Connect with us

Kerala

ലൗ ജിഹാദ്; മുസ്ലിംങ്ങളെ അക്രമിക്കാനുള്ള സംഘ്പരിവാര്‍ സൃഷ്ടി: എ വിജയരാഘവന്‍

Published

|

Last Updated

മലപ്പുറം  | കേരളത്തില്‍ വന്ന് ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശക്തമായ മറുപടിയുമായി സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ലവ് ജിഹാദ് എന്നൊന്നില്ല. ഇത് സംഘപരിവാറിന്റെ പ്രചരണായുധമാണ്. ലൗ ജിഹാദിനെതിരെ എന്ന് പറഞ്ഞ് യു പിയും മറ്റും നിയമം പാസാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പാക്കാനുള്ള സംസ്ഥാനമല്ല കേരളമെന്ന് ഇവിടത്തെ ബി ജെ പിക്കാര്‍ സമയം കിട്ടുമ്പോള്‍ യോഗി ആദിത്യനാഥിന് പറഞ്ഞ് കൊടുക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

രാജ്യത്ത് മുസ്ലീം മത വിഭാഗത്തെ വേട്ടയാടാനും അക്രമിക്കാനുമാണ് ലൗ ജിഹാദ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല, അത് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിലും മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പിയുടെ സാമ്പത്തിക നയങ്ങളിലെ വൈകല്യം ജനങ്ങള്‍ അനുഭവിക്കുകയാണ്.

പെട്രോള്‍ വില 100 കവിഞ്ഞു. നോട്ട് നിരോധനം, ജി എസ് ടി നടപ്പിലാക്കുന്നത് ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി. ചരിത്രത്തിലിതുവരെ ഇല്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യ അനുഭവിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങളെകുറിച്ച് സംസാരിക്കാതെയാണ് ബി ജെ പി നേതാക്കള്‍ ലൗജിഹാദ് പോലുള്ള ഇല്ലാത്ത കാര്യങ്ങളെകുറിച്ച് സംസാരിക്കുന്നത്.

യോഗിയുടെ ഉത്തര്‍പ്രദേശ് എന്ന് പറഞ്ഞാല്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ്. പശുവിന്റെ പേരില്‍ ദളിതരെ ആക്രമിക്കുക മുസ്ലീം ജനവിഭാഗങ്ങളെ പരസ്യമായി തെരുവിലിട്ട് തല്ലി കൊല്ലുക. അതൊന്നും കേരളത്തില്‍ പറ്റില്ലെന്ന് ഒഴിവുള്ളപ്പോള്‍ ബി ജെ പി നേതാക്കള്‍ യോഗിക്ക് പറഞ്ഞുകൊടുക്കണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.