Connect with us

Articles

ഭീമ കൊറേഗാവ്: ആവര്‍ത്തിക്കുന്ന കുടിലത

Published

|

Last Updated

ഭീമ കൊറേഗാവൊരു പ്രതീകമാണ് രാജ്യത്തെ ദളിതുകളെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ മഹര്‍ വംശജരെ സംബന്ധിച്ച്. രണ്ട് നൂറ്റാണ്ടു മുമ്പ് ചിത്പവന്‍ ബ്രാഹ്മണരായ പേഷ്വ രാജവംശത്തെ ബ്രിട്ടീഷ് സൈനികര്‍ക്കൊപ്പം ചേര്‍ന്ന് മഹര്‍ പടയാളികള്‍ പരാജയപ്പെടുത്തിയ യുദ്ധം നടന്ന ഭൂമി. സവര്‍ണ മേല്‍ക്കോയ്മയെ ദളിതുകള്‍ പരാജയപ്പെടുത്തിയതിന്റെ പ്രതീകം. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം മുന്നിലിട്ട്, സവര്‍ണാധിപത്യത്തിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ശ്രമിക്കുന്ന കാലത്ത് പഴയ യുദ്ധ വിജയത്തിന്റെ ഓര്‍മ പുതുക്കലിന് രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു. ആ നിലക്കാണ് 2017 ഡിസംബര്‍ 31ന്, രാജ്യത്തെ വിവിധ ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭീമ കൊറേഗാവില്‍ എല്‍ഗാര്‍ പരിഷദ് എന്ന സമ്മേളനം വിളിച്ചത്. സമ്മേളനം പൂര്‍ത്തിയായതിന് ശേഷമാണ് ശിവ് പ്രതിഷ്ഠസ്ഥാന്‍ ഹിന്ദുസ്ഥാന്‍, സമസ്ത ഹിന്ദു അഗാഡി എന്നീ സംഘ്പരിവാര്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തകര്‍ അവിടെയെത്തി സംഘര്‍ഷമുണ്ടാക്കുന്നത്. സാംബാജി ഭിഡെ, മിലിന്ദ് എക്‌ബോതെ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇത്. സമ്മേളനത്തിനെത്തിയ ദളിത് പ്രവര്‍ത്തകര്‍, ഹിന്ദുത്വ വാദികളുടെ ആക്രമണത്തെ ചെറുത്തു, സ്വാഭാവികമായ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. ഇതിന് ശേഷം മഹാരാഷ്ട്രയില്‍ പലയിടത്തും ദളിത് സംഘടനകളുടെ പ്രതിഷേധം അരങ്ങേറി. ഇതിനെ ചെറുക്കാന്‍ സംഘ്പരിവാര്‍ അനുകൂലികളെത്തിയതോടെ കലാപാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരില്‍ പൂണെ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍, സാംബാജി ഭിഡെയുടെയും മിലിന്ദ് എക്‌ബോതെയ്ക്കുമൊക്കെ എതിരെയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. എല്‍ഗാര്‍ പരിഷദ് സംഘടിപ്പിച്ചവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖര്‍ക്കുമെതിരെ കലാപം സൃഷ്ടിച്ചതിന് കേസെടുത്തു. അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു രണ്ടാമത്തെ എഫ് ഐ ആറും മാസങ്ങള്‍ക്ക് ശേഷം ആരംഭിച്ച വ്യാപകമായ അറസ്റ്റുകളും.
പരിഷദ് സംഘടിപ്പിച്ചത്, ഭീകര സംഘടനയായി ഭരണകൂടം പ്രഖ്യാപിച്ച സി പി ഐ (മാവോയിസ്റ്റ്) യാണെന്നായിരുന്നു പൂണെ പോലീസിന്റെ കണ്ടെത്തല്‍. ഇത് സംഘാടകര്‍ നിഷേധിച്ചുവെങ്കിലും ബി ജെ പിയോ അവര്‍ നിയന്ത്രിക്കുന്ന പോലീസോ മുഖവിലക്കെടുത്തില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത ലാപ്‌ടോപ്പുകള്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സംഘാടകരുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്നതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. അതുമാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതിന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് തെളിവ് ലഭിച്ചെന്നും. അതിനെത്തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകരായ സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റാവുത്ത്, സുധീര്‍ ധവാലെ, മലയാളി കൂടിയായ റോണ വില്‍സന്‍ എന്നിവരെയൊക്കെ അറസ്റ്റ് ചെയ്യുന്നത്. അധികം വൈകാതെ സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗൊണ്‍സാല്‍വസ്, വരവര റാവു, ഗൗതരം നാവ്‌ലഖ തുടങ്ങി അക്കാദമിക് രംഗത്തെയും സാമൂഹിക മേഖലയിലെയും പ്രമുഖര്‍ അറസ്റ്റിലായി. ഇതില്‍ റോണ വില്‍സന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറിലാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടതിനുള്ള തെളിവ് ലഭിച്ചത് എന്നാണ് പോലീസ് പറഞ്ഞിരുന്നത്.
