പക്ഷിപ്പനി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

Posted on: January 5, 2021 3:29 pm | Last updated: January 5, 2021 at 6:00 pm

തിരുവനന്തപുരം | സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ രാജു വ്യക്തമാക്കി. രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍-പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി 38,000ത്തോളം പക്ഷികളെ കൊല്ലും.

കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമായി വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2,700 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്തു പക്ഷികളെയും ഇതുവരെ ദ്രുതകര്‍മ സേന കൊന്നു. ജില്ലാ കലക്ടര്‍ രൂപവത്കരിച്ച എട്ട് ദ്രുതകര്‍മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്.

ആലപ്പുഴയിലും വളര്‍ത്ത് പക്ഷികളെ കൊല്ലാന്‍ തുടങ്ങിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എം ദിലീപ് പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.