Connect with us

Ongoing News

ആദ്യം വിറപ്പിച്ചു, പിന്നെ വിറച്ചു; കരുത്തർക്ക് മുന്നിൽ കീഴടങ്ങി മഞ്ഞപ്പട

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിലെ 78ാം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എ ടി കെ മോഹന്‍ ബഗാനെ വിറപ്പിച്ചെങ്കിലും കീഴടങ്ങി മഞ്ഞപ്പട. കളിയുടെ ആരംഭഘട്ടത്തില്‍ തന്നെ രണ്ട് ഗോള്‍ നേടി മേധാവിത്വം ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് എ ടി കെ വിജയിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഹൂപറും കോസ്റ്റയുമാണ് ഗോളുകള്‍ നേടിയത്. 14ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗാരി ഹൂപര്‍ നേടിയത്. ഗോള്‍ പോസ്റ്റില്‍ നിന്ന് ഏറെ അകലെ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഹൂപറിന്റെ ഗോള്‍. വലതുവശത്തുള്ള നിന്നുള്ള സന്ദീപ് സിംഗിന്റെ പാസ് നെഞ്ച് കൊണ്ട് സ്വീകരിച്ച് ഷോട്ടുതിര്‍ക്കുകയായിരുന്നു ഹൂപര്‍.

30ാം മിനുട്ടില്‍ തകര്‍പ്പന്‍ അവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നു. പകുതിയില്‍ നിന്ന് ബോളുമായി കുതിച്ച ജോര്‍ദാന്‍ മുറെ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗംഭീര ഷോട്ട് ഉതിര്‍ത്തെങ്കിലും എ ടി കെ ഗോളി അരിന്ദം ഭട്ടാചാര്‍ജ തടഞ്ഞു. ആദ്യ പകുതിയില്‍ മേധാവിത്വം പുലര്‍ത്തിയത് മഞ്ഞപ്പടയായിരുന്നു.

രണ്ട് പേരെ മാറ്റിയാണ് എ ടി കെ രണ്ടാം പകുതി ആരംഭിച്ചത്. സുമിത് രതി, സാഹില്‍ ശൈഖ് എന്നിവര്‍ക്ക് പകരം പ്രോണയ് ഹല്‍ദര്‍, മന്‍വീര്‍ സിംഗ് എന്നിവരെയാണ് എ ടി കെ ഇറക്കിയത്. എന്നാല്‍ അധികം വൈകാതെ 51ാം മിനുട്ടില്‍ കോസ്റ്റ നാമോയ്‌നെസു ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. സഹല്‍ അബ്ദുല്‍ സമദിന്റെ കോര്‍ണര്‍ കിക്ക് രാഹുല്‍ കെ പി ഹെഡറിലൂടെ കോസ്റ്റയിലെത്തുകയും കോസ്റ്റ ഹെഡ് ചെയ്‌തെങ്കിലും ഗോളി അരിന്ദം തടയുകയും ചെയ്തു. എന്നാല്‍ തൊട്ടുമുന്നിലുണ്ടായിരുന്ന ബോള്‍ കോസ്റ്റ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

എന്നാല്‍, മഞ്ഞപ്പടയുടെ സന്തോഷത്തിന് അധികം ആയുസ്സാണ്ടായില്ല. തൊട്ടടുത്ത മിനുട്ടുകളില്‍ രണ്ട് ഗോളുകള്‍ നേടി സമനില പിടിക്കാന്‍ എ ടി കെക്ക് സാധിച്ചു. 59ാം മിനുട്ടില്‍ മന്‍വീര്‍ സിംഗിന്റെ അസിസ്റ്റില്‍ മാഴ്‌സെലോ പെരേര എ ടി കെയുടെ ആദ്യ ഗോള്‍ നേടി. 65ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി എ ടി കെയുടെ റോയ് കൃഷ്ണ ഗോളാക്കി.

75ാം മിനുട്ടില്‍ എ ടി കെയുടെ കാള്‍ മക്ഹഫിനും 81ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോസ്റ്റക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 78ാം മിനുട്ടില്‍ ജെസ്സെല്‍ കാര്‍ണീറോയെ പിന്‍വലിച്ച് പ്രശാന്ത് കറുത്തേടത്ത്കുനിയെ മഞ്ഞപ്പട ഇറക്കി. 81ാം മിനുട്ടില്‍ മാഴ്‌സലോ പെരേരക്ക് പകരം ജാവിയര്‍ ഹെര്‍ണാണ്ടസിനെ എ ടി കെ കളത്തിലിറക്കി.

82ാം മിനുട്ടില്‍ ഉഗ്രന്‍ അവസരം മഞ്ഞപ്പടക്ക് ലഭിച്ചിരുന്നു. വലതുവശത്ത് നിന്ന് പന്തുമായി എത്തിയ രാഹുല്‍ കെ പി പ്രതിരോധഭടന്മാരെ കട്ട് ചെയ്ത് ബോക്‌സിന്റെ മൂലയില്‍ നില്‍ക്കുകയായിരുന്ന സഹലിന് പാസ്സ് ചെയ്തു. സഹല്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ഏറെ വൈഡ് ആയാണ് ബോള്‍ പോയത്. 87ാം മിനുട്ടില്‍ എ ടി കെയുടെ മൂന്നാം ഗോള്‍ പിറന്നു. നേരത്തേ പെനല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടിയ റോയ് കൃഷ്ണയാണ് മൂന്നാം ഗോളിന്റെയും പിന്നില്‍.

അവസാന നിമിഷങ്ങളില്‍ ആറ് മഞ്ഞക്കാര്‍ഡുകളാണ് റഫറി ഉയര്‍ത്തിയത്. എ ടി കെക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടിയ റോയ് കൃഷ്ണ, പ്രോണയ് ഹല്‍ദര്‍, പ്രിതം കോടല്‍, ബ്ലാസ്‌റ്റേഴ്‌സിന്റെ ഗാരി ഹൂപര്‍, രാഹുല്‍ കെ പി, സഹൽ അബ്ദുൽ സമദ് എന്നിവര്‍ക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ ആറ് മിനുട്ട് റഫറി അധികം അനുവദിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല.

---- facebook comment plugin here -----

Latest