Kerala
നിലപാടില്‍ അയഞ്ഞ് കാപ്പന്‍; ശരത് പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കും
തിരുവനന്തപുരം | പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ശരദ് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റ് വിട്ടുനല്‍കുമെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും എന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ വന്ന് ചര്‍ച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും. യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യവും പ്രഫുല്‍ പട്ടേല്‍ വന്ന് നടത്തുന്ന ചര്‍ച്ചക്ക് ശേഷം തീരുമാനിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
നേരത്തെ പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് നിലപാടായിരുന്നു മാണി സി കാപ്പന്റേത്. ഇന്നലെ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി തിരിച്ചെത്തിയപ്പോഴും ഇതേ നിലപാടാണ് അദ്ദേഹം മാധ്യമങ്ങളോട് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒറ്റപ്പെട്ടു പോയെന്ന് തോന്നല്‍ കാപ്പന്‍ ക്യാമ്പിലുണ്ടെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് മുന്‍ നിലപാട് മയപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അറിയുന്നു.
പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ എന്‍ സി പി മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്നലെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും എന്‍സിപി ചെയര്‍മാന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. പാലാ സീറ്റ് വിട്ടുനല്‍കിയാല്‍ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാമെന്ന വാഗ്ദാനം എന്‍സിപിക്ക് മുന്നിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ടി പി പീതാംബരന്‍മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു





