Kerala
കെ വി വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും

തിരുവനന്തപുരം | ഇന്നലെ അന്തരിച്ച കോങ്ങാട് എം എല്‍ എ കെ വി വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും. ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ ഒമ്പതിന് സഭ ചേര്‍ന്ന ഉടന്‍ അനുസമരണ പ്രമേയം അവതരിപ്പിക്കും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും വിജയദാസിനെ അനുസ്മരിക്കും. അനുസ്മരണത്തിന് ശേഷം ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ മാര്‍ഗം പാലക്കാട്ടേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ചരമോപചാരത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെയാകും സഭ പിരിയുക. ബജറ്റ് ചര്‍ച്ച നാളെ പുനരാരംഭിക്കും.
അതിനിടെ അന്തരിച്ച കെ വി വിജയദാസിന്റെ മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ സ്വവസതിയില്‍ എത്തിച്ചു. ഇവിടന്ന് എലപ്പുള്ളിയിലെ തന്നെ ഗവ. സ്‌കൂളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഒമ്പത് മണിയോടെ വിജയദാസിന്റെ മൃതദേഹം സി പി എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. ഇവിടേക്കായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുക.