പ്രവാസത്തിന്റെ നല്ല കാലം തിരിച്ചെത്തും

ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഏറ്റ ആഘാതങ്ങളുടെ ഗണത്തില്‍ ഒന്ന് മാത്രമായി ഗള്‍ഫിലെ പ്രതിസന്ധിയെ ചുരുക്കിക്കെട്ടുന്നതില്‍ അര്‍ഥമില്ല. പ്രവാസി മലയാളികളെ മുന്‍നിര്‍ത്തി അതിനെ സവിശേഷമായി കാണേണ്ടതുണ്ട്.
Posted on: January 5, 2021 4:01 am | Last updated: January 5, 2021 at 10:46 am

പ്രതിസന്ധികളില്‍ താളം തെറ്റിയും പ്രാരാബ്ധത്തിന്റെ കൂമ്പാരങ്ങളെ ചുമടേറ്റിയും തളര്‍ന്ന തലമുറയുടെ പ്രതീക്ഷാ നിര്‍ഭരത നിറഞ്ഞ ജീവിതാവസ്ഥയുടെ മറുത്തൊരു പേരാണ് മലയാളിക്ക് പ്രവാസം. കൊറോണാനന്തരം പ്രവാസം വീണ്ടും ഉണര്‍ന്നു തുടങ്ങിയോ എന്ന ചോദ്യത്തിന്, അടങ്ങാത്ത പ്രതീക്ഷ മങ്ങാത്തിടത്തോളം പ്രവാസം ഇതുവരെ ഉറങ്ങിയിട്ടില്ല എന്നു തന്നെയാകും ഉത്തരം. കാലം കൈവെള്ളയിലേക്ക് ചുരുങ്ങിയ ഒരു കാലഘട്ടത്തില്‍ ലോകം വീട്ടിലേക്ക് കയറിയിരുന്ന അഭിശപ്തതയുടെ പേരായി കൊറോണ മാറിയപ്പോഴും പ്രവാസി പ്രതീക്ഷയിലായിരുന്നു. ജോലിയും ഇടപാടും വിശ്രമവും ആരാധനയും എല്ലാം അകത്തായ കാലത്ത് പ്രവാസി അവന്റെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും രാജ്യത്ത് നിന്ന് പോലും പുറത്തായിരുന്നു. അപ്പോഴേ അവന്‍ പ്രവാസിയാകുന്നുള്ളൂ. തിരസ്‌കൃതരാകുന്ന പ്രവാസികള്‍ക്ക് രാഷ്ട്രീയപരവും ചരിത്രപരവുമായ ഭാഷ്യങ്ങള്‍ നിരവധിയുണ്ട്. സാമൂഹിക, കുടുംബപരമായ കാരണങ്ങളാല്‍ ഉറ്റവര്‍ക്ക് വേണ്ടാതായ പ്രവാസികളെയും നമുക്കറിയാം. എവിടെയും വരുമാനവും പണവും പ്രധാന ഘടകമാണെങ്കില്‍ പോലും പ്രവാസം ഇത്രമാത്രം തിരസ്‌കൃതമാക്കപ്പെടുന്ന അവസ്ഥ ഇതിനു മുമ്പ് കൂടുതല്‍ ഉണ്ടാകാനിടയില്ല. അതും സംഭവിച്ചു എന്നതാണ് കൊറോണയുടെ പരിണതി.

എന്നാല്‍ വലിയ കൗതുകം അതല്ല. പ്രവാസത്തിന് ആകെ ഒരൊറ്റ തടിയും അത് കഴിയുന്നത് ഒരു വലിയ കട്ടിലിലും ആണെന്നാണ് പലരും കരുതിയിട്ടുള്ളത്. അത്രമാത്രം മുന്‍വിധിയോടെയും ഏകമാന സ്വഭാവത്തോടെയുമാണ് സകല പ്രവാസ ചര്‍ച്ചകളും വിചാരങ്ങളും പുരോഗമിക്കുന്നത്. പ്രവാസം തിരിച്ചു നടത്തം തുടങ്ങിയോ എന്നതായിരുന്നു ഇത്തരം കവലയില്‍ തേരാപാരാ കറങ്ങിയിരുന്ന ഒരു പ്രധാന ചോദ്യം. ഇപ്പോഴിതാ പ്രവാസം വീണ്ടും ഉണര്‍ന്നു തുടങ്ങിയോ എന്ന് അറിയാനുള്ള വെമ്പലില്‍ വിശകലനങ്ങള്‍ നടക്കുന്നു. ഒരു പ്രതിഭാസത്തിനും സ്ഥായിയായ ഒരു ഭാവമില്ല എന്ന അടിസ്ഥാന തത്വത്തില്‍ പ്രവാസത്തെയും കാണാമെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോള്‍ മാത്രമാണ് പ്രവാസം തിരിച്ചു നടന്നിട്ടുണ്ട്, അതേ ഊക്കില്‍ മറിച്ചും ഓടുന്നുണ്ട് എന്ന യാഥാര്‍ഥ്യ ബോധ്യത്തിലേക്ക് നാമെത്തുകയുള്ളൂ.
ഇതൊക്കെ പറയുമ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഏറ്റ ആഘാതങ്ങളുടെ ഗണത്തില്‍ ഒന്ന് മാത്രമായി ഗള്‍ഫിലെ പ്രതിസന്ധിയെ ചുരുക്കിക്കെട്ടുന്നതില്‍ അര്‍ഥമില്ല. പ്രവാസി മലയാളികളെ മുന്‍നിര്‍ത്തി അതിനെ സവിശേഷമായി കാണേണ്ടതുണ്ട്.

കൊറോണയെ പ്രവാസികള്‍ അതിജീവിച്ചുവോ എന്ന ചോദ്യത്തെ കിഴിശ്ശേരിയിലെ ഫായിസിന്റെ അതേ സ്പിരിറ്റില്‍ എടുത്താല്‍ മതിയാകും. ചേലോര് അതിജീവിച്ചിട്ടുണ്ട്. പലോരും പരീക്ഷണ ഘട്ടം പിന്നിട്ടപ്പോഴാണല്ലോ ജനിതകമാറ്റം സംഭവിച്ച വകഭേദത്തിന്റെ ഉദയം. വ്യാപന സാന്ദ്രതാ പഠനം തുടരുന്നതിനാല്‍ ഒരു കൃത്യമായ പ്രവചനം സാധ്യമല്ലെങ്കിലും ലോക്ക്ഡൗണ്‍ ഉള്‍പ്പടെ എല്ലാം ആവര്‍ത്തിക്കാന്‍ പോകുന്നു എന്ന ഭീതിയില്‍ കഴിഞ്ഞു ജനങ്ങള്‍. എന്നാല്‍ അതത്ര ബാധിക്കാതെ പര്യവസാനിച്ചതിന്റെ സമാധാനത്തിലാണ് ലോകം. എന്നാല്‍ സഊദി, ഒമാന്‍, കുവൈത്ത് തുടങ്ങി മൂന്ന് രാജ്യങ്ങളും എല്ലാ അതിര്‍ത്തികളും പിന്നെയും അടച്ചു. രാജ്യാന്തര വിമാനങ്ങള്‍ നിലച്ചു. എല്ലാം അവസാനിച്ച് ഒരു പുതുവര്‍ഷം നന്നായി പുലരട്ടെ എന്നഭിലഷിച്ച പ്രവാസിയുടെ തലയിലെ ഇടിത്തീ ആയിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ഭാഗ്യം കൊണ്ട് യാത്രാവിലക്കുകള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നില്ല. പ്രതിബന്ധങ്ങളെ തരണം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍ രണ്ട് വട്ടം ഉണര്‍ന്നപ്പോഴും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ട് വരാന്‍ ഇതുവരെയും വഴി തെളിഞ്ഞിട്ടല്ല എന്നതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
എപ്പോഴും പ്രവാസിയെ മുന്നോട്ട് നയിച്ചിരുന്നത് അവന്റെ ആഗ്രഹങ്ങളായിരുന്നു. അവനിലുള്ള പ്രതീക്ഷയാണ് കൂട്ടുകുടുംബത്തെ ഒറ്റക്ക് നാട്ടിലും പിടിച്ചിരുത്തിയിരുന്നത്. മടങ്ങിപ്പോകാനുള്ള ഇടമുണ്ടെന്ന തോന്നലും വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലൊരിക്കലോ കൂടണയാനുള്ള ഒരുക്കവും പോക്കും മടക്കവുമില്ലങ്കില്‍ പിന്നെ പ്രവാസമില്ല. ഈ ചാക്രികതക്കിടയില്‍ നെയ്തുണ്ടാക്കുന്ന മോഹങ്ങളുടെ നിറവും നിറവേറ്റിയ ആഗ്രഹങ്ങളുടെ കനവും നേടാനുള്ളവ നല്‍കുന്ന പ്രചോദനവും തന്നെയാണ് പ്രവാസിയുടെ ഊര്‍ജം. അവ ഓരോ വകഭേദങ്ങള്‍ക്ക് നടുവിലും തുടരും.
തൊഴിലന്വേഷകരെപ്പോലെ വലഞ്ഞവരാണ് അവധിക്കാലം കുടുംബത്തോടൊപ്പം ചെലവിടാന്‍ കാത്തിരുന്ന് നടക്കാതെ പോയ ഗള്‍ഫിലെ കുടുംബങ്ങളും കുട്ടികളും. വ്യവസ്ഥാപിത മേഖലകളിലല്ലാതെ അന്നന്നത്തെ വരുമാനത്തിന് പണിയെടുത്ത് ജീവിതം കെട്ടിപ്പടുക്കുന്ന ധാരാളം പേരുണ്ട് ഗള്‍ഫില്‍. ഇവരെയും നന്നായി ഉലച്ചു കളഞ്ഞ കാലമാണ് കഴിഞ്ഞു പോയത്. ചെറുകിട തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തുകയോ സ്വയം സംരംഭത്തില്‍ ഏര്‍പ്പെടുകയോ ചെയ്തവരാണ് ആദ്യം കുടുങ്ങിയത്. കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ പിരിച്ചുവിടപ്പെട്ടവരോ അതിന്റെ ഭീതിയില്‍ കഴിയുന്നവരോ ആണ്. അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും കെടുതി അനുഭവിക്കുന്നവര്‍ ഭാവിയോര്‍ത്താണ് കിട്ടുന്ന ശമ്പളം വെട്ടിക്കുറക്കുമ്പോഴോ തീരെ കിട്ടാതാകുമ്പോഴോ പഴയ പോലെ അസ്വസ്ഥത പ്രകടിപ്പിക്കാതെ സ്വീകരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധിയാണ് പ്രവാസത്തിന്റെ ആക്കം കൂട്ടിയതും പ്രവാസിയെ ആകര്‍ഷിച്ചതും. അതില്ലാതാകുന്നതോടെ സമ്പാദ്യം ആഗ്രഹിച്ചുള്ള അവന്റെ വരവിന് മങ്ങലേല്‍ക്കുമെന്നതില്‍ സംശയമില്ല. സ്വന്തം നാടിന്റെ വിലയറിയാന്‍ ഒരിക്കലെങ്കിലും പ്രവാസിയാകണം എന്നാണ് പ്രയോഗം. നേരേ ചൊവ്വെ പറഞ്ഞാല്‍ നാടിന്റെയും വീടിന്റെയും വിലയറിഞ്ഞവനാണ് പ്രവാസി.
ഒരു പകര്‍ച്ചവ്യാധി ഉണ്ടായി മാറിയതിന്റെ ആന്റിബോഡി പ്രവാസിയുടെ ശരീരത്തില്‍ മാത്രമല്ല, അവന്റെ മനസ്സിലും ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അവന്റെ ഭാവിയെ കുറിച്ചോ നാട്ടില്‍ ചെലവഴിക്കേണ്ട തുകയെ കുറിച്ചോ സ്വപ്‌നതുല്യമായ പ്രതീക്ഷകള്‍ ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നില്ല. വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും കൂടി ഈ ബോധം അറിയാതെ ഉള്ളില്‍ കടന്നുകൂടിയിട്ടുണ്ട്. അവരുടെ അവശ്യ പട്ടികക്കും ഇനി അധിക നീളമുണ്ടാകില്ല എന്നതാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം യാഥാര്‍ഥ്യ ബോധത്തിലേക്ക് എത്തുന്ന സമൂഹത്തിന് ശമ്പളം വെട്ടിക്കുറക്കല്‍ ഒരു അധിക ആഘാതമാകാതെ ഉള്‍ക്കൊള്ളാന്‍ കഴിയും. ജോലി നഷ്ടപ്പെട്ടവര്‍, ഒരുവേള ആ അവസ്ഥയില്‍ തുടരേണ്ടി വരുന്നത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്റ്റാറ്റസ്‌കോ നിലനിര്‍ത്തേണ്ടതില്ലേ എന്ന വിചാരം കൊണ്ടാണ്. അങ്ങനെ അവനെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് പലരും.