ആ ഡിജിറ്റല്‍ തെളിവിന്റെ ആധികാരികതയാണ്, അമേരിക്കയിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഏജന്‍സി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുകയല്ല, മറിച്ച് ഈ തെളിവ് കമ്പ്യൂട്ടറുകളിലേക്ക് കടന്നുകയറുന്ന വൈറസുകളെ ഉപയോഗിച്ച് റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ നിക്ഷേപിച്ചതാണെന്നാണ് അവരുടെ കണ്ടെത്തല്‍. 2016ല്‍ തന്നെ റോണ വില്‍സന്റെ കമ്പ്യൂട്ടറിലേക്ക് വൈറസിനെ കടത്തിവിട്ടിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നതിന് തെളിവായി പോലീസ് ഹാജരാക്കുന്ന രേഖ, റെയ്ഡ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചത് എന്നും അമേരിക്കയിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഏജന്‍സി പറയുന്നു. വരവര റാവുവിന്റെ ഇ മെയില്‍ അഡ്രസ്സില്‍ നിന്ന് റോണ വില്‍സന്റെ മെയിലിലേക്ക് അയച്ച ഒരു സന്ദേശം വഴിയാണ് ലാപ്‌ടോപ്പിലേക്ക് വൈറസിനെ കടത്തിയതെന്നും. അതായത് വരവര റാവുവിന്റെ ഇ മെയില്‍ അക്കൗണ്ട് ആദ്യമേ തന്നെ ഹാക്ക് ചെയ്തിരുന്നുവെന്ന് അര്‍ഥം.
എല്‍ഗാര്‍ പരിഷദ് സംഘടിപ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ, അവിടെ നടന്ന അക്രമങ്ങളുടെ മറവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ കുടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിനെ, അതിന്റെ ഹിന്ദുത്വ അജന്‍ഡകളെ, ആ അജന്‍ഡകളുടെ നടപ്പാക്കലിന് സംഘ്പരിവാറുമായി ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന അക്രമോത്സുക ശ്രമങ്ങളെ, സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ സംഘ്പരിവാര്‍ നേരിട്ട് നടത്തുന്ന നീക്കങ്ങളെ, അതിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത പദ്ധതികളെയൊക്കെ എതിര്‍ക്കുന്ന അക്കാദമിക് രംഗത്തും സാമൂഹിക മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടാനായി അവരുടെ മെയിലടക്കമുള്ളവ ഹാക്ക് ചെയ്ത്, സ്വകാര്യതയിലേക്ക് കടന്നുകയറി നിരീക്ഷണം ആരംഭിക്കുകയും കേസില്‍ കുടുക്കാന്‍ പാകത്തിലുള്ള രേഖകള്‍ സ്ഥാപിക്കുകയുമാണ് ചെയ്തത് എന്ന് ചുരുക്കം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. അതാരായാലും അതിന്റെ പ്രേരക ശക്തി ഏതാണെന്ന് മനസ്സിലാക്കാന്‍ അന്നാഹാരം കഴിക്കുക പോലും വേണ്ടതില്ല.
2009ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ്, അഹമ്മദാബാദുകാരിയായ യുവതിയെ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുന്നത്. അവര്‍ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ സകല വിവരങ്ങളും സാഹിബിനെ അറിയിക്കണമെന്ന്, അക്കാലം ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ, ഐ പി എസ് ഉദ്യോഗസ്ഥനായ ജി എല്‍ സിംഘാളിന് നിര്‍ദേശം നല്‍കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രാജ്യസുരക്ഷക്ക് എന്തെങ്കിലും ഭീഷണി ഉയര്‍ത്തും വിധത്തില്‍ ഈ യുവതി പ്രവര്‍ത്തിച്ചതായി തെളിവില്ല. അത്തരം റിപ്പോര്‍ട്ടുകളൊന്നും പോലീസിന് കൈമാറിയിട്ടുമില്ല. എന്നിട്ടും സാഹിബിന് വേണ്ടി യുവതിയെ നിരന്തരം പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിരുന്നു ഗുജറാത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയുടെ ഫോണ്‍ ചോര്‍ത്താനും യുവതിയും പ്രദീപ് ശര്‍മയും തമ്മില്‍ കാണുന്നുണ്ടോ എന്ന് കണ്ടെത്താനുമൊക്കെ അന്ന് നിര്‍ദേശിച്ചിരുന്നു. തന്റെ പരാതി പ്രകാരമാണ് സര്‍ക്കാര്‍ രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചതെന്ന് യുവതിയുടെ പിതാവ് പിന്നീട് പറഞ്ഞതോടെയാണ് കഥക്ക് വിരാമമായത്. എന്തുകൊണ്ട് ആ പിതാവ് അങ്ങനെ പറഞ്ഞുവെന്നതിന് കഥയില്‍ ചോദ്യമില്ലെന്ന് മാത്രമേ മറുപടിയുള്ളൂ.
