Gulf
കൊവിഡ് കാലത്തെ സാമൂഹിക പ്രവര്‍ത്തനം; യു എ ഇയിലെ ഇന്ത്യന്‍ സംഘടനകളെ അഭിനന്ദിച്ച് മന്ത്രി വി മുരളീധരന്‍

അബൂദബി | യു എ ഇ യില്‍ കൊവിഡ് കാലത്ത് നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സംഘടനകളെ അഭിനന്ദിച്ച് വിദേശ കാര്യ പാര്‍ലിമെന്ററി കാര്യ മന്ത്രി വി മുരളീധരന്‍. പ്രവാസികളുടെ മിനിമം വേജസ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വിളിച്ചു ചേര്‍ത്ത ഇന്ത്യന്‍ സംഘടനകളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമാന സര്‍വീസ് പൂര്‍വസ്ഥിതിയിലായാല്‍ അബൂദബിയില്‍ നിന്നും തൃച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സീകരിക്കുമന്നും ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. എന്‍ ആര്‍ ഐ ക്കാരുടെ മക്കളുടെ കോളജ് പ്രവേശനത്തില്‍ ശമ്പളത്തിന് ആനുപാതികമായി ഫീസ് ഏര്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അധ്യക്ഷത വഹിച്ചു. അന്തേവാസികളെ പുനരധിവസിപ്പിക്കാന്‍ അബൂദബിയില്‍ ഷെല്‍ട്ടര്‍ പണിയുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നും ഐ സി എ അപ്രൂവല്‍ കിട്ടാത്തവര്‍ക്ക് അത് നേടിക്കൊടുക്കാന്‍ ആവശ്യമായ നടപടി സീകരിക്കുമെന്നും സ്ഥാനപതി യോഗത്തില്‍ അറിയിച്ചു.
അബൂദബി ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, സാംസ്‌കാരിക വേദി അബൂദബി, തമിഴ് സംഘം അബൂദബി, കര്‍ണാടക അസോസിയേഷന്‍, ഗാന്ധി സാഹിത്യവേദി തുടങ്ങിയവയുടെ സംഘടനാ ഭാരവാഹികള്‍, എംബസി പ്രസ്സ്, ഇന്‍ഫര്‍മേഷന്‍&കള്‍ച്ചര്‍ സെക്രട്ടറി സന്ദീപ് കൗശിക്, കമ്മ്യൂണിറ്റി അഫയേഴ്‌സ് സെക്രട്ടറി പൂജ വെര്‍നേക്കര്‍ യോഗത്തില്‍ സംബന്ധിച്ചു.
—