ALSO READ  'ജമാഅത്വ’യും യു ഡി എഫും

നിലവിലെ അവസ്ഥയോട് താദാത്മ്യപ്പെടുന്ന ഉണര്‍വ് കൊറോണക്ക് സമ്മാനിക്കാന്‍ കഴിയും. വൈദഗ്ധ്യത്തിനും ജീവിത നിലവാരത്തിനും യോജിച്ച ജോലി എന്ന പരികൽപ്പനകളില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരും എന്നൊക്കെ തന്നെയാണ് വിലയിരുത്തുന്നത്.
ചുരുക്കത്തില്‍ ആധുനിക പ്രവാസം ആരംഭിച്ച കാലത്തെ ചില അവസ്ഥാന്തരങ്ങളിലേക്ക് പ്രവാസി ഒന്ന് കൂടി തിരിച്ചു പോയി എന്നതാണ് കൊറോണ കാലത്ത് സംഭവിച്ചത്. വിചാരിച്ച സമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ വന്നു. ബന്ധം പുലര്‍ത്താന്‍ കഴിയാനാകാത്ത അവസ്ഥയുണ്ടായി. ആഘോഷങ്ങളും വിശേഷങ്ങളും ജനനവും മരണങ്ങളും എല്ലാം അവനെ കാത്തു നില്‍ക്കാതെ കടന്നുപോയി. ജോലിയില്‍ അസ്ഥിരതയും ജീവിതത്തില്‍ ഒറ്റപ്പെടലും അരക്ഷിതത്വവും ഉണ്ടാക്കി. ഇതൊരു ആവര്‍ത്തനം മാത്രമാണ്. ഇത്തരം ചാക്രികത ഇനിയും സംഭവിക്കും. അതിനിടക്ക് പ്രവാസത്തിന്റെ നല്ല കാലമെന്ന് വിശേഷിപ്പിക്കുന്ന സാഹചര്യം പൂര്‍വാധികം പ്രതാപത്തോടെ തിരിച്ചെത്തും. എന്നാല്‍ അതും മറ്റൊരു ഘട്ടം വരെ മാത്രം എന്നതാണ് യാഥാര്‍ഥ്യം. അതിനിടയില്‍ വല്ലാതെ നീണ്ട ഒരു ഇടവേളയുണ്ടാകട്ടെ എന്ന് അഭിലഷിച്ച് പ്രവാസി പിന്നെയും ജീവിതം ആഞ്ഞു തുഴയും.

ലുഖ്മാന്‍ വിളത്തൂര്‍