Gulf
സഊദി മിലിട്ടറി ഇൻഡസ്ട്രീസ് നിരവധി കരാറുകളിൽ ഒപ്പ് വെച്ചു

റിയാദ് | അബൂദാബിയിൽ സമാപിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രതിരോധ എക്സിബിഷൻ ആന്റ് കോൺഫറൻസിൽ (ഐഡിഎക്സ്) സഊദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് (സാമി) നിരവധി അന്താരാഷ്ട്ര കമ്പനികളുമായും സർക്കാർ അധികാരികളുമായും സഹകരണ കരാറുകളിൽ ഒപ്പുവെച്ചതായി സാമി സി ഇ ഒ വാലിദ് ബിൻ അബ്ദുൽമജീദ് അബു ഖാലിദ് പറഞ്ഞു.
“ഇത് ഞങ്ങളെ പുതിയ നേട്ടങ്ങളിലേക്ക് നയിക്കുകയും ലോകത്തെ സൈനിക സംവിധാനങ്ങളുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായി രാജ്യത്തെ മാറ്റുമെന്നും സഊദി അറേബ്യയുടെ വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സൈനിക വ്യവസായത്തെ പ്രാദേശികവൽക്കരിക്കാനും പൊതു നിക്ഷേപ ഫണ്ടിന്റെ (പിഐഎഫ്) പൂർണമായും ഉടമസ്ഥതയിലുള്ള സാമി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സൈനിക പ്രതിരോധ കമ്പനിയായ യു എസിലെ ലോക്ക്ഹീഡ് മാർട്ടിനുമായി സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചു. ഹെലികോപ്റ്ററുകളുടെയും ഫിക്സഡ് വിംഗ് വിമാനങ്ങളുടെയും നിർമ്മാണം, പരിപാലനം, നന്നാക്കൽ എന്നിവയ്ക്കൊപ്പം സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യകളുടെ നിർമാണത്തിലുമാണ് സംരംഭങ്ങൾ ആരംഭിക്കുക.
അബുദാബി ആസ്ഥാനമായുള്ള എഡ്ജ് ടെക്നോളജി ഗ്രൂപ്പുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. കവചിത സൈനിക, കരാർ പ്രകാരം സൈനിക സുരക്ഷാ വാഹനങ്ങളിൽ ഇരു കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കരാർ നിലവിൽ വരുന്നതോടെ സഊദിയും യു എ ഇയും തമ്മിലുള്ള സൈനിക വ്യവസായരംഗത്തെ ആദ്യ അടയാളപ്പെടുത്തലായി മാറും.
അഞ്ച് ദിവസത്തെ എക്സിബിഷനിൽ ഗാമി ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒഹാലി യുഎഇയിലെ സഊദി അംബാസഡർ തുർക്കി ബിൻ അബ്ദുല്ല അൽ ദഖിലിനൊപ്പം സഊദി പവലിയൻ സന്ദർശിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, യുഎഇ ഉപപ്രധാനമന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ പവലിയൻ സ്വാഗതം ചെയ്തു.