‘മ്മളെ ബെശർപ്പ് കളഞ്ഞിട്ടുണ്ടെങ്കിൽ, ആ ബെശർപ്പാണ് നിലനിക്ക്വ’

തളർന്നുപോകുമായിരുന്ന ഒരു ജന്മം നൂറുമേനി കൊയ്തെടുത്ത, ഈ അറുപത്തിയെട്ടാം കാലത്തും വിളവെടുപ്പിന് തയ്യാറെടുക്കുന്ന കുംഭമ്മയെന്ന ഒരപൂർവ ജീവിതത്തിന്റെ കനൽവഴികൾ തേടിയുള്ള യാത്രയാണിത്. അതന്വേഷിച്ചു ചെന്നാലവസാനിക്കുന്നത്, തളരില്ലെന്ന് നിങ്ങളങ്ങ് തീരുമാനിച്ചുറപ്പിച്ചാൽ കാലവും വിധിയുമെല്ലാം പിന്നെ വെറും കാഴ്ചക്കാരോ, കോമാളിവേഷക്കാരോ മാത്രമാണെന്ന തിരിച്ചറിവിന്റെ വിശാലമായ ഒരു വിളവെടുപ്പിന്റെ ഭൂമികയിലാണ്.
Posted on: January 12, 2021 5:40 pm | Last updated: January 12, 2021 at 5:40 pm

ജനിച്ചതിൻ പക, ജീവിച്ചു തീർക്കും
ഞാനീമണ്ണിൽ   
(ചങ്ങമ്പുഴ)

“മ്മള് ജീവിതത്തിൽ ഇങ്ങ്നെ കസ്ട്ടപ്പെട്ട് ജീവിച്ചാലേ അത് നിലനിക്കൂ. അല്ലാതെ വെറ്തെ ഒന്നും അനുങ്ങാണ്ട് പെയ്സ കിട്ടൂല. ആ പെയ്സ ഒറ്റ പോക്കങ്ങു പോകും. കാറ്റ് പോവും പോലെ ഒറ്റ പോക്ക്. മ്മളെ ബെശർപ്പ് കളഞ്ഞിട്ടുണ്ടെങ്കില്, ആ ബെശർപ്പാണ് നിലനിക്ക്വ.’ വരുംകാല തലമുറക്കും ഏറ്റു പറയാനുതകും വിധം കല്ലിലും കരളിലും ആഴത്തിൽ തറച്ചെഴുതി വെക്കേണ്ടത് തന്നെയാണ് ഈ വാക്കുകൾ.

കാരണം, ഈ വാക്കുകൾ കുംഭമ്മയുടെതാണ്.വെള്ളമുണ്ടയിലെ പിലാച്ചാൽ കരുവാശ്ശേരി കോളനിയിൽ കൊല്ലിൽ താമസിക്കുന്ന അറുപത്തിയെട്ടുവയസ്സുകാരി കുംഭമ്മ താൻ പറയുന്ന വാക്കുകൾ അക്ഷരംപ്രതി ജീവിതം കൊണ്ടു അടയാളപ്പെടുത്തിയവരാണ്.

പാരമ്പര്യത്തിൽ നിന്നൊരേട്

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കള്ളത്തരത്തിലും ചതിയിലും തളർന്നു പോയ കേരളവർമ പഴശ്ശിരാജാവിന് ആത്മവീര്യം പകർന്നു കൂടെ നിന്നതും ജീവൻ കൊടുത്തതും ഒരാദിവാസി ജനതയായിരുന്നു. ആ ഗിരിവർഗക്കാരുടെ പോരാട്ടവീര്യത്തിന് മുന്നിൽ, ലോകം കീഴടക്കാൻ ഒരുങ്ങിപ്പുറപ്പെട്ട നെപ്പോളിയൻ ബൊണോപ്പാർട്ടിന്റെ അശ്വമേധത്തിനും തടയിട്ട ഇംഗ്ലീഷ് കമാൻഡർ ആർഥർ വെല്ലസ്ലി പോലും തളർന്നു നിന്നു. പിന്നീട് കൃഷി ജീവിതമാക്കിയ, ആ ആദിവാസി ജനതയെ ഇല്ലാതാക്കുക എന്ന പ്രതികാരബുദ്ധിയോടെ കനത്ത നികുതി പരിഷ്കാരങ്ങളും പുത്തൻ കാർഷിക നയവും അവതരിപ്പിച്ച ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അതേ ആദിവാസി ജനത ഒരിക്കൽ കൂടി അമ്പും വില്ലും കൈയിലേന്തി പോരാട്ടത്തിനിറങ്ങി. കുറിച്യർ. കുറിക്ക് കൊള്ളുന്ന അമ്പെയ്യാൻ ശീലിച്ചവർ. കൃഷി ജീവനും ജീവിതവുമായി കണ്ടവർ. ജീവിതം പോരാട്ടമാക്കിയ ആ ഗിരിവർഗത്തിന്റെ ഒരു പിൻഗാമിയെ കുറിച്ചാണ്. മൂന്നാമത്തെ വയസ്സിൽ അരയ്ക്ക് കീഴെ തളർന്നു, ജീവിതം നിശ്ചലമായിപ്പോകുമായിരുന്ന കുംഭമ്മ കനകം വിളയിച്ചെടുത്ത ഭൂമികയെ കുറിച്ചാണ്.

മൂന്നാം വയസ്സിൽ അരയ്ക്ക് കീഴെ തളർന്നു പോയിട്ടും ജീവിതത്തിന്റെ മഹാഭൂമികയെ തരിശിടാൻ അനുവദിക്കാതെ കൈകൾ നിലത്തൂന്നി, കാലുകൾ മണ്ണിൽ വലിച്ചിഴച്ച് ഒരേക്കറോളം വരുന്ന പരമ്പരാഗത ഭൂമിയിൽ വിത്തെറിഞ്ഞും പതിരറുത്തും വിളവെടുത്തും വിധിയെ നോക്കി ചിരിച്ച കുംഭമ്മ പരാതി പറഞ്ഞില്ല, ആരോടും, ഒന്നിനോടും. ഒന്നിന് പിറകെയൊന്നായി ദുരന്തങ്ങൾ മാത്രം സമ്മാനിച്ച വിധിയോടോ, ദൈവത്തോടോ പോലും.! കൃഷി പോലും അവർക്ക് വരുമാനമാർഗമായിരുന്നില്ല. നിത്യാവശ്യത്തിനുള്ളത് എടുത്തുകഴിഞ്ഞാൽ ബാക്കിയുള്ളത് അയൽവാസികൾക്കും തന്റെ പ്രിയപ്പെട്ടവർക്കും മാറ്റിവെച്ചു ആത്മസംതൃപ്തിയടയുന്ന കുംഭമ്മ ജീവിതത്തെ തന്നെയും വെല്ലുവിളിക്കുകയായിരുന്നു.

ഇരുപത്തിമൂന്നാം വയസ്സിൽ മകൻ രാജുവിനെയും തന്നെയും തീർത്തും അനാഥമാക്കി അച്ഛന്ന് പിറകെ ഭർത്താവ് കുങ്കനും മരണപ്പെട്ടപ്പോഴും കുംഭമ്മ തളർന്നില്ല. പിന്നീട് അർബുദമെന്ന മഹാരോഗത്തിന്റെ രൂപത്തിൽ മാറിടം തുരന്ന് വിധിയവരെ ക്രൂരമായി വേദനിപ്പിച്ചു രസിച്ചപ്പോഴും വിധിയെ പഴിച്ച് കാലം കഴിക്കാൻ അവർ കൂട്ടാക്കിയുമില്ല. കണ്ണീർ കൊണ്ടു തന്റെ മാറിടം നനയ്ക്കുകയല്ല, വിയർപ്പ് കൊണ്ടു തന്റെ മണ്ണിടം നനച്ചു. പുതിയ വിത്തുകൾ പാകി. വിളവെടുത്തു. കോഴിയെയും താറാവുകളെയും കാലികളെയും പോറ്റി. മണ്ണ് കുഴച്ചെടുത്തു, പുര തേച്ചു വൃത്തിയാക്കി. കുമ്മായം കൊണ്ടു വെളുപ്പിച്ചു. തളർന്നു പോയ കാലുകളിലിഴഞ്ഞാണ് എല്ലാമെല്ലാം അവർ ചെയ്തു തീർത്തത്. സമ്മാനമായി കിട്ടിയ ചക്രക്കസേര പോലും തന്റെ ശീലത്തിന് ചേരില്ലെന്ന കാരണം മാത്രം പറഞ്ഞ് ഉപേക്ഷിച്ചു.

ALSO READ  ഒരു ശരാശരി ജമാഅത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍


ഭക്ഷണക്രമവും രീതിയും തെറ്റുമ്പോൾ തീർത്തും അസ്വസ്ഥയാവുന്നതിനാൽ യാത്രകൾ വേണ്ടെന്ന് വെച്ചു. വെള്ളമുണ്ടയ്ക്കപ്പുറത്തുള്ള ഒരു ലോകത്തേക്ക് കടന്നു ചെല്ലാൻ കുംഭമ്മ മടിച്ചു. പക്ഷേ, വെള്ളമുണ്ടയ്ക്കും വയനാടിനുമപ്പുറത്തുള്ള ലോകവും മാലോകരും കുംഭമ്മയെ തേടി ചെന്നു. ആദരവുകളും പുരസ്‌കാരങ്ങളും നൽകാൻ. തന്നെ തോൽപ്പിക്കാൻ ഒരുമ്പെട്ടെത്തിയ വിധിയെ, വരച്ച വരയിൽ നിർത്തി വെന്നിക്കൊടി പാറിച്ച കുംഭമ്മയെ കുറിച്ച് കൂടുതൽ അറിയാൻ. തോൽക്കാൻ നിങ്ങൾക്ക് മനസ്സില്ലെന്ന് നിശ്ചയിച്ചാൽ പിന്നെയൊരു ശക്തിക്കും നിങ്ങളെ തോൽപ്പിക്കാനാകില്ലെന്ന മഹദ്്വചനങ്ങൾക്ക് ജീവിക്കുന്ന ദൃഷ്ട്ടാന്തമുണ്ടെന്ന് കാണിച്ചു കൊടുക്കാൻ. കൈരളി ചാനലിന്റെയും (കതിർ), ചെയർമാന്റെയും പ്രത്യേക പുരസ്‌കാരങ്ങൾ, ഷീ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി.

ഇന്നോളം സർക്കാറുകളൊന്നും കാര്യപ്പെട്ട സഹായമൊന്നും സമ്മാനിച്ചിട്ടില്ലെന്ന് കുംഭമ്മ പറയുന്നത് പക്ഷേ ഒരു ചോദ്യത്തിനുള്ള ഉത്തരമായാണ്. പരിഭവമേതും ഒട്ടും കലരാത്ത അവരുടെ തെളിഞ്ഞ ഭാഷയിൽ.തലമുറകളായി ചെങ്കൊടി കൈയിലും നെഞ്ചിലുമേറ്റിയ ഗോത്രസ്മൃതികളുടെ നാവോറ് പാട്ടിനൊപ്പം പാർട്ടിയുടെ പടപ്പാട്ടുകളും ഹൃദിസ്ഥമാക്കിയ ഈ വയോധിക തീർച്ചയായും ഒരു പരിഗണന അർഹിക്കുന്നുണ്ട്. സഹതാപത്തിന്റെ മുദ്ര പതിപ്പിച്ച താമ്രപത്രങ്ങളല്ല.പോരാടി നിലനിർത്തിയ ജീവിതത്തിൽ അവർക്ക് നിശ്ചയമായും അവകാശപ്പെട്ട ഒരോഹരി. അത് ബോധ്യപ്പെടാൻ കുംഭമ്മ എന്ന സ്ത്രീ കൈക്കുത്തി കാലിൽ ഇഴഞ്ഞു കടന്നുപോയ വഴികളിലൂടെ രണ്ട് കാലിൽ നിവർന്നു നിന്ന് കണ്ണൊന്നു തുറന്നു പിടിച്ചു ചുമ്മാ നടന്നാൽ മാത്രം മതിയാകും. കരുവാശ്ശേരി കോളനിയിൽ നിന്ന് പിലാച്ചാൽ റോഡിലേക്കെത്താൻ ശരിയാക്കി വെച്ച, കേവലം ഇരുനൂറ്‌ മീറ്ററോളം മാത്രം ദൈർഘ്യമുള്ള മൺപാത ടാറിട്ടാൽ അത് അവരോടു മാത്രമല്ല ആ കോളനിക്കാരോട് മുഴുക്കെയും കാണിക്കുന്ന ഒരു അനുഗ്രഹമാകും. സുഗമമായ ഒരു പാത ഇല്ലാത്തത് കൊണ്ടു മാത്രമാണ് ആറിലധികം ജീവനുകൾ അവിടെ പൊലിഞ്ഞു പോയതെന്ന് അവിടത്തുക്കാർ ഉറച്ചു വിശ്വസിക്കുന്നു. പുതിയ ഭരണകർത്താക്കളെങ്കിലും തീർച്ചയായും അവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

പറഞ്ഞു തീർത്തത്, ഒരു കാൽപ്പനിക കഥയുടെ ആമുഖക്കുറിപ്പല്ല. ഞാനും നിങ്ങളുമൊക്കെ സ്തംഭിച്ചു നിന്നു പോയേക്കാവുന്ന ജീവിതാനുഭവങ്ങളെ മുഖാമുഖം നേരിട്ട ഒരു നിരക്ഷരയായ സ്ത്രീ പോരാടി നേടിയ ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണ്. ഒരു ആദിവാസി എന്ന നിലയിലോ സ്ത്രീ എന്ന രീതിയിലോ മാത്രം വായിക്കപ്പെടേണ്ട ഒരു ജീവചരിത്രമല്ല അത്. കുംഭമ്മ കാലിലിഴഞ്ഞു കീഴടക്കിയ ജീവിതം ലോകത്തോളം തന്നെ വിസ്തൃതമാണ്. കുംഭമ്മ കൊയ്‌തെടുത്ത ഒരേക്കറോളം വരുന്ന ആ മണ്ണിടം ആകാശത്തോളം വിശാലമാണ്. നമുക്ക് മുന്നിൽ തുറന്നു വെച്ച സത്യസന്ധമായൊരു പാഠപുസ്തകമാണ്.
.