Connect with us

Kerala

സോണിയ വിളിച്ചു; അവര്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാനാകില്ല: കെ വി തോമസ്

Published

|

Last Updated

കൊച്ചി | സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് നാളെ തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ്. പാര്‍ട്ടി വിട്ട് എറണാകുളത്ത് ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കെ വി തോമസിന്റെ പ്രതികരണം. നാളെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ചത് സോണിയ വിളിച്ചതുകൊണ്ടാണെന്നും സോണിയ ഗാന്ധി ഒരു കാര്യം പറഞ്ഞാല്‍ തളളാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകീട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിളിച്ചിരുന്നു. ഹൈക്കമാന്‍ഡ് നേതൃത്വം തിരുവനന്തപുരത്ത് വരുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട് സോണിയ ഗാന്ധി തന്നെ നേരിട്ട് വിളിച്ച് തിരുവനന്തുപുരത്ത് പോകാന്‍ പറഞ്ഞു. സോണിയ പറഞ്ഞാല്‍ മറ്റൊന്നില്ല. ദുഖങ്ങളും പരിഭവങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും സോണിയയുമായി തനിക്ക് വളരെ വലിയ ആത്മബന്ധമാണുള്ളതെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സര്‍ക്കാര്‍ ക്ഷണിച്ചത് പ്രകാരം പങ്കെടുത്തിരുന്നു. അതിന്റെ പശ്ചാലത്തില്‍ താന്‍ കൊച്ചിയില്‍ സീറ്റിന് ശ്രമിക്കുന്നുവെന്ന തരത്തില്‍ പത്രവാര്‍ത്തകള്‍ വന്നു. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും നിരന്തരം ആക്ഷേപങ്ങളുമുണ്ടായി. ഇത് മാനസിക വിഷമത്തിന് കാരണമായി. താന്‍ ആരോടും ഒരു സ്ഥാനവും സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വിശദീകരിച്ചു.