വളര്‍ത്തി, ലാഭത്തിലേക്ക് നയിച്ച്, കൂടുതല്‍ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കുക എന്നതല്ലേ ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വമെന്ന് വേണമെങ്കില്‍ ചോദിക്കാം. വാണിജ്യമോ വ്യവസായമോ നടത്തുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ലെന്നതാണ് അതിനുള്ള മറുപടി!

വേണ്ടത്ര ഉപയോഗിക്കാതിരിക്കുക, തീര്‍ത്തും ഉപയോഗിക്കാതിരിക്കുക എന്നൊക്കെ പറയുന്നുണ്ടെങ്കിലും വേണ്ടവിധം പ്രവര്‍ത്തിച്ച് ദശകങ്ങളായി ലാഭമുണ്ടാക്കുകയും അതിന്റെ വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് അടച്ച് രശീത് വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളൊക്കെ വില്‍പ്പനക്കുള്ള പട്ടികയിലുണ്ട്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒ എന്‍ ജി സി), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബി എച്ച് ഇ എല്‍ – ഭെല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍) എന്നിങ്ങനെയുള്ള വ്യവസായ സ്ഥാപനങ്ങള്‍. വാണിജ്യത്തിന് സര്‍ക്കാറില്ലെന്ന് പറയുമ്പോള്‍ രാജ്യത്തെ ബേങ്കുകളും നിശ്ചയമായും വില്‍പ്പനപ്പട്ടികയില്‍ വരുമായിരിക്കും. കോടിക്കണക്കിന് ആസ്തിയും അതിന് തക്കവണ്ണം ബാധ്യതയുമുള്ളവ. ബാധ്യതയെന്ന് പറഞ്ഞാല്‍, വീടുണ്ടാക്കാനും പെട്ടിക്കട തുടങ്ങാനും വാഹനം വാങ്ങാനുമൊക്കെ വായ്പയെടുത്ത് തിരിച്ചടക്കാത്ത സാധാരണ ജനമുണ്ടാക്കിവെച്ചതൊന്നുമല്ല. വ്യവസായ വിപുലീകരണമെന്ന പേരില്‍ കോടികള്‍ വായ്പയെടുക്കുകയും ലാഭമെടുത്ത് കോടികളുടെ ആസ്തികള്‍ സ്വന്തമാക്കുകയും ചെയ്ത അദാനിമാരും മോദി (നീരവ് മാതൃകയിലുള്ളത്) മാരുമുണ്ടാക്കിയതാണ്. ബേങ്കുകള്‍ വില്‍ക്കുകയാണെങ്കില്‍ ആസ്തിക്ക് മാത്രമേ വിലയുണ്ടാകൂ. ബാധ്യതകളൊക്കെ എഴുതിത്തള്ളപ്പെടാനാണ് സാധ്യത. ആത്മനിര്‍ഭരത്തിന് അത് അനിവാര്യമല്ലോ!

അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്ന പൊതുമേഖലാ കമ്പനികളൊരു വലിയ തടസ്സമാണ്, മുകേഷ് അംബാനിയുടെ റിലയന്‍സിനും എസ്സാറിനുമൊക്കെ. ബ്രിട്ടീഷ് പെട്രോളിയവുമായി സംയുക്ത സംരംഭമുണ്ടാക്കി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് അവര്‍. പൊതുമേഖലാ എണ്ണക്കമ്പനികളെ വില്‍ക്കുമ്പോള്‍ വാങ്ങാനെളുപ്പം ഈ സംയുക്തത്തിനല്ലാതെ മറ്റാര്‍ക്കുമല്ല. ഇന്ധന വിലയിന്‍മേലുള്ള സബ്‌സിഡി അപ്പോഴേക്ക് പൂര്‍ണമായി ഇല്ലാതാക്കി (പെട്രോളിന്റെയും പാചക വാതകത്തിന്റെയും ഇപ്പോള്‍ തന്നെ ഇല്ലാതായി) വിപണി വിലക്ക് വില്‍ക്കാന്‍ അന്തരീക്ഷമൊരുക്കിക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അത് പൂര്‍ണമാകുന്ന മുറയ്ക്ക് ബി പി സി എല്ലിന്റെ വില്‍പ്പന നടക്കും. പിറകെ എച്ച് പി സി എല്ലും ഐ ഒ സിയും.