ഇതൊന്ന് മാത്രമല്ല. 2002നും 2006നുമിടയില്‍ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെല്ലാം ബി ജെ പിയുടെ നേതാക്കളെ വധിക്കാന്‍ ഭീകരര്‍ രഹസ്യമായി എത്തിയിരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അകമ്പടിയുണ്ടായിരുന്നു. ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പോലീസ് നേരത്തേ തന്നെ കസ്റ്റഡിയിലെടുത്ത് രഹസ്യമായി പാര്‍പ്പിച്ചിരുന്നവരാണെന്ന് പിന്നീട് വെളിപ്പെട്ടു. ഇശ്‌റത് ജഹാന്‍, സുഹ്‌റാബുദ്ദീന്‍, സാദിഖ് ജമാല്‍ തുടങ്ങിയ പേരുകളില്‍ കുപ്രസിദ്ധമായ കേസുകള്‍.
രഹസ്യ നിരീക്ഷണങ്ങളുടെ, വ്യാജ ഏറ്റുമുട്ടലുകളുടെയൊക്കെ ചൂടാറാത്ത ചരിത്രത്തിന്റെ മറ്റൊരു രൂപമാണ് റോണ വില്‍സന്റെ ലാപ്‌ടോപ്പിലേക്ക് എത്തിയ പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിയെന്ന് സംശയിക്കണം. ആ പദ്ധതിക്കപ്പുറത്തുള്ളൊരു ഭീകരവാദ പരിപാടി രാജ്യത്തുണ്ടാകാനില്ലല്ലോ. ചുമത്തപ്പെട്ട യു എ പി എയുടെ ബലത്തില്‍ ദീര്‍ഘകാലം ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട അക്കാദമിക്, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ രാജ്യത്തെ പൗരന്‍മാര്‍ക്കൊക്കെയുള്ള മുന്നറിയിപ്പാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നതും അതിനെ നിയന്ത്രിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വക്താക്കളെ തിരിച്ചറിയാന്‍ പാകത്തില്‍ സംസാരിക്കുന്നതുമൊക്കെ നിര്‍ത്തി, “നല്ല കുട്ടികളാ”യിരിക്കണമെന്ന മുന്നറിയിപ്പ്. ഹിന്ദുത്വ ഭീകരവാദ ശൃംഖല സൃഷ്ടിച്ച സ്‌ഫോടനങ്ങളുടെ കൂടി ഉത്തരവാദിത്വം മുസ്‌ലിം ചെറുപ്പക്കാരുടെ ചുമലില്‍ വെച്ച് ആ സമുദായത്തെ ഒന്നാകെ ഭീകരവാദികളെന്ന സംശയത്തിന്റെ നിഴലിലേക്ക് നീക്കി നിര്‍ത്തിയ, (മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല, പക്ഷേ, ഭീകരവാദികളൊക്കെ മുസ്‌ലിംകളാണെന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി തന്നെ അവതരിപ്പിച്ച സിദ്ധാന്തം ഓര്‍ക്കുക) ഭീതിയുടെ തടവറയിലാക്കിയ തന്ത്രം മറ്റൊരു വിഭാഗത്തിന് മേല്‍ ആവര്‍ത്തിക്കപ്പെടുകയാണ്. തീവ്ര ഹിന്ദുത്വ അജന്‍ഡകളെ എതിര്‍ക്കാനിടയുള്ള, പൊതു സമൂഹത്തില്‍ അഭിപ്രായ രൂപവത്കരണം നടത്താന്‍ ത്രാണിയുള്ള വിഭാഗത്തിന് മേല്‍. അതിന് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് മാത്രം.
അമേരിക്കയിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഏജന്‍സിയുടെ റിപ്പോര്‍ട്ട് റോണയുടെയോ ആനന്ദ് തെല്‍തുംബ്‌ദെയുടെയോ സ്റ്റാന്‍ സ്വാമിയുടെയോ നിരപരാധിത്വം തെളിയിക്കുമെന്ന് ആരും കരുതരുത്. റോണയുടെ അഭിഭാഷകന്റെ അപേക്ഷ സ്വീകരിച്ച് അമേരിക്കന്‍ ഏജന്‍സി പരിശോധന നടത്തിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലായി “രാജ്യസ്‌നേഹി”കള്‍ വ്യാഖ്യാനിക്കും. വിദേശ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇന്ത്യയില്‍ സ്വീകരിക്കാവുന്ന തെളിവല്ലെന്ന് നീതിന്യായ സംവിധാനം വിധിക്കുകയും ചെയ്യും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest