Connect with us

Kerala

താഹ തനിക്ക് സഹോദരന്‍; വേദനയില്‍ ചേര്‍ത്ത് നിര്‍ത്തിയവന്‍- അലന്‍

Published

|

Last Updated

കോഴിക്കോട് |  പന്തീരങ്കാവ് യു എ പി എ കേസില്‍ തന്റെ കൂട്ട്പ്രതിയായിരുന്ന താഹ ഫസലിന്റെ ജാമ്യം റദ്ദാക്കപ്പെട്ടത് ഏറെ വേദനിപ്പിക്കുന്നുവെന്ന് അലന്‍ ശുഐബ്. താഹ തനിക്ക് കേവലം കൂട്ട്പ്രതിയല്ല. സഹോദരനാണ്. അവന്റെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമാണ്. ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. ഇപ്പോഴത്തെ താത്കാലിക വേര്‍പിരിയല്‍ ഏറെ വേദന നിറയുന്നതാണെന്നും അലന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. താഹക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അലന്റെ പ്രതികരണം.

ജാമ്യം റദ്ദാക്കിയ ദുരന്തരം താഹ തന്നെയാണ് വിളിച്ചറിയിച്ചത്. അവന്‍ പണി സ്ഥലത്തും ഞാന്‍ കോളജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന്‍ തന്നെയാണ് കൊടുത്തത്.

ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവനായിരുന്നു തന്റെ കരുത്ത്. തന്റെ ജാമ്യം റദ്ദ് ചെയ്യാത്തതില്‍ സന്തോഷമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. ജീവിതം ഇനി എങ്ങനെ മുന്നോട്ട്‌കൊണ്ടുപോകണമെന്ന് അറിയില്ലെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest