Connect with us

National

കര്‍ണാടകയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കിയ വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി

Published

|

Last Updated

ബംഗളൂരു | അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് കര്‍ണാടകയില്‍ സംഭാവന നല്‍കിയവരുടെ വസതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രത്യേകം അടയാളപ്പെടുത്തുന്നതായി വെളിപ്പെടുത്തി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജര്‍മനിയില്‍ നാസികള്‍ ചെയ്ത അതേ കാര്യമാണ് ഇവിടെ ഇപ്പോള്‍ ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന സ്വരൂപിക്കുന്നവര്‍ പണം നല്‍കിയവരുടെയും അല്ലാത്തവരുടെയും വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ നാസികള്‍ ജര്‍മ്മനിയില്‍ ചെയ്തതിന് സമാനമാണിതെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ജര്‍മനിയില്‍ നാസി പാര്‍ട്ടി ഉദയം ചെയ്ത അതേസമയത്താണ് ഇന്ത്യയില്‍ ആര്‍ എസ് എസും പിറവിയെടുത്തത്. നാസികളുടെ രീതി ആര്‍എസ്എസ് അതേപടി പിന്തുടര്‍ന്നാല്‍ എന്താകും അവസ്ഥയെന്നത് സംബന്ധിച്ച ആശങ്കയുണ്ട്. രാജ്യത്ത് ഇപ്പോള്‍ ജനങ്ങളുടെ മൗലികാവകാശം അപഹരിക്കപ്പെട്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാന്‍ സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. വരുംനാളുകളില്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ആശങ്കാജനകമാകും. സര്‍ക്കാറിന്റെ കാഴ്ചപ്പാടുകള്‍ ശരിവെക്കുന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ എന്തിയാല്‍ എന്താകും സംഭവിക്കുകയെന്നും കുമാരസ്വാമി ചോദിച്ചു.

Latest