കച്ചോടം പൊട്ടീട്ട് തന്നെയാണ് ഈ വിറ്റഴിക്കലെന്നതിന് 2021ലെ ബജറ്റ് രേഖകള്‍ സാക്ഷ്യം നില്‍ക്കും. കൊഴിയുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാറിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം 7.96 ലക്ഷം കോടി രൂപയായിരുന്നു. അത്ര നഷ്ടത്തിലായിരുന്നുവെന്ന് ചുരുക്കം. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 18.48 ലക്ഷം കോടിയാകുമെന്നാണ് കണക്ക്. അത് 15.06 ലക്ഷം കോടിയില്‍ നിര്‍ത്തുമെന്ന് നിര്‍മലാ സീതാരാമന്‍ അവകാശപ്പെടുന്നു. അതിനര്‍ഥം ഏതാണ്ട് മൂന്നര ലക്ഷം കോടിയുടെ ചെലവ് സര്‍ക്കാര്‍ ചുരുക്കുമെന്നാണ്. പിന്നെയൊരു 12 ലക്ഷം കോടി കടമെടുക്കും. (12 ലക്ഷം കോടി രൂപ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുക്കുമെന്നാല്‍ ഒരു ദിവസം ഏതാണ്ട് 3,200 കോടി രൂപ കടമെടുക്കുമെന്നാണ് അര്‍ഥം.) എന്നാലും വേണം മൂന്ന് ലക്ഷം കോടി രൂപ. അതുണ്ടാക്കാനാണ് ഈ വില്‍പ്പന. അങ്ങനെ വിറ്റ് ബാലന്‍സൊപ്പിച്ചാലും പന്ത്രണ്ട് ലക്ഷം കോടി, പലിശ ചേര്‍ത്ത് തിരിച്ചടക്കണം. അതിനെവിടെ നിന്ന് പണം കണ്ടെത്തുമാവോ?
കൊവിഡ് വ്യാപിച്ചതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും മൂലം ചരക്ക് സേവന നികുതി വഴി ലഭിക്കേണ്ട വരുമാനം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് സര്‍ക്കാറിന് വാദിക്കാം. പക്ഷേ, കൊവിഡും ലോക്ക്ഡൗണുമൊന്നുമില്ലാതിരുന്ന 2014 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലോ? അക്കാലത്തും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണം സമാഹരിക്കുമെന്നാണ് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാറുദ്ദേശിച്ച വില കിട്ടാതിരുന്നതിനാല്‍ പൊതുമേഖലയുടെ വില്‍പ്പന പലകുറി മാറ്റിവെക്കുകയും ചെയ്തു. ഏറ്റവുമവസാനം എയര്‍ ഇന്ത്യയാണ് വില്‍പ്പനക്കുവെച്ച്, വാങ്ങാനാളില്ലാത്തതു കൊണ്ട് പിന്മാറിയത്.
വില്‍ക്കും വില്‍ക്കുമെന്ന് പറയുമ്പോഴും അതത്ര എളുപ്പമല്ലെന്ന് ചുരുക്കം.

പ്രത്യേകിച്ച് വേണ്ടത്ര ഉപയോഗിക്കാത്തതോ തീര്‍ത്തും ഉപയോഗിക്കാത്തതോ ആയ സ്വത്തുവകകളുടെ കാര്യത്തില്‍. അപ്പോള്‍ പിന്നെ വേണ്ടുംവണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവയെ വില്‍ക്കണം. അതുകൊണ്ടാണ് നേരത്തേ പറഞ്ഞ ഒ എന്‍ ജി സി മുതല്‍പ്പേരായ കമ്പനികളുടെയൊക്കെ മുന്നില്‍ നിതി ആയോഗ്, വില്‍പ്പനക്ക് എന്ന ബോര്‍ഡ് തൂക്കുന്നത്. ആര്‍ക്കും വെക്കാം, ഏതിലും വെക്കാം എന്ന മട്ടില്‍ ദല്ലാളിനെപ്പോലെ പ്രധാനമന്ത്രി വിളിച്ചുപറയുന്നതും. വാണിജ്യവും വ്യവസായവും സര്‍ക്കാറിന്റെ ജോലിയല്ലെന്ന് നേരത്തേ വ്യക്തമാക്കുന്നത് വിറ്റഴിക്കുന്ന മേഖലകളില്‍ മത്സരിക്കാന്‍ പൊതുമേഖലയിലൊരു സ്ഥാപനം ഇനിയുണ്ടാകില്ലെന്ന ഉറപ്പ് മൂലമാണ്. ബി എസ് എന്‍ എല്ലിനെപ്പോലെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്ന കമ്പനിയെ തകര്‍ത്ത്, അംബാനിയുടെ കമ്പനിക്ക് വഴിയൊരുക്കിയ അതേ മാതൃക പിന്തുടര്‍ന്നുകൊള്ളാമെന്ന ഉറപ്പ് കൂടിയാണത്.

