Connect with us

Kerala

എല്‍ ഡി എഫ് യോഗം ഇന്ന് ചേരും; സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമാകും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു ചേരും. എകെജി സെന്ററില്‍ രാവിലെ പത്തിനാണ് യോഗം. യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്. എന്‍സിപിയിലെ തര്‍ക്കവും ചര്‍ച്ചയാകും. വിവിധ ഘടകകക്ഷികള്‍ തങ്ങളുടെ സീറ്റ് ആവശ്യങ്ങള്‍ മുന്നോട്ടുവെക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമതീരുമാനം ഉണ്ടാകൂ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോഴേക്കും സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി തയാറെടുക്കുന്നത്.

പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയിലെ ഒരുവിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും യോഗത്തിലുണ്ടായേക്കും. പുതുതായി എത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. അപ്പോഴുണ്ടാകുന്ന സീറ്റുനഷ്ടം ആരു സഹിക്കുമെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതെല്ലാം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സമയക്രമം എല്‍ഡിഎഫ് യോഗം തീരുമാനിക്കും.

രണ്ട് മേഖലകളായി തിരിച്ച് സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കുന്ന യാത്രകളാണ് മറ്റൊരു പ്രധാന അജണ്ട. തെക്കന്‍ മേഖലാ ജാഥക്ക് കാനം രാജേന്ദ്രനും വടക്കന്‍ മേഖലാ ജാഥയ്ക്ക് എ വിജയരാഘവനും നേതൃത്വം നല്‍കും. സിബിഐയുടെ തുടര്‍നീക്കങ്ങള്‍ അനുസരിച്ച് സോളാര്‍ കേസ് പ്രചാരണ വിഷയമാക്കാനാണ് മുന്നണി ആലോചിക്കുന്നത്.

Latest