Connect with us

National

ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഭവങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും; ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാനൊരുങ്ങി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി   ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച നടത്തും. ട്രാക്ടര്‍ റാലി പാതിവഴിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് മടങ്ങി.അതേ സമയം സമരക്കാര്‍ക്ക് മേല്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ നീക്കം. കര്‍ഷകന്റെ മരണവും എഫ്ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡല്‍ഹി ലീസുമായി ചര്‍ച്ച നടന്നേക്കും. അതേസമയം, ചെങ്കോട്ടയിലെ സുരക്ഷാ പാളിച്ച അടക്കം കാര്യങ്ങളില്‍ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് സൂചന.

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലും ഐടിഒയിലും അടക്കമുണ്ടായ സംഘര്‍ഷത്തെ കര്‍ഷക സംഘടനകള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധ ശക്തികള്‍ ട്രാക്ടര്‍ പരേഡില്‍ നുഴഞ്ഞുകയറിയെന്നും, അത്തരം ഘടകങ്ങളുമായി അകലം പാലിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

പ്രക്ഷോഭത്തിന്റെ ശക്തി തന്നെ സമാധാനമാണെന്നും, ഏതെങ്കിലും തരത്തില്‍ അത് ലംഘിക്കപ്പെട്ടാല്‍ സമരത്തെ ബാധിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. സിംഗുവില്‍ ഇന്ന് യോഗം ചേര്‍ന്ന് സംഘടനകള്‍ വിശദമായ ചര്‍ച്ച നടത്തും. അതേസമയം, കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ അടുത്ത നീക്കം.