റോഡുകള്‍ ഇപ്പോള്‍ തന്നെ നിര്‍മിച്ച്, ഉപയോഗിച്ച്, ലാഭമെടുത്ത് കൈമാറാനായി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നു. അവര്‍ ലാഭമെടുത്ത് കൈമാറുമ്പോഴേക്കും അടുത്ത അറ്റകുറ്റപ്പണിക്കോ, വികസിപ്പിക്കലിനോ പ്രായമായിട്ടുണ്ടാകും. വീണ്ടും സ്വകാര്യ കമ്പനിയുടെ കൈവശത്തിലേക്ക് വരും. റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെ സ്വകാര്യവത്കരണം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്തേ തുടങ്ങിയതാണ്. ചരക്ക്, യാത്രാ ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് നരേന്ദ്ര മോദി പച്ചക്കൊടി വീശി. ട്രാക്കുകളുടെ ഉടമസ്ഥാവകാശം വൈകാതെ കൈമാറാതിരിക്കാനാകില്ല. കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില ഉറപ്പാക്കി സംഭരിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് അടുത്തുകൊണ്ടുവന്ന നിയമങ്ങളുടെ ബലത്തില്‍ കൈകഴുകി. അതേച്ചൊല്ലി തെരുവിലിറങ്ങിയ കര്‍ഷകരെ രാജ്യദ്രോഹികളെന്ന ഗോപിക്കുറി തൊടുവിച്ച് മാറ്റിനിര്‍ത്തിത്തുടങ്ങി. താങ്ങുവിലയും സംഭരണവും അവസാനിപ്പിച്ച മുറയ്ക്ക് ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തില്‍ നിന്ന് വൈകാതെ പിന്മാറാം. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അമിതമായി ഉപയോഗിച്ച്, ധാന്യങ്ങള്‍ കേടുവരുത്തിക്കളയുന്ന ഗോഡൗണുകളും അനുബന്ധ ആസ്തികളും വില്‍ക്കാം. അതോടെ പൊതുവിതരണമെന്ന കൊസ്രാക്കൊള്ളിയെ ദൂരെ എറിയാം. അതോടെ സബ്‌സിഡി എന്ന അക്കൗണ്ടിലെ നഷ്ടക്കണക്കുകള്‍ അപ്രത്യക്ഷമാകും. ഇതൊക്കെ ഇല്ലാതാകുന്നതോടെ, അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുക എന്ന, ഇപ്പോഴും സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് ജനം കരുതുന്ന ഭോഷ്‌ക് അവസാനിപ്പിക്കാം. എന്തൊക്കെ സാധ്യതകളാണ്. കണ്ണായ സ്വത്തുക്കളൊക്കെ ചുളുവിലക്ക് കിട്ടുമ്പോള്‍ അംബാനി, അദാനിമാര്‍ക്കും അവരിലൂടെ രാജ്യത്തേക്ക് എത്തുന്ന വിദേശ കമ്പനികള്‍ക്കും സന്തോഷം. രാജ്യം ആത്മനിര്‍ഭരത കൊണ്ട് രോമാഞ്ചകഞ്ചുകമണിയും.

അധികാരത്തിന്, അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാരത്തിന് ഒരു ഉത്തരവാദിത്വമേയുണ്ടാകൂ. വെറുപ്പ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുക, വര്‍ഗീയത ഇനിയും വളര്‍ത്തുക, വിയോജിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹക്കേസുകളില്‍ മുക്കിയെടുക്കുക, അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം – യു എ പി എ) ചുമത്തി പരമാവധിയാളുകളെ ജയിലില്‍ അടക്കുക. പിന്നെയങ്ങോട്ട് ശാന്തം, സുന്ദരം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്